വാട്സാപ്പിന്റെ പ്രവര്‍ത്തനത്തെ അടിമുടി മാറ്റും വിധമുള്ള ഒരു പുതിയ അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മെറ്റ. ഫോണ്‍ നമ്പറുകളുമായി ബന്ധിപ്പിച്ചായിരുന്നു ഇത്രയും നാള് വാട്സാപ്പിന്റെ പ്രവര്‍ത്തനം. ഈ ഫോണ്‍നമ്പറുകള്‍ നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും ഗ്രൂപ്പ് അംഗങ്ങള്‍ക്കുമെല്ലാം കാണാനും സാധിക്കും.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കള്‍ക്ക് പ്രത്യേകം യൂസര്‍ നെയിമുകള്‍ അവരുടെ പ്രൊഫൈലുമായി ബന്ധിപ്പിക്കാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്സാപ്പ് ശ്രമിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവരെ കാണിക്കാതെ തന്നെ ചാറ്റ് ചെയ്യാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. യഥാര്‍ത്ഥത്തില്‍ വാട്സാപ്പിന്റെ എതിരാളിയായ ടെലഗ്രാമില്‍ നേരത്തെ തന്നെ യൂസര്‍ നെയിം സംവിധാനമുണ്ട്. തുടക്കത്തില്‍ വാട്സാപ്പ് വെബ് ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുക.
ഫേസ്ബുക്ക്, എക്സ്, ടെലഗ്രാം, യൂട്യൂബ് ഉള്‍പ്പടെ മറ്റ് വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള യൂസര്‍നെയിമുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇതിന് സമാനമായാണ് വാട്സാപ്പിലും ഈ സൗകര്യം ഒരുക്കുന്നത്. ഒരാള്‍ ഉപയോഗിച്ച യൂസര്‍നെയിം മറ്റൊരാള്‍ക്ക് ഉപയോഗിക്കാനാവില്ല.
അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന് ലഭ്യമായ യൂസര്‍നെയിം തിരഞ്ഞെടുക്കാനാവും. ഈ യൂസര്‍നെയിം ആണ് ഉപഭോക്താവിനെ തിരിച്ചറിയുന്നതിനായി ഉപയോഗിക്കുക. ഫോണ്‍ നമ്പര്‍ മറ്റുള്ളവരുമായി പങ്കുവെക്കാതെ സ്വകാര്യത ഉറപ്പുവരുത്താന്‍ ഇത് സഹായിക്കും.
നിങ്ങള്‍ക്ക് യൂസര്‍നെയിം ഉണ്ടെങ്കിലും നിങ്ങളുടെ കോണ്ടാക്റ്റ് നമ്പര്‍ നേരത്തെ തന്നെ കൈവശമുള്ളവര്‍ക്ക് അതുവഴി നിങ്ങളെ വാട്സാപ്പില്‍ ബന്ധപ്പെടാനാവും.അതായത് മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പറോ യൂസര്‍നെയിമോ ഉപയോഗിച്ച് വാട്സാപ്പില്‍ നിങ്ങള്‍ക്ക് സന്ദേശമയക്കാനാവും.
നിര്‍മാണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ എന്ന് നിലവില്‍ വരുമെന്ന് വ്യക്തമല്ല. വിവിധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയുള്ളൂ.