തിരുവനന്തപുരം: ഓണം വാരാഘോഷത്തിൻ്റെ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് ചിന്ത ജെറോം. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പാടിയത് കേരളത്തില്‍ നിന്ന് പറഞ്ഞയച്ച ഗായക സംഘം ആണോ എന്നായിരുന്നു ചിന്തയുടെ പരിഹാസം. വന്ദേമാതരം മുഴുവന്‍ പാടണമെന്നത് നിര്‍ബന്ധമായ പ്രോട്ടോക്കോളല്ല. അത്തരം വിവേചന ബുദ്ധി ഉപയോഗിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. വി ഡി സതീശന് ആര്‍എസ്എസിന് വിധേയപ്പെട്ടെന്ന രൂക്ഷ വിമര്‍ശനവും ചിന്തയുടെ ഭാഗത്ത് നിന്നുണ്ടായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരേ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുന്നു എന്നും വന്ദേമാതര ആലാപനം കീഴ്വഴക്കമായി മാറ്റാന്‍ യുഡിഎഫ് ശ്രമിക്കുന്നു എന്നും ചിന്താ ജെറോം പറഞ്ഞു.
വിഷയത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം വിചിത്രമാണെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്റെ പ്രതികരണം. പ്രോട്ടോകോളിന്റെ മറവില്‍ കണ്ണില്‍ പൊടിയിടുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ കാലത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എല്ലാം വന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ആര്‍എസ്എസിന് മുന്നില്‍ നിലപാടുകള്‍ പണയം വച്ചു എന്നും വിജിന് വിമര്‍ശിച്ചു. ഗോള്‍വാള്‍ക്കറുടെ പടത്തിനു മുന്നില്‍ വിളക്ക് കൊളുത്തി കുനിഞ്ഞ് നിന്ന ആളാണ് വി ഡി സതീശന് എന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വിഷയത്തില്‍ ഇന്ന് സെക്രട്ടറിയറ്റിലേക്ക് ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം നടത്തും എന്നും വിജിന് പറഞ്ഞു.
കാസര്‍കോട് എംഡിഎംഎ കേസില്‍ പ്രതികരിച്ച അദ്ദേഹം മുഹമ്മദ് ഹുസൈനെ സഹായിക്കാന്‍ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയെന്ന് കുറ്റപ്പെടുത്തി. ഹുസൈന്റെ വീട്ടില്‍ നിരവധി തവണ പോയ ആളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് അയാള്‍ കാലിക്കടവ് വരെ എത്തിയത്. തൂഫാന് യൂത്ത് കോണ്‍ഗ്രസുകാരുടെ എംഡിഎംഎ കച്ചവടത്തിനുള്ള പിന്തുണയായെന്നും ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ നാളെ ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞപ്പോള്‍ ക്ഷുഭിതന്‍ ആകുന്ന മുഖ്യമന്ത്രിയെയാണ് കണ്ടതെന്നാണ് വിജിന് ചൂണ്ടിക്കാട്ടിയത്. ഡിസിസിക്ക് അകത്തും കെപിസിസിക്ക് അകത്തും എത്ര ഗുണ്ടകള്‍ കടന്നുകൂടിയെന്ന് കണ്ടെത്തണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീ വിരുദ്ധതയുടെ അങ്ങേഅറ്റത്തെ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത് എന്നായിരുന്നു ചിന്ത ജെറോമിന് എതിരായ സൈബര്‍ ആക്രമണത്തില്‍ അദ്ദേഹം പ്രതികരിച്ചത്. വനിതാ നേതാക്കളെ തകര്‍ത്ത് കളയാമെന്ന് വിചാരിക്കേണ്ടെന്നും നിയമപരമായും സംഘടനാപരമായും നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. പിണറായി വിജയൻ്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പരാമര്‍ശത്തില്‍ പ്രതികരിച്ച അദ്ദേഹം വിഷയത്തില്‍ ഡിവൈഎഫ്ഐ അല്ല നിലപാട് പറയേണ്ടതെന്നും മുതിര്‍ന്ന നേതാക്കള്‍ പറയും എന്നും വ്യക്തമാക്കി.



