തൃശൂർ: ഭക്തിരസം തുളുമ്പുന്ന നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയ സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ. കേശവൻ നമ്പൂതിരി (84) അന്തരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെ തൃശൂർ ഷൊർണൂർ റോഡിലെ വെള്ളാട്ട് ലെയിൻ കൃഷ്ണ ഗാർഡൻസിലെ ‘പുഷ്പാഞ്ജലി’യിലായിരുന്നു അന്ത്യം.
മലയാളത്തിലെ ആദ്യകാല ഭക്തിഗാന ആൽബങ്ങളിൽ ശ്രദ്ധേയമായിരുന്നു പി.കെ. കേശവൻ നമ്പൂതിരിയുടേത്. പുഷ്പാഞ്ജലി (1981), ശരണമഞ്ജരി, രുദ്രാക്ഷമാല (1984), വനമാല (1987) തുടങ്ങി ഇരുപതോളം സംഗീത ആൽബങ്ങൾക്ക് ഈണം നൽകി.
പി. ജയചന്ദ്രൻ ആലപിച്ച ‘വിഘ്നേശ്വര ജന്മ നാളികേരം’, ‘അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാം ഉണ്ണി’, ‘വടക്കുന്നാഥനു സുപ്രഭാതം പാടും’ (പുഷ്പാഞ്ജലി), യേശുദാസ് ആലപിച്ച ‘ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ’, ‘ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും’ (വനമാല) തുടങ്ങി എസ്. രമേശൻ നായർ രചിച്ച ശ്രദ്ധേയമായ ഭക്തിഗാനങ്ങൾക്ക് ഈണമിട്ടത് കേശവൻ നമ്പൂതിരിയായിരുന്നു.
നിരവധി ലളിതഗാനങ്ങൾക്കും സംഗീതം നൽകി.
പാലക്കാട് ചെമ്പൈ സംഗീത കോളജിൽ നിന്ന് 1960കളിൽ ഗാനഭൂഷണം പാസായി.
പ്രസിദ്ധ സംഗീതജ്ഞരായ സി.എസ്. കൃഷ്ണയ്യർ, പുതുക്കോട് കൃഷ്ണമൂർത്തി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം. മദ്രാസ് മ്യൂസിക് കോളേജിലേക്ക് ഉപരിപഠനത്തിനായി തിരിച്ചെങ്കിലും സുപ്രസിദ്ധ സംഗീതജ്ഞൻ ഡോ. എം. ബാലമുരളീകൃഷ്ണയുടെ ശിക്ഷണത്തിലാണ് ഉപരിപഠനം പൂർത്തിയാക്കിയത്.
പി. ജയചന്ദ്രൻ, യേശുദാസ്, സംഗീത സംവിധായകൻ രവീന്ദ്രൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടായതും മദ്രാസിൽ വച്ചാണ്.
1972–73കാലത്ത് കോഴിക്കോട് ആകാശവാണിയിൽ മ്യൂസിക് കമ്പോസറായി. പിന്നീട് പത്തു വർഷത്തോളം അവിടെയായിരുന്നു. ആകാശവാണി തൃശൂർ നിലയം ആരംഭിച്ചപ്പോൾ അവിടേക്ക് മാറി. വർഷങ്ങളോളം ലളിതസംഗീതപാഠം അവതരിപ്പിച്ച അദ്ദേഹം പ്രോഗ്രാം എക്സിക്യൂട്ടിവായാണ് വിരമിച്ചത്.
വിക്ടോറിയ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്ത് തന്നെ ലളിതഗാനങ്ങൾക്കു ഈണം നൽകിയിരുന്നു.
ഭാര്യ: ഡോ. നിർമലാദേവി (ഒല്ലൂർ തൈക്കാട്ടുശ്ശേരി തൈക്കാട്ട് മൂസ് കുടുംബാംഗം).
മക്കൾ: സച്ചിൻ (സോഫ്ട്‌വെയർ എൻജിനിയർ, ബംഗളൂരു), സീന (യു.എസ്).
മരുമക്കൾ: ശ്രീപ്രിയ (കോർപറേഷൻ ബാങ്ക്, ബംഗളൂരു), ബിമൽ (സോഫ്ട്‌വെയർ എൻജിനിയർ, യുഎസ്).
പാലക്കാട് കോങ്ങാട് പാറശ്ശേരി പെരുന്തലക്കാട്ട് മന കുടുംബാംഗമാണ്.