തനിക്ക് പ്രാണൻ ദാനമായി തന്ന ഈശ്വരന് നന്ദി പറഞ്ഞുകൊണ്ട് ആയിരിക്കണം ദിവസവും ഉറക്കത്തിൽ നിന്ന് ഉണരാൻ….. എന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണ് ആപ്പിൾ ഫോണിന്റെ ഉപജ്ഞാതാവ് സ്റ്റീവ് ജോബ്സ്.
അദ്ദേഹം എന്നും കാലത്ത് ഉറക്കം ഉണർന്ന് എഴുന്നേൽക്കുമ്പോൾ, ഞാൻ ജീവനോടെ ഉണ്ടല്ലോ, വളരെ നന്ദി, എന്ന് ഉരുവിട്ടു കൊണ്ടാണ് എഴുന്നേൽക്കുക. അതുപോലെ ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ്, ഇന്ന് ഞാൻ ചെയ്യാൻ കഴിയുന്നത്ര കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഇന്ന് എന്റെ അവസാനത്തെ ദിവസമാണ്, ഇനി ഞാൻ എഴുന്നേൽക്കുമോ എന്ന് എനിക്ക് ഉറപ്പില്ല. ഇത് മനസ്സിൽ പറഞ്ഞിട്ടാണ് എന്നും ഉറങ്ങാൻ കിടക്കുക. ഇത് ആവർത്തിച്ച് ദിവസവും പറഞ്ഞുകൊണ്ടിരുന്നു.
ഈശ്വരാനുമായി നമ്മെ കൂടുതൽ ബന്ധിപ്പിക്കാൻ, ധ്യാനത്തിലൂടെ സാധ്യമാകും.
തികച്ചും സ്വാതന്ത്ര്യത്തോടെ, ആരുടെയും ഉപദേശമൊ പ്രേരണയൊ കൂടാതെ,
ആശ്രയിക്കാതെ,വളരെ ലളിതമായി തിരഞ്ഞെടുക്കാവുന്ന,ഒരു സാധനാ രീതിയാണ് ധ്യാനം. അതിരാവിലെയാണ് അതിനു ഉത്തമമായ സമയം. ശുദ്ധിയ്ക്കു വേണ്ടതെല്ലാം ചെയ്ത്,നല്ലൊരു അന്തരീക്ഷം തിരഞ്ഞെടുത്ത്, സുഖമായി ഇരുന്ന്,കണ്ണുകൾ അടച്ച് ധ്യാനിക്കുമ്പോൾ,അദൃശ്യമായ ഒരു ശക്തിയുടെ പ്രവാഹം, നിത്യേനയുള്ള ധ്യാന പരിശീലനം കൊണ്ട് അനുഭവിക്കാൻ കഴിയും. വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് ഓരോരുത്തർക്കും ഉണ്ടാവുക. പ്രസന്നമായി ഇരിക്കുക. മനസ്സിലെ തരംഗങ്ങളെ പുറത്തേക്ക് ഒഴുക്കിവിടുക. ഉള്ളിലെ പ്രാണനെ ശ്രദ്ധിക്കുക. സുന്ദരമായ ആനന്ദത്തിൽ കുറച്ചു സമയം ഇരിക്കുക.
ഇന്ന് കഥകളിൽ കൂടി കാര്യം പറയാം!
എല്ലാ യുവതി യുവാക്കളും സുന്ദരന്മാരും സുന്ദരികളും തന്നെ. അതുകൊണ്ടാണല്ലോ മുഖ കണ്ണാടിയുടെ മുമ്പിൽ നിന്ന്, ഉള്ള സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ പലതും ചെയ്യുന്നത്. അതുപോലെ തന്റെ സൗന്ദര്യത്തിനു ഒപ്പം നിൽക്കുന്ന, ഒരു സുന്ദരനെയും സുന്ദരിയെയും ഇഷ്ടപ്പെട്ട് കൂടെ കൂട്ടുന്നത്. ഇതോടൊപ്പം സുന്ദര ഹൃദയമുള്ള ഒരു കൂട്ടാളിയെയാണ് കിട്ടുന്നതെങ്കിൽ,അതിലൊരാൾക്ക് എന്തു സംഭവിച്ചാലും രണ്ടുപേരും, ഒരുപോലെ ദുഃഖം പങ്കിടുന്നവരായിരിക്കും
ഒരു യുവാവ് നല്ല സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചു. അങ്ങിനെ സുന്ദരിയായ ഒരു പെൺകുട്ടിയെ തന്നെ, വിവാഹം കഴിച്ചു. സുന്ദരി, അതീവ സുന്ദരി ആകാൻ വേണ്ടി,പല ക്രീമുകളും വാങ്ങി മുഖത്ത് പുരട്ടി. ക്രമേണ മുഖം എല്ലാം വിരൂപമായി. തന്റെ സൗന്ദര്യം നഷ്ടമായകാരണം, ഭർത്താവ് തന്നെ ഉപേക്ഷിക്കുമെന്ന ചിന്ത സുന്ദരിയെ, മാനസ്സികമായി തളർത്തി. ഇതിനിടയ്ക്ക് ഭർത്താവിന്റെ കണ്ണിൽ എന്തോ രോഗം ബാധിച്ച്, രണ്ട് കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെട്ടു. ഇത് ഭാര്യയ്ക്ക് വലിയ ആശ്വാസത്തിന് കാരണമായി. അങ്ങിനെ കാലങ്ങൾ കഴിഞ്ഞു. ഭാര്യ മരിച്ചു. അയാൾ അയാളുടെ കൂട്ടുകാരോട് പറഞ്ഞു എന്റെ രണ്ടു കണ്ണുകൾക്കും ഒരു കുഴപ്പവുമില്ല നല്ല കാഴ്ചയുണ്ട്. എനിക്ക് കാഴ്ചയുണ്ടെന്ന് എന്റെ ഭാര്യ അറിഞ്ഞാൽ അവൾ സങ്കടപ്പെടും. അത് ഒഴിവാക്കാനാണ് ഞാൻ അങ്ങിനെ അഭിനയിച്ചത്. സ്നേഹത്തിനും സന്തോഷത്തിനും അയാൾ അത്രമാത്രം വിലമതിച്ചി രുന്നു.
ഒരു ചെറിയ തെറ്റിദ്ധാരണ മൂലം ഉണ്ടാകുന്ന വഴക്ക്,അന്നുതന്നെ പറഞ്ഞുതീർക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, ഉണ്ടായിരുന്ന സ്നേഹത്തിന് ഒന്നും സംഭവിക്കില്ലായിരുന്നു. എനിക്ക് പരിചയമുള്ള ഒരു വീട്ടിൽ, സഹോദരന്മാരോ മരുമക്കളോ ഏതോ കാരണത്താൽ പിണക്കം ഉണ്ടായാൽ, അവരുടെ അമ്മ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് രണ്ടു കൂട്ടരേയും വിളിച്ച് വഴക്ക് അവസാനിപ്പിച്ച് കൈ കൊടുത്തിട്ടെ ഉറങ്ങാൻ സമ്മതിച്ചിരുന്നുള്ളു.
ഒരിടത്ത് രണ്ട് സഹോദരന്മാർ, അവരുടെ ഭാര്യമാരും കുട്ടികളുമായി സന്തോഷത്തോടെ ജീവിച്ചിരുന്നു. എന്തോ ഒരു അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അവർ രണ്ടാളും ശത്രുക്കളായി., രണ്ട് വീടുകളിലായി, പിന്നെ താമസം. ഒരു ദിവസം ജോലി അന്വേഷിച്ച് ഒരാൾ ചേട്ടന്റെ വീട്ടിൽ വന്നു. ചേട്ടൻ പറഞ്ഞു. ആ കാണുന്നത് എന്റെ അനിയന്റെ വീടാണ്. ഞങ്ങൾ തമ്മിൽ കാണാത്ത വിധം, അവിടെ ഒരു വേലികെട്ടണം എന്നു പറഞ്ഞ്, അതിനു വേണ്ട സാധനങ്ങൾ വാങ്ങിക്കൊണ്ടുവന്നു കൊടുത്തു. നേരം വെളുക്കുന്നതിനു മുമ്പ് വേലി കെട്ടിത്തരാം എന്ന് അയാളും പറഞ്ഞു. നേരം വെളുത്ത് അനിയൻ നോക്കുമ്പോൾ തോടിനു കുറികെ ഒരു പാലം കണ്ടു. ചേട്ടന് എന്നോട് വിരോധമില്ല അതുകൊണ്ടാണല്ലോ പാലം ഉണ്ടാക്കിയത്. ചേട്ടൻ രാവിലെ നോക്കുമ്പോൾ അവിടെ ഒരു പാലമാണ് കണ്ടത്. രണ്ടുപേരും പാലത്തിന് അപ്പുറത്തും, ഇപ്പുറത്തും നിന്ന് ചെറുതായി ഒന്ന് ചിരിച്ചു. പിന്നെ ഓടിവന്ന് കെട്ടിപ്പിടിച്ചു. വേലി കെട്ടാൻ ഏൽപ്പിച്ച ആൾ വന്നു പറഞ്ഞു. ഞാൻ വേലി കെട്ടിയിരുന്നെങ്കിൽ നിങ്ങൾ ജീവിതകാലം മുഴുവൻ ശത്രുക്കളായേനെ. ഇത് കേട്ട്, അയാളുടെ സൽപ്രവർത്തിയിൽ സന്തോഷിച്ച് അവർ അയാൾക്ക് ധാരാളം സമ്മാനങ്ങൾ കൊടുത്തിട്ടാണ് പറഞ്ഞുവിട്ടത്.
തുറന്നിരിക്കുന്ന വായയിൽ ഈച്ച പോകുന്നതൊക്കെ സർവ്വസാധാരണമാണ്. ഇതൊന്നും വലിയ സംഭവങ്ങളായി ആരും കണക്കാക്കാറില്ല. പക്ഷേ,ഈ കാര്യം ആരോടും പറയരുത് എന്ന് പറയുമ്പോൾ, കാര്യത്തിന്റെ ഗൗരവം കൂടി. അത് പല ചെവികളിൽ കൂടി കൈമാറുമ്പോൾ അതൊരു വലിയ സംഭവമായിതീരും.
ഒരു കൃഷിക്കാരൻ വീടിന്റെ പുറത്തു നിന്ന് കോട്ടുവായിട്ടു ആ സമയം അയാളുടെ വായിലേക്ക് ഒരു ചെറിയ പക്ഷി തൂവൽ അകപ്പെടാൻ ഇടയായി. വളരെ ബുദ്ധിമുട്ടി അയാൾ പക്ഷി തൂവൽ പുറത്തെടുത്തു. തന്റെ വായിൽ ഒരു പക്ഷി തൂവൽ അകപ്പെട്ട കാര്യം മറ്റ് ആരോടും പറയരുത് അവർ അത് അശുഭമായി കണക്കാക്കും എന്ന് പറഞ്ഞ് ഭാര്യയോട് പറഞ്ഞു. രഹസ്യമായി സൂക്ഷിക്കണം എന്ന് പറഞ്ഞ് ഭാര്യ കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി മറ്റൊരു കൂട്ടുകാരിയോട് പറഞ്ഞ് വരുമ്പോഴേക്കും, വായിൽ പക്ഷിത്തൂവൽ എന്നത് മാറിയിട്ട്, വായിൽ ചെറിയ പക്ഷി, അത് പോയിട്ട് വലിയ പക്ഷി, പിന്നെ പക്ഷി കൂട്ടമായി അത് തുടരുന്നു.
കേട്ടതും, പറഞ്ഞുകേട്ടതുമായിട്ടുള്ള പലതും ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയാനും മറക്കാനുമാണ് ശ്രമിക്കേണ്ടത്.
ഒരു പെൺകുട്ടി അവളുടെ വീടിന്റെ പുറത്ത് ജനലിനു താഴെ ഇരുന്നിരുന്നു. വീടിന്റെ അകത്ത് അമ്മയും കൂട്ടുകാരിയും സംസാരിക്കുന്നത് അവൾക്ക് കേൾക്കാമായിരുന്നു. കൂട്ടുകാരി തന്റെ ആത്മമിത്രത്തോട് പറഞ്ഞിരുന്നത് പലതും രഹസ്യമായി സൂക്ഷിച്ചു വെക്കേണ്ടതുമായിരുന്നു. സങ്കടങ്ങളും പരാതികളും പങ്കിട്ട്, അതിന്റെ ആശ്വാസത്തിൽ, കൂട്ടുകാരി യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ്, മകൾ അവിടെ ഇരിക്കുന്നത് കണ്ടത്. കൂട്ടുകാരി പോയതിനു ശേഷം അമ്മ മകളോട് ചോദിച്ചു ആൻറിയുടെ പേഴ്സ് മറന്നുവെച്ചാൽ മോൾ എന്ത് ചെയ്യും. ഞാൻ അത് ആൻറിയെ വിളിച്ചു കൊടുക്കും. അതുപോലെ ആൻറി ഇവിടെ പറഞ്ഞ കാര്യങ്ങൾ ആൻറി തന്നെ കൊണ്ടുപോട്ടെ. നമ്മൾ ആരോടും കേട്ട കാര്യങ്ങൾ പറയരുത്.
സത്യത്തിൽ ആ പെൺകുട്ടി കയ്യിലുള്ള പാവയെ തട്ടി തലോടി ഇരിക്കുകയായിരുന്നു. അകത്ത് പതിഞ്ഞ സ്വരത്തിൽ പറഞ്ഞതൊന്നും ആ കുട്ടി കേട്ടിരുന്നില്ല. എന്നാലും കുറച്ചു മുതിർന്നപ്പോൾ ആ കുട്ടിക്ക് അമ്മ പറഞ്ഞ ഉപദേശം തന്റെ സ്വഭാവരൂപീകരണത്തിന് വലിയ ഗുണം ചെയ്തു.
നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ടുകൊണ്ട് ഒരു പുതിയ അന്തരീക്ഷത്തിൽ, പുതിയൊരു വീട്ടിൽ താമസിച്ച് കൊതിതീരുന്നതിന് മുമ്പായി, സ്വപ്നത്തിൽ നെയ്തിടുത്ത ഒരു കാര്യത്തിന് തകർന്നടിയുന്നത് കഷ്ടം തന്നെ.
ഒരാൾ സായാഹ്ന നടത്തത്തിന് ഇറങ്ങിയതാണ്. നടന്ന് നടന്ന് കൂട്ടുകാരന്റെ വീടിന്റെ മുമ്പിൽ എത്തിയപ്പോൾ അവിടെ നിന്ന് വലിയ ശബ്ദങ്ങൾ കേൾക്കാൻ ഇടയായി. വീടിന്റെ വാതിലിൽ മുട്ടി വിളിച്ചപ്പോൾ വാതിൽ തുറന്നു. അവിടെ ഭാര്യ ഒരു കയ്യിൽ ചൂലും ഭർത്താവ് ഒരു വടിയും പിടിച്ച് നിൽപ്പുണ്ട്. ഇവർ രണ്ടുപേരും എന്തിനാണ് വഴക്ക് കൂടുന്നത് എന്ന് കൂട്ടുകാരൻ അന്വേഷിച്ചു. ഭർത്താവ് പറഞ്ഞു പശുവിന്റെ പാല് വിറ്റിട്ട് കിട്ടുന്ന പണം കൊണ്ട് വേണം അതിന് തീറ്റ വാങ്ങികൊടുക്കാൻ. ഇവള് പറയുന്നു കിട്ടുന്ന പാല് മുഴുവൻ കുട്ടികൾക്ക് കുടിക്കാൻ കൊടുക്കണമെന്ന്. പശുവിന് തീറ്റ കൊടുത്താൽ മാത്രമേ പാല് കിട്ടുകയുള്ളു. കൂട്ടുകാരൻ പറഞ്ഞു. ഇത് വളരെ എളുപ്പത്തിൽ ഞാൻ പരിഹരിച്ചുതരാം. പശുവിനെ കറക്കുമ്പോൾ എത്ര ലിറ്റർ പാല് കിട്ടുന്നുണ്ട്. ഭാര്യയും ഭർത്താവും ഒരേ സ്വരത്തിൽ പറഞ്ഞു പശു ഇപ്പോൾ ഇല്ല. കാര്യം പറഞ്ഞു വരുമ്പോൾ ഇപ്പോൾ കുട്ടികളും ഇല്ല പശുവും ഇല്ല. ഇതാണ് പൊതുവേ വഴക്കുകളുടെ സ്ഥിതി. രണ്ടുദിവസം കഴിഞ്ഞ് ചോദിച്ചാൽ ആര് എപ്പോൾ എവിടെ? അത്രയ്ക്കേ ഉള്ളൂ വഴക്കിന്റെ തീവ്രത.



