Saturday, December 7, 2024
Homeപുസ്തകങ്ങൾതകഴി ശിവശങ്കരൻ പിള്ളയും അദ്ദേഹത്തിന്റെ രണ്ടിടങ്ങഴി എന്ന നോവലിന്റെ ദാർശനീകതയും

തകഴി ശിവശങ്കരൻ പിള്ളയും അദ്ദേഹത്തിന്റെ രണ്ടിടങ്ങഴി എന്ന നോവലിന്റെ ദാർശനീകതയും

ശ്യാമള ഹരിദാസ് .

കുട്ടനാടിന്റെ കഥ പറയുന്ന തകഴി ശിവശങ്കരൻ പിള്ളയുടെ അതി മനോഹരമായ നോവലാണ് രണ്ടിടങ്ങഴി. ഊഷ്മളമായ സ്നേഹബന്ധങ്ങളുടെ ആഴങ്ങളെ കുറിച്ച് നോവലിൽ ചർച്ച ചെയ്യുന്നു.

പകലന്തിയോളം പാടങ്ങളിൽ പണിയെടുത്ത് കതിർക്കുടങ്ങൾ വിളയിപ്പിക്കുന്ന അവശരും മർദ്ദിതരുമായ കുട്ടനാട്ടിലെ കർഷക തൊഴിലാളികൾ വർഗ്ഗബോധത്തോടെ ഉയർന്നെഴുന്നേറ്റ് ചൂഷണത്തെ പരാജയപ്പെടുത്തുന്ന വീരോജ്വലവും വികാര നിർഭരവുമായ കഥയുടെ ഹൃദയാവർജകമായ ആവിഷ്ക്കാരമാണ് രണ്ടിടങ്ങഴി. ജീവനോപാധിയായിരുന്നില്ല ജീവിതചര്യയായിരുന്നു കുട്ടനാട്ടുകാർക്ക് കൃഷി എന്ന് തകഴി കാണിച്ചു തന്നു.

കുട്ടനാട്ടിലെ വൻകിട ജന്മിമാരുടേയും മുതലാളിമാരുടേയും അടിയാന്മാരായി ജീവിതം മുന്നോട്ടു നീക്കിയ പുലയന്മാരുടേയും പറയന്മാരുടേയും ജീവിതാനുഭവങ്ങളാണ് ഈ കഥയിലെ പ്രമേയം. ലോകത്തെ എല്ലാ പ്രശ്നങ്ങളേയും മനുഷ്യ സാമൂഹത്തിൽ പ്രശ്നമായി കണ്ട് തകഴി അതിനെ ആവിഷ്‌കരിച്ചിരിക്കുന്നു.

കഥാതന്തു :-
ഈ കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് ചിരുതയും കോരനും.
കാളി പുലയന്റെയും കുഞ്ഞാലിയുടേയും മകളാണ് ചിരുത. അവൾക്ക് വിവാഹാലോചനകൾ നടന്നുകൊണ്ടിരിക്കുന്ന സമയം. ആ നാട്ടിലുള്ള മറ്റു പെൺകുട്ടികളേ ക്കാൾ വളരെ സുന്ദരിയാണ് ചിരുത. മാത്രമല്ല വയലിലെ എല്ലാ പണിയും എടുക്കാനും അവൾക്കറിയാം. അവളെ വിവാഹം കഴിക്കാൻ പോകുന്ന ആളും പട്ടിണിയാകില്ല എന്നുറപ്പാണ്. ഇത് അവളുടെ അച്ഛന് നന്നായി അറിയാം. അതുകൊണ്ട് അവളെ ചോദിച്ചു വരുന്നവരോട് വിലപേശാൻ അയാൾ നന്നായി പഠിച്ചു.

ആ ഇടക്കാണ് വിവാഹാലോചനയുമായി കോരൻ വരുന്നത്. ഇരുപത്തഞ്ചു പറ നെല്ലും അമ്പതു രുപയും കൊടുത്താൽ മാത്രമേ അവളെ വിവാഹം കഴിച്ചുകൊടുക്കുകയുള്ളു എന്ന് അവളുടെ അച്ഛൻ കാളിപുലയൻ ഉറപ്പിച്ചു പറഞ്ഞു.

ആ തുക കൊടുക്കാൻ കോരന്റെ കയ്യിൽ ഇല്ലായിരുന്നു. കോരൻ കുറച്ചു സമയം ചോദിച്ചു. അപ്പോൾ കാളിപുലയൻ പറഞ്ഞു ഇതൊന്നും നടക്കത്തില്ല. ആരാണ് ആദ്യം ഞാൻ പറയുന്ന തുകയുമായി എത്തുക അവർക്കേ എന്റെ മകളെ കല്യാണം കഴിച്ചു കൊടുക്കു എന്ന് തീർത്തു പറഞ്ഞു.

അങ്ങിനെ പണം ഉണ്ടാക്കാനായി കോരൻ ജന്മിയായ പുഷ്പവേലിൻ ഔസേപ്പിന്റെ ഓണപ്പണിക്കാരനാകുന്നു. ജന്മിയുടെ നിലത്താണെങ്കിലും നിലം പാകപ്പെടുത്തി വളമിറക്കി വിത്തിറക്കി കൊയ്യാൻ പാകമാക്കി ഒടുവിൽ കൊയ്ത്തു നേരത്ത് ഒരു കറ്റ കള്ളു കുടിക്കാൻ വേണ്ടി എടുത്തപ്പോൾ ജന്മിയുടെ ആജ്ഞ നിമിത്തം കോരന് അത് തിരികെ വെയ്ക്കേണ്ടിവന്നു. അപ്പോഴാണ് ആ നടുക്കുന്ന യാഥാർഥ്യം കോരന് വെളിപ്പെടുന്നത്. അദ്ധ്വാനിക്കാൻ മാത്രം താനും ഫലമനുഭവിക്കാൻ ജന്മിയും ആണെന്ന കാര്യം. ആ തിരിച്ചറിവ് അവനെ തളർത്തി കളഞ്ഞു. അതിനുശേഷം അവൻ ഒരു ധിക്കാരിയായി മാറി. അത് അവനിൽ വളർന്നു വലുതായി. കൂലി നെല്ലായി കൊടുക്കാതെ പൂഴ്ത്തി വെച്ച ജന്മിയോട് നെല്ല് മതി എന്നു കയർത്തു.
രാത്രിയിൽ അധികവിലയ്ക്ക് കരിഞ്ചന്തയിൽ, തോണിയിൽ കടത്തുന്ന നെല്ലിൻ ചാക്കുകൾ പിടിക്കുന്നേ ടത്തേയ്ക്കും, ഒടുവിൽ തീർത്തും ഒരു പ്രക്ഷേപ കാരിയായി മാറുന്നിടത്തേയ്ക്കും വരെ അത് എത്തിക്കുന്നു.

ഇതിൽ കോരന്റെ കുടുംബ പശ്ചാത്തലം വളരെ പ്രധാനമുള്ളതാണ്. ഏറ്റവും വൃത്തിയായി നടക്കുന്ന പുലയി പെണ്ണിനെ വലയിട്ട് കാവൽ മാടങ്ങൾക്കരിക്കിലും ആളൊഴിഞ്ഞ ഇടവഴികളിലും, കുറ്റിക്കാടുകളിലും ഒക്കെ ഒളിഞ്ഞിരിക്കുന്ന ജന്മി പുത്രന്മാരിൽ നിന്നും രക്ഷപ്രാപിക്കാൻ വേണ്ടി ചിരുത “ഏന് ഒന്നു പെറണം” എന്ന് കോരനോട് പറയുന്ന രംഗം ഉണ്ട്. ഒന്നു പ്രസവിച്ച പെണ്ണുങ്ങളെ തമ്പ്രാക്കൾ നോക്കില്ലെന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു കൊടുക്കുന്നുണ്ട്. മാനം കാത്തു രക്ഷിക്കാൻ ഒരു കർഷകസ്ത്രീ ആക്കാലത്തു അനുഭവിക്കേണ്ടി വരുന്ന യാതനകളുടെ ആകെ തുക ഈ ഒറ്റ സംഭവത്തിലൂടെ കാണാം.

കോരന്റെ അന്തർ സംഘർഷത്തിൽ നിന്ന് ജന്മം കൊണ്ട വാചകങ്ങൾ, വീറുകളും ഈ യൂണിയനിൽ ചേർന്നാല് അതിനുവേണ്ടി നടന്നാലും വലിയ അപകടമൊക്കെ വരും. ചെലപ്പം ജോലി പോകും. അതൊക്കെ തീർച്ചപ്പെടുത്തി വരിക. തന്തേം, തള്ളേം, വേണ്ട പ്പെട്ടവരേയും പിണക്കി ഒരു പെണ്ണിനേം കൊണ്ടു പോന്നു. ആ ഒരു തെറ്റ് കാലിൽ ഒരു കെട്ടു വീണപോലെ തോന്നുന്നു. താൻ പുറപ്പെട്ടിരിക്കുന്ന വഴിക്ക് യാതൊരു തടസ്ഥവും പാടില്ലെന്ന് കോരന് നിർബന്ധമുണ്ടായിരുന്നു. സാമൂഹ്യമാറ്റങ്ങൾ ക്കു വേണ്ടിയുള്ള തന്റെ പ്രയത്നത്തിൽ ഭാര്യപോലും ഒരു തടസ്ഥമായി കോരന് തോന്നുന്നു. താനും അവളുമായുള്ള ഹൃദയ
ബന്ധംപോലും വിപ്ലവ പാതയിൽ ഒരു തടസ്സമായി അവന് തോന്നി പോകുന്നു.

“ഏൻ നിന്നെ കെട്ടണ്ടായിരുന്നു ” എന്നു പറയുന്നിടത്ത് കോരന്റെ മനോവേദന പൊട്ടിപ്പോകുന്നു.

പുഷ്പവേലിൻ ഔസപ്പിന്റെ ആറു പാടങ്ങളിലും വെള്ളം വറ്റി വിത്തിറക്കി കഴിഞ്ഞു. വേലക്കാർ തമ്മിൽ എന്നും വഴക്കാണ്. ആരുടെ കാവൽപ്പാടമാണ് വിതപ്പുറമെന്ന് അവർ തമ്മിൽ ഉന്തും തള്ളും വരെയായിട്ടുണ്ട്. ആറു പാടങ്ങളിലും വെച്ച് ഏറ്റവും നല്ല കൃഷി കോരന്റെ പാടമാണെന്ന് തലപുലയൻ വിധിയെഴുതി.

അന്ന് കോരന് ഉത്സവ ദിവസം ആയിരുന്നു. ആദ്യമായാണ് ഒരു പാടം കാവലേറ്റ് വേല അവൻ ചെയ്യുന്നത്. കൃഷിയിൽ തഴക്കവും വഴക്കവും പഴക്കവുമുള്ള വേലക്കാർ ഇരിക്കേ അവൻ ഒന്നാം സമ്മാനം നേടി. അന്നവൻ കണക്കറ്റം കുടിച്ചു. ആ പാടത്തിന്റെ അങ്ങകലെയുള്ള കോണിൽ നിന്നും മലയാളപ്പാട്ട് അർദ്ധരാത്രിയുടെ നിശബ്ദതയിൽ പരന്നൊഴുകി അപ്പുറത്തിത്തെ പാടത്തിന്റെ കാവൽക്കാരൻ പറയൻ അതേറ്റുപാടി.

ഇതിന്നിടയിൽ കോരന്റെ വൃദ്ധപിതാവ് അവനെ തേടി എത്തുകയും ശോഷിച്ചു ജീവനില്ലാത്ത അയാളെ കണ്ട് അവന്റെ ഹൃദയം കുറ്റബോധം കൊണ്ട് നീറുന്നു. ഒരു ദിവസം അവനില്ലാത്ത സമയം അവന്റെ പിതാവ് മരിക്കുന്നു. മകന്റെ കർത്തവ്യം നിർവ്വഹിക്കാൻ കഴിയാതിരുന്ന കോരൻ ആ പിതാവിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരയുന്നു. അവന്റെ അച്ഛനെ കുഴിച്ചിടാൻ സ്ഥലം കിട്ടാതേ വിഷമിച്ചിരിക്കുമ്പോൾ കോരൻ എഴുന്നേറ്റ് വള്ളത്തിൽ കയറി ഒരു വലിയ അതിർത്തി കല്ലുമായ് മടങ്ങിയെത്തി. ഒരു പായ്‌ കൊണ്ട് ശവം മൂ ടി കെട്ടി കല്ലുമായ് ശവത്തെ മുടികെട്ടി വള്ളത്തിൽ തള്ളി കയറ്റി. ആറ്റിനു നടുക്കിലെത്തിയ വള്ളത്തിൽ നിന്നും പത്രോസും കോരനും കൂടി ആ ഭാരം പൊക്കി എടുത്ത് വെള്ളത്തിലിട്ടു. അത് താണ് മൂന്നുനാലു കുമിളകൾ പൊങ്ങിപ്പൊട്ടി. അങ്ങിനെ ആറടി മണ്ണു പോലും കിട്ടാതെ ആ സേവന ചരിത്രം അവസാനിച്ചു.

പാവപ്പെട്ട പറയനോടും പുലയനോടും ചെയ്യുന്ന അഴിമതികളെ കുറിച്ച്
അവൻ ആവേശത്തോടെ വിവരിക്കുമ്പോൾ ചിരുതയുടെ രക്തം ചൂടു പിടിക്കാറുണ്ട്. ആ അഴിമതികൾ അവസാനിക്കണമെന്ന് അവൾ ആഗ്രഹിക്കുമ്പോൾ അവനറിയാത്ത നിരവധി അഴിമതികളെ കുറിച്ച് അവനെ അറിയിപ്പിക്കണമെന്ന് അവൾക്ക് തോന്നിയിരുന്നു.

പറയനും പുലയനും അറിയാതെ ഇരുളിൻ കളങ്ങളിലെ കച്ചിക്കൂന കൾക്കിടയിലും പാടത്തിന്റെ വായ്പനെല്ലിന്റെ ഇടയിലുള്ള വരമ്പുകളിലും വെച്ചു നടക്കുന്ന അഴിമതികൾ. അതിന്നടിമപ്പെട്ടു ഞരങ്ങി ഞരങ്ങി എത്ര സ്ത്രീകളുടെ ആത്മാവ് നശിക്കുന്നുണ്ട്. അതാരും അറിയുന്നില്ല. ആ ഞരക്കം ലോകത്തിലെ മനസാക്ഷിയുടെ ചെവിയിലെത്തിച്ചില്ലെങ്കിൽ……..

ജയിലിൽ പോയ കോരൻ ചിരുതയെ നോക്കാൻ ചാത്തനെ ഏല്പിക്കുന്നു. സഹോദരി സഹോദരൻമാരെ പോലെ ചിരുതയുടെ രക്ഷകനായി ചാത്തൻ അവിടെ താമസിക്കുന്നു.

കോരൻ ജയിലിൽ നിന്നും വന്നപ്പോൾ ചാത്തൻ കോരന്റെ കുട്ടിയായ വെളുത്തയേ യും ചിരുതയേയും കോരന്റെ കയ്യിൽ ഏല്പിക്കുന്നു. അപ്പോൾ അവൻ കോരനോട് പറയുന്നു, ഞങ്ങൾ ആങ്ങളയും പെങ്ങളും ആയിരുന്നു. ചിരുത കോരന്റെ ശരീരത്തിലേക്ക് തളർന്നു വീണു. ആ സമയം മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. “വിപ്ലവം ജയിക്കട്ടെ….. യൂണിയൻ ജയിക്കട്ടെ.”

വെളുത്ത അവന്റെ കൊച്ചു കൈ ചുരുട്ടി ഉയർത്തികൊണ്ട് വിളിച്ചു പറഞ്ഞു, കൃഷി ഭൂമി കർഷകർക്ക്…… അതോടെ നോവൽ അവസാനിക്കുന്നു.

ബഹുമതികൾ :-

ചെമ്മീൻ എന്ന നോവലിന് ഇന്ത്യൻ സിവിലയൻ ബഹുമതിയായ പത്മഭൂഷൻ നേടിയിട്ടുണ്ട്. കയർ എന്ന നോവലിന് ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്‌ക്കാരമായ ജ്ഞാനപീഠ പുരസ്‌കാരം നേടി. ചെമ്മീൻന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ജവഹർലാൽ നെഹ്‌റുവിൽ നിന്നും ചെമ്മീൻ ന് ദേശീയപുരസ്‌കാരം ലഭിച്ചു. സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ്, ജ്ഞാനപീഠം അവാർഡ് എന്നിവയും 1958ൽ ചെമ്മീൻ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും, ഏണിപ്പടികൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും, 1985ൽ പത്മഭൂഷൻ ബഹുമതി ലഭിച്ചു.

 ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments