ന്യൂഡൽഹി: രാഷ്ട്രപതിയെ മറികടന്ന് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. രാഷ്ട്രപതിയെ ഉദ്ഘാടനത്തിന് ക്ഷണിക്കാതെ ലോക്സഭ സെക്രട്ടേറിയറ്റ് ഭരണഘടനാ ലംഘനം നടത്തിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇന്ത്യയുടെ രാഷ്ട്രപതി നിർവഹിക്കണമെന്ന് കോടതി നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു . സവർക്കറുടെ ജന്മവാർഷിക ദിനമായ മേയ് 28നാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്.
അതുപോലെ കോവിഡ് കാല സാമ്പത്തിക പരാധീനതകൾക്കിടയിൽ പാർലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ മാറ്റി നിർത്തുന്നതിലും പ്രതിഷേധിച്ച് ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുതാൽപര്യ ഹർജി സുപ്രീംകോടതിയിൽ എത്തിയത്. രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് 20 രാഷ്ട്രീയ പാർട്ടികൾ ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനമെടുത്തത് .
കോൺഗ്രസ്, ഡി.എം.കെ, എ.എ.പി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്.പി, സി.പി.ഐ, സി.പി.എം. ജെ.എം.എം, കേരള കോൺഗ്രസ് മാണി, വി.സി.കെ, ആർ.എൽ.ഡി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ യു, എൻ.സി.പി, ആർ.ജെ.ഡി, മുസ് ലിം ലീഗ്, നാഷണൽ കോൺഫറൻസ്, ആർ.എസ്.പി, എം.ഡി.എം.കെ, എ.ഐ.എം.ഐ.എം എന്നീ പാർട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്കരണം പ്രഖ്യാപിച്ചത്. അതേസമയം, ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ്, ബി.ജെ.ഡി എന്നീ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന്അറിയിച്ചിട്ടുണ്ട്.