വയനാട് ദുരിതാശ്വാസ തുകയായി 712.91 കോടി രൂപ ലഭിച്ചുവെന്നും ഏറ്റവും വേഗത്തില്‍ പുനരധിവാസം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നും അതി തീവ്രദുരന്തമായി പ്രഖ്യാപിച്ചതിനാല്‍ സഹായം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്‌പോണ്‍സര്‍മാരുടെ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. അങ്കണ്‍വാടി ആശുപത്രി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതായിരിക്കും ടൗണ്‍ ഷിപ്പ്. പുനരധിവസിപ്പിക്കുന്നത് വരെ ദുരന്തത്തിന് ഇരയായവർ വാടകവീട്ടില്‍ തുടരേണ്ട സാഹചര്യമുണ്ട്. അവര്‍ക്ക് നിശ്ചിത തുക ലഭ്യമാകുന്നുണ്ട്. അത് തുടരും.
കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഹായം ലഭ്യമാക്കാന്‍ വേണ്ടി പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു. ഇപ്പോഴും അത് ലഭ്യമായിട്ടില്ല. വിഷയത്തില്‍ ഹൈക്കോടതി പൂര്‍ണ തൃപ്തിയാണ് രേഖപ്പെടുത്തിയത്. ടൗണ്‍ഷിപ്പിന് പൂര്‍ണ അംഗീകാരം ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അത് ലഭ്യമാകേണ്ടതുണ്ട്. ടൗണ്‍ഷിപ്പ് നിര്‍മിക്കുന്ന ഭൂമി, ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ച് വില നിശ്ചയിക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.