Sunday, December 7, 2025
Homeഅമേരിക്കഅക്ഷരങ്ങളെ വെളിച്ചമാക്കിയ എഴുത്തുകാരിയിലൂടെ.. ✍രവി കൊമ്മേരി,യുഎഇ

അക്ഷരങ്ങളെ വെളിച്ചമാക്കിയ എഴുത്തുകാരിയിലൂടെ.. ✍രവി കൊമ്മേരി,യുഎഇ

ഷാർജ: അക്ഷരങ്ങൾ അറിവാണ്, അറിവ് വെളിച്ചമാണ്. അക്ഷരങ്ങളിലൂടെ നേടുകയും നേട്ടങ്ങളെ തൻ്റെ കാഴ്ച്ചകളാക്കുകയും ചെയ്യുന്ന എഴുത്തുകാരി, ശ്രീമതി സുജ പാറുക്കണ്ണിൽ. നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ എന്ന വിശാലമായ ചിന്തയിൽ നടക്കുന്ന നാൽപ്പത്തി നാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ശ്രദ്ധേയമായി.

ചെറുപ്പം മുതൽക്കേ എഴുത്തിൻ്റെ ലോകത്തിലൂടെ നടന്നുനീങ്ങിയ സുജ കവിതയായും കഥകളായും ലേഖനങ്ങളായും നിരവധി രചനകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഈ അടുത്ത കാലത്താണ് അവർ തൻ്റെ രചനകൾ പുസ്തക രൂപത്തിലേക്ക് കൊണ്ടുവരുന്നത്. നിരവധി വർഷം യുഎഇ യിൽ പ്രവാസ ജീവിതം നയിച്ച സുജ, യുഎഇ എന്ന സർഗ്ഗാത്മക മണ്ണിൽ തൻ്റെ ദൃഷ്ടി പഥങ്ങളിലെ കാഴ്ച്ച ഭംഗികളും, ദേശാടനപ്പക്ഷികളുടെ ആഹ്ലാദ നൃത്തവും കണ്ടുകൊണ്ട് വളർന്നു. ലോക കാഴ്ച്ചകൾ തൻ്റെ ഉള്ളിലെ എഴുത്തുകാരിയെ കൂടുതൽ ഭംഗിയുള്ളതാക്കി.

എന്നാൽ തൻ്റെ മുന്നിലെ ചുല്ലു കൊട്ടാരങ്ങൾ തകർത്തെറിയാൻ, തൻ്റെ മുന്നിലെ നയന വിസ്മയങ്ങൾക്ക് ഇരുട്ടു പകരാൻ, ആ ഭീകരൻ കൊറോണയുടെ രൂപത്തിൽ എത്തി. അവിചാരിതമായി ഡങ്കിപ്പനി പിടിച്ചു കിടപ്പിലായ സുജയ്ക്ക് കൊറോണയും സ്ഥിതീകരിച്ചു. അതോടുകൂടി മരണം തൻ്റെ വാതിൽപ്പടി കടന്നുവന്നു എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു. എന്നാൽ വിശ്വാസങ്ങളിലെ അവിശ്വസനീയത സുജയുടെ ജീവിതം തിരിച്ചു നൽകി. പകരം അവരുടെ കാഴ്ച്ചകളെയും കവർന്ന് കടന്നുപോയി. വിധിയുടെ ക്രൂരവിളയാട്ടം.

അവർ ജീവിച്ചു. എന്നാൽ ഒരു എഴുത്തുകാരിയുടെ മനസ്സ് അവിടെ മരിച്ചു എന്ന് എല്ലാവരും കണക്കുകൂട്ടി. പകരം ദൈവം അവരുടെ മനസ്സിനുള്ളിലെ അക്ഷര ചെപ്പുകൾ തുറന്നു. അതിലെ അക്ഷര ചൈതന്യങ്ങൾ പുറത്തുവന്നു. അത് പിടിച്ചു കെട്ടാൻ പ്രയാസമായിരുന്നു. അങ്ങിനെ അവർക്കുവേണ്ടി അവരുടെ ഉള്ളിലെ അക്ഷരങ്ങൾ കൂട്ടുകാരുടേയും മകളുടേയും സഹായത്തോടെ പുനർജനിച്ചു.

യുഎഇ യുടെ പ്രവാസമണ്ണ് അവരെ വീണ്ടും വരവേറ്റു. ” മിഴിനനയാതെ ” എന്ന തൻ്റെ രണ്ടാമത്തെ പുസ്തകവുമായി അതിൻ്റെ രചയിതാവായി ഷാർജ അന്താരാഷ്ട്ര പുസ്ത മേള 2025 ൽ അവർ തിരിച്ചെത്തി. പുസ്തകോത്സവത്തിലെ ഇന്ത്യൻ പവലിയനിൽ ഹാൾ നമ്പർ ഏഴിൽ മാതൃഭൂമിയുടെ പുസ്തകസ്റ്റാളിൽ തൻ്റെ പുസ്തകവുമായി അവർ വായനക്കാരെ വരവേറ്റു. പുസ്തകങ്ങൾ എല്ലാം വിറ്റഴിഞ്ഞു, ഉദാരമനസ്ക്കരായ യുഎഇ ലെ മലയാളി പ്രവാസികൾ അവരെ സ്വീകരിച്ചു. പുസ്തകങ്ങൾ വാങ്ങി സഹായിച്ചു.

കോട്ടയം കാരിയായ സുജയും മകളും ഇപ്പോൾ താമസിക്കുന്നത് എറണാകുളത്താണ് .. ഷാർജ പുസ്തകോത്സവം നൽകിയ നിരവധി സൗഹൃദങ്ങളും, അഭിനന്ദനങ്ങളും, അംഗീ കാരങ്ങളും, കാണാത്ത ലോകത്ത് ഉൾക്കാഴ്ച്ചകൾ നിറച്ച് എഴുത്തിൻ്റെ പുത്തൻ വഴികളിലെ അക്ഷര വെളിച്ചം തേടി, നിലവിൽ തനിക്ക് വെളിച്ചമാകുന്ന മകൾ അമലയോടൊപ്പം നിറഞ്ഞ സന്തോഷത്തോടെ ഷാർജ പുസ്തകോത്സവത്തിൽ നിന്ന് മടങ്ങുമ്പോൾ, വായനയുടെ ലോകത്ത്, അക്ഷരങ്ങളുടെ തറവാട്ടിൽ പരിചയപ്പെട്ട എഴുത്തുകാരുടേയും, സൗഹൃദങ്ങളുടേയും കരുത്തിൽ തൻ്റെ അടുത്ത പുസ്തകം എഴുതാനുള്ള തയ്യാറെടുപ്പിലാണ് ശ്രീമതി സുജ പാറുക്കണ്ണിൽ.

കണ്ണുകൾ ഉണ്ടായിട്ടും കാണാത്ത ലോകമേ, കണ്ണുകൾ ഇല്ലാത്തവൻ്റെ ദുഃഖങ്ങൾ നീ അറിയുക. നിറകണ്ണുകളുമായി നീലാകാശത്തിനുതാഴെ നിമിഷങ്ങൾ എണ്ണുന്നവരുടെ കൂട്ടത്തിൽ നിത്യാന്ധതയിൽ ലയിച്ച് അക്ഷരങ്ങളിലൂടെ വെളിച്ചം കാണാൻ കൊതിക്കുന്ന ഒരു എഴുത്തുകാരിയുടെ ജീവിത കഥ, ഇപ്പോൾ വെളിച്ചം മാത്രമല്ല, ലോകം തന്നെ കണ്ടിരിക്കുകയാണ്.

” മിഴിനനയാതെ ” എന്ന തൻ്റെ ജീവിത കഥ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുമ്പോൾ, ജീവതത്തിൻ്റെ പാതിവഴിയിൽ കാഴ്ച്ച നഷ്ടപ്പെട്ട ദുരനുഭവത്തിൻ്റെ നേർക്കാഴ്ചകളും അവർ ഈ പുസ്തകത്തിൽ പങ്കുവയിക്കുന്നു. മിഴിനനയാതെ എന്ന പേരുപോലെ തന്നെ മിഴികൾ നനയാതെ നമുക്ക് ആ പുസ്തകം വായിച്ചു തീർക്കാൻ കഴിയില്ല.

ബാല്യവും കൗമാരവും നിറഞ്ഞാടിയ ഗ്രാമവും, യുവത്വത്തിൻ്റെ ആഢംബരം ആസ്വദിച്ചു തീർത്ത യുഎഇ എന്ന സ്വപ്ന നഗരവും, ലോകത്തെ ദുരിതക്കെടുതിയുടെ ആഴക്കടലിൽ തള്ളിവിട്ട കൊറോണയുടെ താണ്ഡവവും, അതിൻ്റെ ഇരയായി വെളിച്ചം മങ്ങിപ്പോയ ജീവിതവുമായി അക്ഷരങ്ങളെ പ്രണയിച്ച് ഇന്നും ജീവിക്കുന്ന തൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് അവരുടെ രണ്ടാമത്തെ പുസ്തകമായ മിഴിനനയാതെ എന്ന ജീവിത കഥയിലൂടെ. കൂടാതെ, മലയാളി മനസ്സ് യുഎസ്എ ഓൺ ലൈൻ മലയാള പത്രത്തിലെ ഒരു എഴുത്തുകാരി കൂടിയാണ് ശ്രീമതി സുജ പാറുക്കണ്ണിൽ.

റിപ്പോർട്ടർ:
രവി കൊമ്മേരി,യുഎഇ
മലയാളി മനസ്സ് USA ന്യൂസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com