Monday, December 9, 2024
Homeസ്പെഷ്യൽവാക്കിന്റെ രാജപാത (25) ✍ സരസൻ എടവനക്കാട്

വാക്കിന്റെ രാജപാത (25) ✍ സരസൻ എടവനക്കാട്

സരസൻ എടവനക്കാട്

ഉച്ചാരണത്തിലും അർത്ഥത്തിലും വ്യത്യസ്തത പുലർത്തുന്ന ചില പദങ്ങൾ ഒരേ ഉച്ചാരണത്തിലും ഒരേ അർത്ഥത്തിലും പ്രയോഗിച്ചു പോകാറുണ്ട്..

സർവ്വഥാ
‘എല്ലാ തരത്തിലും ‘

സർവ്വദാ ‘എല്ലായ്പ്പോഴും ‘

എന്നിവ ഇത്തരത്തിൽ പടലത്തെറ്റൽ വന്നു പെടാറുള്ളത് ചിലർ ശ്രദ്ധിച്ചിരിക്കും.

ലബ്ധി,അബ്ധി,അംബുധി, എന്നിവ ‘ ദ ‘ ചേർത്ത് സേവിച്ചീടിൽ അർത്ഥപോഷണത്തിനു ദഹനക്കേട് വരുമെന്നു പ്രത്യേകിച്ച് പറയേണ്ടതില്ല.

കഥയെ ‘കദ’ യാക്കുന്നതും പതിവാണ്.
രാഘവനെ ‘രാഗവ’നാക്കുന്നതിൽ അജ്ഞതയൊ ഊന്നൽ കൊടുക്കാനുള്ള മടിയോ കാണാം.

” കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തിൽ
ആനന്ദലബ്ധിക്കിനിയെന്തു വേണം ?”

എന്നു മഹാകവി വള്ളത്തോൾ നാരായണ മേനോൻ എഴുതിയത് മേമ്പൊടിയൊന്നും കൂടാതെ സേവിച്ചാൽ ‘ കദ’ ‘രാഗവാ’സ്കിതകൾ മാറിക്കിട്ടും. മാത്രമല്ല പില്ക്കാലത്തെ ഒരു കവി തുഞ്ചത്തെ ആചാര്യനു കൊടുത്തിട്ടുള്ള നിസ്സർഗ്ഗ സ്തുതി എന്ന സർട്ടിഫിക്കറ്റും ലഭിക്കും !

” we are aware that individuals speak with differeing degrees of authority, that words are loaded with unequal weights
, depending on
who utters them and how they are said.”
എന്ന് ജോൺ ബി തോംസൻ
പറഞ്ഞത് കഥയെ കദയാക്കുന്ന പോലെ ഇംഗ്ലീഷ് വികലമാക്കുന്നവരെ കണ്ടിട്ടാണല്ലൊ.

അവ്യവസ്ഥയിൽ വ്യവസ്ഥയുണ്ടാക്കി ഭാഷയെ സംസ്കരിക്കുന്നതിനാണ് വ്യാകരണം ശ്രമിക്കുന്നത്.

അർജ്ജുനപ്പത്ത് ?

“ഹലോ…”

“എന്താ?”

“ഇവിടെ എന്ത് ഇടിവെട്ടാന്നൊ ? അവിടെണ്ടോ ?”

“ഉണ്ടോന്നോ ? അവിടത്തെ പോലെ ഇവിടെയും ”

“അയ്യൊ !പേടിയാകുന്നു
ഇവിടെ ഞാൻ തനിച്ചാണ്. ”

“പേടി മാറാൻ അർജ്ജുനപ്പത്തു ചൊല്ലിയാൽ മതി.”

“അർജ്ജുനപ്പത്തൊ, അതെന്താ?”

“അർജ്ജുനൻ,ഫൽഗുനൻ……”

“ഇതു ചൊല്ലിയാൽ പേടി മാറ്വോ!!!”

“മാറുമെന്നു മാത്രമല്ല, ഇടിവെട്ട് ഏൽക്കുകയുമില്ല.”

“സത്യം?”

” പരീക്ഷിച്ചിട്ടുള്ളവർക്കു മാത്രമല്ല,അവർ ഇരുന്നു ജപിക്കുന്ന കെട്ടിടങ്ങൾക്കും ഇടിവെട്ട് ഏറ്റിട്ടേയില്ല !”

” നേരോ ?”
” ഫോൺ കട്ടു ചെയ്യുകയാണ്.ഇടിവെട്ടു
കഴിയും വരെ അർജ്ജുനപ്പത്തു ജയിക്കട്ടെ…. ജപിക്കട്ടെ….”
അർജ്ജുനൻ… ഫൽഗുനൻ….

അർജ്ജുനന്റെ പത്തു പര്യായമാണ് ( പര്യായങ്ങൾ ×) സൂചിതം.

ലത ലൂത .

ലത വള്ളിയും ലൂത എട്ടുകാലി വലയുമാണ്.ലത നേർത്തു നേർത്ത് വരുമ്പോൾ ലൂത !!

കുലം വംശവും
കൂലം തീരവുമാണ്.

ദുകൂലമാകട്ടെ
പട്ടും.

ഹരം രസവും
ഹാരം മാലയും .

മഹാകവി കുമാരനാശാൻ
‘ വീണപൂവിൽ,

” ആഹാ ! രചിച്ചു ചെറു ലൂതകളാശു നിൻെറ
ദേഹത്തിനേകി ചരമാവരണം ദുകൂലം
സ്നേഹാർദ്രമായുഷസ്സുമണിഞ്ഞു നിന്മേൽ
നീഹാരശീകരമനോഹരമന്ത്യഹാരം”

എന്ന്
ഒരു അന്ത്യയാത്രോപചാരം പൂവിന് അർപ്പിക്കുന്നുണ്ട്.

ആരോരുമില്ലാത്ത പൂവിനെ പ്രകൃതി നേർത്തു മിന്നിത്തിളങ്ങുന്ന ദുകൂലം പുതപ്പിച്ചു ! ഉഷസ്സ് മഞ്ഞു തുള്ളികൾ കൊരുത്ത ഹാരവും നൽകി രാജകീയമായിത്തന്നെ യാത്രയാക്കി !!!!!!!

ഹാ !!!! ഹാ !!!!!

അലങ്കാരം.
അലം കരോതി ഇതി അലങ്കാര: ( ഇതി സംസ്കൃത:)

അലങ്കരിക്കാൻ ഉപയോഗിക്കുന്നതൊക്കെ അലങ്കാരമാണ്.

ശരീരത്തിനു പൗഡർ,കണ്ണെഴുത്ത്,പൊട്ട്,ചുണ്ടുവര,താടി,മീശ എന്നപോൽ കാവ്യ ശരീരത്തെ അലങ്കരിക്കാൻ ഉപയോഗിക്കുന്നതൊക്കെ അലങ്കാരം തന്നെ.
ഉപമ,ഉൽപ്രേക്ഷ,തുടങ്ങിയ അർത്ഥാലങ്കാരങ്ങൾ,പ്രാസം,യമകം, ശ്ലേഷം മുതലായ ശബ്ദാലങ്കാരങ്ങൾ….

ആവിഷ്കരിക്കുന്ന രസത്തെ പോഷിപ്പിക്കാൻ പര്യാപ്തമായവ മാത്രമേ അലങ്കാരധർമ്മം നിറവേറ്റുകയുള്ളുവെന്ന് പ്രാചീന ആലങ്കാരികന്മാർ വ്യക്തമാക്കിയിട്ടുണ്ട്.

” ഏന്റ പിടിത്താള് കണ്ടപ്പ തമ്പിരാൻ
പമ്പരം പോലങ്ങു കണ്ണുരുട്ടി”

കൊയ്ത്തു കഴിഞ്ഞ് പിടിത്താളുമായി കയറിവന്ന
പെണ്ണാളെ കണ്ട തമ്പുരാന്റെ പ്രതികരണം സുവ്യക്തമാക്കുന്ന ഉപമാലങ്കാരം.ജന്മിത്താധികാരവും ഇവിടെ ധ്വനിപ്പിക്കുന്നുണ്ട്.നല്ല അലങ്കാരത്തിൻെറ pass mark ആവഹിക്കുന്ന നാടൻ ശീല്.

പ്രതികരണം?

ഒരു കാര്യത്തോട് നാം കൈക്കൊള്ളുന്ന അവസ്ഥയാണ് പ്രതികരണം എന്ന് ലളിതമായി പറയാം.

ചുറ്റുപാട് എന്തുമായിക്കൊള്ളട്ടെ ,പ്രകോപനം എന്തുമായിക്കൊള്ളട്ടെ,അതിനോട് നമ്മുടെ പ്രതികരണം അനുസരിച്ചാണ് ജീവിത
ഗതിവിഗതികൾ.ഇതിൽ അന്തർനിഹിതമായ മനശ്ശാസ്ത്രമുണ്ട്.

ഇതു തന്നെയാണ് മന: ശാസ്ത്രം!!!!!!!!! !!!!!!!! !!!!!!!

“you are what you think”
എന്ന് Watson പറയുന്നതും
മേല്പറഞ്ഞതും ഒന്നു തന്നെയല്ലേ????

സരസൻ എടവനക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments