തിരുവനന്തപുരം,:- തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പരിപാടിയിലാണ് പോക്സോ കേസ് പ്രതിയായ വ്ളോഗർ മുകേഷ് എം നായർ പങ്കെടുത്തത്. സംഭവത്തിൽ ഫോർട്ട് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ടിഎസ് പ്രദീപ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹെഡ്മാസ്റ്റർക്ക് ജാഗ്രതക്കുറവ് ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.
പടിഞ്ഞാറേക്കോട്ടയിലെ ഗവ.ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത മുകേഷ് എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മൊമന്റോ സമ്മാനിക്കുകയും പ്രസംഗിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
കോവളം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മുകേഷ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇഷ്ടമില്ലാത്ത വേഷം നിർബന്ധിച്ച് ധരിപ്പിച്ചെന്നും ഷൂട്ടിങ്ങിനിടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും അര്‍ധനഗ്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടത്തിയതിന് മുൻപ് എക്സൈസും മുകേഷിനെതിരെ കേസ് എടുത്തിരുന്നു.



