കൊൽക്കത്ത:- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നൽകിയ ഹർജിയും പരിഗണനയ്ക്കു വരും.
നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവസ്ഥലത്ത് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു എന്നതിൽ രൂക്ഷ വിമർശനം ബംഗാൾ സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു. കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ കൂടിയാണ് സുപ്രീംകോടതി ഇന്ന് കേസ് പരിഗണിക്കുന്നത്. 2024 ഓഗസ്റ്റ് 18നാണ് സുപ്രീംകോടതി ഈ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തത്.
അതേ സമയം, കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം വിധിച്ചതിന് പിന്നാലെ പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് സർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കൊൽക്കത്ത ഹൈക്കോടതിയിലാണ് സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. അഡ്വക്കേറ്റ് ജനറൽ കിഷോർ ദത്ത ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ ജസ്റ്റിസ് ദേബാങ്ഷു ബസാകിന് മുമ്പാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
2024 ഓഗസ്റ്റ് ഒമ്പതിനാണ് പ്രതി യുവ ഡോക്ടറെ ബലാത്സംഗത്തിനിരകയാക്കി കൊലപ്പെടുത്തിയത്. ജോലിയിലെ ഇടവേളയ്ക്കിടയില്‍ സെമിനാര്‍ മുറിയില്‍ വിശ്രമിക്കാൻ പോയ യുവ ഡോക്ചറെ ലോക്കല്‍ പൊലീസിലെ സിവിക് വാളണ്ടിയറായ സഞ്ജയ് ബലാത്സംഗം ചെയ്യുകയായിരുന്നു.
മറ്റൊരു ജൂനിയര്‍ ഡോക്ടറായിരുന്നു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പീഡനത്തിനിരയായി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അതേ ദിവസം പുലര്‍ച്ചെ 4.03ന് സഞ്ജയ് സെമിനാര്‍ മുറിയിലേക്ക് പ്രവേശിക്കുന്നത് സിസിടിവിയിലൂടെ കണ്ടെത്തിയത്.



