Wednesday, October 9, 2024
Homeകേരളംസംസ്ഥാനത്തു മായം കലർന്ന നെയ്യ് വിതരണം ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം നിരോധിച്ചു

സംസ്ഥാനത്തു മായം കലർന്ന നെയ്യ് വിതരണം ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളാണ് മായം കലർന്ന നെയ്യ് വിൽക്കുന്നതായി കണ്ടെത്തിയത്.

ഈ ബ്രാൻഡുകളുടെ സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷൻ നിരോധിച്ചു. വിപണിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയത്. തിരുവനന്തപുരം അമ്പൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബൽസ് നിർമിച്ച നെയ്യ് ബ്രാൻഡുകളാണ് ഇവ.ഇവയുടെ ലേബലുകളിൽ നെയ്യ് എന്നാണുള്ളതെങ്കിലും ചേരുവകളുടെ പട്ടികയിൽ നെയ്യ്, സസ്യ എണ്ണ, വനസ്‌പതി എന്നിവ ഉൾപ്പെട്ടിട്ടുണ്ട്.

ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരിൽ വില്പന നടത്താൻ പാടുള്ളൂ. മറ്റ് എണ്ണകളുടെ കൊഴുപ്പുകൾ ചേർന്ന കൂട്ടുമിശ്രിതം നെയ്യുടെ നിർവചനത്തിൽ വരില്ല. അതിനാൽ ഇവയുടെ വില്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാനിലവാര റഗുലേഷനിലെ വ്യവസ്ഥപ്രകാരം തടഞ്ഞിട്ടുള്ളതാണ്. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം കമ്മിഷൻ നടപടിയെടുത്തത്.

പ്രമുഖ ബ്രാൻഡുകളുടെ ഗുണനിലവാരമുള്ള ഒരു ലിറ്റർ നെയ്യുടെ വില 600 രൂപയ്ക്ക് മുകളിലാണ് എന്നാൽ സസ്യയെണ്ണയാണെങ്കിൽ ഒരു ലിറ്ററിന് ശരാശരി വില ഇതിന്റെ നാലിലൊന്നേവരൂ. മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ മറ്റ് ബ്രാൻഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments