Sunday, December 8, 2024
Homeസ്പെഷ്യൽശുഭചിന്ത - (98) പ്രകാശഗോപുരങ്ങൾ - (74) 'കുടുംബം'

ശുഭചിന്ത – (98) പ്രകാശഗോപുരങ്ങൾ – (74) ‘കുടുംബം’

പി. എം.എൻ.നമ്പൂതിരി.

എൻ്റെ കേരളം! കേരളം എൻ്റെ നാട് ! ദൈവത്തിൻ്റെ സ്വന്തം നാട് !ഇതെല്ലാം പറഞ്ഞ് നാം പണ്ട് അഭിമാനം കൊള്ളാറുണ്ട്. പണ്ട് കേരളം നദികളും കായലുകളും പച്ചപരത്തുന്ന വൃക്ഷലതാദികളും നെൽവയലുകളും ക്ഷേത്രക്കുളങ്ങളും സർപ്പക്കാവുകളും ഒക്കെ ഉണ്ടായിരുന്ന നാടായിരുന്നു. അന്ന് ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നാം മുൻപന്തിയിലായിരുന്നു. എന്നാൽ ഇന്നോ? നാം എന്തിലെല്ലാം മുന്നിലാണ്? ഉപഭോഗസംസ്ക്കാരത്തിൽ, കുടുബതകർച്ചയിൽ, മദ്യപാനത്തിൽ, ആത്മഹത്യയിൽ….. അങ്ങനെ പലതിലും. വിവാഹ മോചനകേസുകൾ, സ്ത്രീപീഡനങ്ങൾ, ബന്ദുകൾ, ഹർത്താലുകൾ, കൊള്ളകൾ ഒക്കെ നിത്യസംഭവങ്ങളായി. പണത്തിൻ്റെ അതിപ്രസരം മാനുഷിക മുഖത്തിനു മങ്ങലേൽപ്പിക്കുന്നു!!

കുടുംബത്തകർച്ചയുടെ കൊടുങ്കാറ്റ് പടിഞ്ഞാറുനിന്നും ആഞ്ഞടിക്കുന്നു. വിവാഹമോചനത്തിനും രണ്ടാം വിവാഹത്തിനും ഇപ്പോൾ മാന്യത വന്നിരിക്കുകയാണ്. എല്ലാം എൻ്റെ വിധിയെന്നു പറഞ്ഞ് സമാശ്വസിക്കാൻ ഇന്നത്തെ യുവതലമുറ പ്രത്യേകിച്ച് യുവതികൾ തയ്യാറല്ല. അമ്മായിയമ്മപ്പോരിൻ്റെ കാലം കഴിഞ്ഞു. ഇന്നത്തെ യുവതികൾക്ക് വിദ്യാഭ്യാസവും ജോലിയും ലഭിച്ചതോടെ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നു. ഭാര്യയുടെ വരുമാനത്തെ സ്വാഗതം ചെയ്യുന്ന ഭർത്താവ് അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ മടിക്കുന്നു. അവർക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്യാനാവുന്നില്ല. ഉദ്യോഗത്തിലെ സംഘർഷങ്ങൾകൂടി വീട്ടിൽ കുടിയേറ്റുന്നു. സന്ധ്യയോടെ വീട്ടിൽ ഓടിക്കിതച്ചെത്തുന്ന ഇരുവർക്കും പങ്കുവെയ്ക്കുവാൻ സ്നേഹമോ സാന്ത്വനമോ ഉണ്ടാകുകയില്ല – ഉള്ളത് തലപുകച്ചിൽ മാത്രം. അതോടെ അവരുടെ ജീവിതം രണ്ടു ലോകങ്ങളിലാവുന്നു. അല്ലലറിയാതെ വളർന്നവർ, ജീവിതയാഥാർത്ഥ്യങ്ങൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ, കീഴടങ്ങാൻ രണ്ടു പേർക്കും മനസ്സുവരുന്നില്ല. ഭർത്താവിനുമുമ്പിൽ തോറ്റുകൊടുക്കുവാൻ ഭാര്യയും തയ്യാറാവാതെ വരുന്നു. ഭർത്താവാകട്ടെ, താനാണിപ്പോഴും ഭരണാധികാരി എന്ന സങ്കല്പത്തിൽ താഴോട്ടിറങ്ങാൻ മടിക്കുകയും ചെയ്യുന്നു. ഇതിൻ്റെയൊക്കെ ദുരന്തഫലം ഏറ്റുവാങ്ങാൻ ഒരു വിഭാഗം ഇന്നും സമൂഹത്തിൽ വളന്നുവരുന്നുണ്ട്. അതോടെ അച്ഛൻ്റെയും അമ്മയുടെയും സ്നേഹവും വാത്സല്യവും സംരക്ഷണവും നഷ്ടമാകുന്ന കുഞ്ഞുങ്ങൾ!  അങ്ങനെ ഈ തലമുറ, കളിയും ചിരിയും നഷ്ടപ്പെട്ട, സ്നേഹലാളനകൾ അനുഭവിക്കാത്ത സമൂഹത്തിൽ ഭീതിദമായ ഒരു പ്രതിഭാസമായി മാറുകയാണ്. ഭാര്യാ ഭർത്താക്കന്മാരുടെ ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങളിൽ ആദ്യം തന്നെ ഇടപ്പെട്ട് നേർവഴി നയിക്കാൻ കഴിവുണ്ടായിരുന്ന നരച്ച തലകൾക്ക് അണുകുടുംബത്തിൽ സ്ഥാനമില്ലാതെയായി. കുരുന്നിലേതന്നെ പല ജീവിതങ്ങളും മുരടിച്ചു പോകുകയാണ്. വീക്ഷണങ്ങൾ വികലമാകുന്നു. ലക്ഷ്യബോധം നഷ്ടമാകുന്നു. പടിഞ്ഞാറൻനാട്ടിലെപ്പോലെ ഇവിടേയും കുടുംബബന്ധം ബന്ധനമായി മാറുന്നു. കുട്ടികളെ വളർത്തുന്നതുപോലും അമ്മമാർ ഭാരമായി കരുതുന്നു. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു കളിച്ചുചിരിച്ചു നടക്കേണ്ട പിഞ്ചോമനകൾ രണ്ടര വയസ്സാകുമ്പോഴേക്കും ഡെകെയർ സെൻ്ററിലോ പ്ലേസ്കൂളിലോ പോകാൻ നിർബന്ധിതരാകുന്നു. സ്നേഹവാത്സല്യങ്ങൾ ലഭിക്കാതെ, നല്ല ആഹാരംപോലും കിട്ടാതെ, ശരിയായി ഒന്നുറങ്ങാൻപോലും കഴിയാതെ “അല്പം കൂടി ഞാനൊന്നുറങ്ങിക്കൊള്ളട്ടേ അമ്മേ! എന്ന് വിലപിക്കുന്ന ഓമനകളുടെ നൊമ്പരം ആരറിയാൻ?

ഒരുകാലത്ത് ഭൂമിയിലെ പറുദീസയായിരുന്നു ഭവനങ്ങൾ. പരസ്പര ആശ്രയത്തിൻ്റെയും ആശ്വാസത്തിൻ്റെയും അന്തരീക്ഷമാണ് കുടുംബങ്ങൾ നൽകിയിരുന്നത്. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽനിന്നാണ് നല്ല വ്യക്തികൾ വാർത്തെടുക്കപ്പെട്ടിരുന്നത്.

ലക്ഷങ്ങൾ മുടക്കി പണിത കോൺക്രീറ്റ് കെട്ടിടം, മുമ്പിൽ ഉദ്യാനം, പുല്ത്തകിടി, സ്വിമ്മിങ്ങ് പൂൾ ….. നാം അതിനെ വീടെന്നു വിളിക്കുന്നു. ചോട്ടിൽ അമ്മ, അച്ഛൻ, രണ്ടു മക്കൾ. അത്യന്താധുനിക സൗകര്യങ്ങൾ. ദിവസവും രണ്ടുതവണ മാറാൻ പകിട്ടാർന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ. വീട്ടിൽ റേഡിയോ, ടി.വി, ഫോൺ, എന്നു വേണ്ട എല്ലാ അത്യന്താധുനികമായ എല്ലാ സാധനങ്ങളും, മുറ്റത്ത് ഒന്നോ രണ്ടോ കാറുകൾ. സമൂഹത്തിൽ ഉന്നത പദവിയുള്ളവർ. പക്ഷെ കുടുംബത്തിൽ ആശയവിനിമയമില്ല. പരസ്പരമിണ്ടാട്ടമില്ല. അമ്മ തെക്കോട്ട്, അച്ഛൻ വടക്കോട്ട് ,മക്കൾ തെക്ക് വടക്ക് എന്നതാണ് നില. വെളിയിലിറങ്ങിയാലോ? പരസ്യചിത്രങ്ങളിലെ പാൽപുഞ്ചിരി! കുടുംബം എന്ന തത്ത്വത്തിൻ്റെ നേരിയ നിഴൽപോലും ഇവിടെ ഇല്ലാതായി. ഭ്രാന്തമായ, വഴിതെറ്റിയ പോക്ക്. ന്യുക്ലിയർ ഫാമിലി എന്നതിനേക്കാൾ സ്കൂട്ടർ ഫാമിലി എന്നു വിളിക്കുകയാവും കൂടുതൽ ശരി. ഏതു സമയത്തും മറിയാം. കൂട്ടിയിടിക്കാം. അണുബോംബുപോലെ പൊട്ടിത്തെറിക്കുകയും ചെയ്യാം. കുടുംബ തകർച്ചയും ഒറ്റപ്പെടലും അടിപൊളി ജീവിതത്തിനു വേണ്ടി ഒരുക്കുന്ന കടക്കെണിയും ആത്മഹത്യയിലേക്കു നയിക്കുന്നു. നമ്മുടെ പ്രബുദ്ധകേരളത്തിൽ ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്ന വസ്തുതകളാണിതൊക്കെയും.

കുടുംബാന്തരീക്ഷം ഇങ്ങനെയാവാൻ കാരണങ്ങളെന്തൊക്കെ? അടിസ്ഥാനപരമായി, ഈശ്വരചിന്തയ്ക്കും ഈശ്വരാരാധനയ്ക്കും ഭവനങ്ങളിൽ ഇന്ന് സ്ഥാനം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ് മുഖ്യമായത്. പണ്ട് ഏതു മതക്കാരായാലും സന്ധ്യാവേളയിൽ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു പ്രാർത്ഥിക്കുമായിരുന്നു. ധാർമ്മിക മൂല്യങ്ങൾക്കു വില കല്പിച്ചിരുന്നു. എന്നാൽ ഇന്ന് അതിന് കോട്ടം തട്ടിയിരിക്കുകയാണ്. സന്ധ്യാവേളയിൽ ടി.വി.സീരിയലുകൾ കാണാൻ വേണ്ടി പ്രാർത്ഥനയെ ഒഴിവാക്കുന്നു. പണ്ടു പറയാറുള്ളത് ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമയിൽ പുലരുമെന്നാണ്. ലോകം മുഴുവൻ നേടിയാലും സ്വന്തം കുടുംബം നഷ്ടമായാൽ എന്തു ഫലം? നമ്മുടെ ചിന്തകളിൽ വന്ന മാറ്റവും വികലമായ സങ്കല്പങ്ങളും പണത്തിൻ്റെ ആധിക്യവും ഉപഭോഗ സംസ്കാരത്തിൻ്റെ കടന്നുകയറ്റവും ഒക്കെ നമ്മെ മൂല്യച്യുതിയിൽ കൊണ്ടെത്തിച്ചു.

നല്ല വിദ്യാഭ്യാസമുള്ള ദമ്പതികൾ, നല്ല കുടുംബത്തിൽ പിറന്നവർ, നല്ല ആരോഗ്യമുള്ള ഭാര്യാഭർത്താക്കന്മാർ, നല്ല ജോലിയുള്ളവർ….. എല്ലാവരും അഞ്ചു വർഷങ്ങൾക്കു ശേഷം പറയും “മടുത്തു വയ്യ “. അതു പോലെ വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു. കുടുംബകോടതികളുടെ എണ്ണം കൂടുന്നു. വാസ്തവത്തിൽ വിവാഹത്തിൻ്റെ ഉദ്ദേശമെന്താണ്? വേദനയും സന്തോഷവും പങ്കുവെയ്ക്കാൻ ഒരു കൂട്ടാളിയെ കിട്ടാൻ, ഒരു സാന്ത്വനവാക്കു കേൾക്കാൻ, ഇണയും തുണയുമായി ജീവിച്ച് സൽസന്താനങ്ങളുടെ മാതാപിതാക്കളായി, കുടുംബം സ്വർഗ്ഗമാക്കി, ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ. ഈ ലക്ഷ്യബോധമൊക്കെ പണ്ടുണ്ടായിരുന്നു. ഇന്ന് എല്ലാം സാമ്പത്തികത്തിലൂടെ മാത്രം കാണുന്ന സ്ത്രീ പുരുഷന്മാർ. പുരുഷനെ ഭരിക്കുന്നത് ബുദ്ധിയാണെങ്കിൽ സ്ത്രീയെ ഭരിക്കുന്നത് ഹൃദയമാണ്. പുരുഷൻ ചിന്തിക്കുമ്പോൾ സ്ത്രീ വികാരത്തിനടിമയാകുന്നു. പുരുഷൻ്റെ ഹൃദയം വിശാലമാണ്. ഭാര്യ, മക്കൾ, സഹോദരർ, സ്നേഹിതർ…. എല്ലാവർക്കും സ്വഹൃദയത്തിൽ സ്ഥാനം നൽകുന്നു. എന്നാൽ സ്ത്രീക്കോ? ഭർത്താവിനും കുട്ടിക്കും മാത്രം. അപ്പോൾ പൊരുത്തത്തേക്കാൾ പൊരുത്തക്കേടുകൾ ഉണ്ടാവുക സ്വാഭാവികം മാത്രം.

അതുകൊണ്ട് കുടുംബത്തിലെ അംഗങ്ങൾ ദിവസവും പത്തു മിനിട്ടു നേരം ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കുന്നതിനൊടൊപ്പം കുടുംബ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്താൽ കുടുംബജീവിതം ആസ്വാദ്യകരമാക്കാൻ കഴിയും.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments