Friday, February 7, 2025
Homeഅമേരിക്കസുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ ✍മേരി ജോസി മലയിൽ (മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ്...

സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ ✍മേരി ജോസി മലയിൽ (മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ)

മേരി ജോസി മലയിൽ

‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന് മുതൽ തുടങ്ങിയ സൗഹ്രദം ഇപ്പോഴും കൂടുതൽ ഊഷ്മളതയോടെ തുടരുന്നു. Loremipsum ആണ് പുസ്തകം പ്രസീദ്ധികരിക്കുന്നത്.

മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം.

ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ശക്തയായ കഥാകൃത്ത്.

അക്ഷന്തവ്യമായ ചിലരുടെയൊക്കെ അശ്രദ്ധമൂലം തൻറെ ജീവിതത്തിൽ തന്നെ സംഭവിച്ച കാര്യങ്ങളുടെ നേർപകർപ്പാണ് രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നത്. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും മികച്ച വായനാനുഭവവും പങ്കു വെക്കുന്നു.

ജീവിത പ്രാരാബ്ദങ്ങൾ തന്നെ നോക്കി പല്ലിളിച്ചപ്പോൾ ഗൾഫിലേക്ക് ചേക്കേറിയ സുജ ഒറ്റയ്ക്ക് പൊരുതി നേടിയ ജീവിതമായിരുന്നു അത്. നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾ മാടിനെ പോലെ പണിയെടുത്ത് ചോദിക്കുന്നവർക്ക് ഒക്കെ വാരിക്കോരി കൊടുത്ത് ഇടവേളകളിൽ മാത്രം വല്ലപ്പോഴും തന്നെ എന്നും സ്നേഹിച്ചിരുന്ന അക്ഷരങ്ങളോട് കൂട്ടു കൂടി ജീവിതത്തിൻറെ നടവഴികളിൽ കണ്ടുമുട്ടിയ കുറച്ചുപേരുടെ ജീവിതങ്ങൾ കുത്തിക്കുറിച്ച് കഥകളാക്കി അമേരിക്കയിൽ നിന്നിറങ്ങുന്ന ‘മലയാളി മനസ്സ്’ എന്ന ഓൺലൈൻ പത്രത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു.

ജീവിതം ഒരുവിധം ശാന്തമായി ഒഴുകുന്നു. ഔദ്യോഗിക ജീവിതത്തിൻറെ തിരക്കുകൾ മാറ്റിവെച്ച് മകളോടും കൊച്ചു മക്കളോടുമൊപ്പം കുറച്ചുനാൾ സന്തോഷമായി ചെലവഴിക്കാൻ പ്രവാസ ജീവിതത്തിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്ത് നാട്ടിലെത്തിയ സുജയെ അപ്പോൾ അതാ ഒരു കൊതുകിന്റെ രൂപത്തിൽ സങ്കടങ്ങൾ പെരുമഴപോലെ പെയ്യിക്കാൻ എത്തുന്നു.

നീണ്ട ആശുപത്രി വാസങ്ങൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്നേഹമസൃണമായ ഇടപെടലുകൾ, ഒടുവിൽ ലോകം തൻറെ മുമ്പിൽ ഇരുട്ടിലായി എന്ന ആ സത്യത്തെ അംഗീകരിച്ച് ആ പതിവ് ശൈലിയിൽ ജീവിതത്തിൻറെ വെല്ലുവിളികൾ ഏറ്റെടുത്ത് ചുറ്റുമുള്ളവർക്ക് കൂടി ധൈര്യം കൊടുത്ത് ചങ്കുറപ്പോടെ മുന്നോട്ട്…….

വ്യത്യസ്തമായ ജീവിതത്തിൻറെ ഒരു രണ്ടാം അധ്യായം ഇവിടെ തുടങ്ങുന്നു എന്നു പറയാം. പൂത്തുമ്പിയെ പോലെ പാറി നടന്നിരുന്ന ആൾ ചിറകൊടിഞ്ഞു കട്ടിലിൽ മാത്രം അഭയം കണ്ട ദിവസങ്ങൾ.ചുറ്റിലും അന്ധകാരം മാത്രം. എല്ലാ മനുഷ്യർക്കും ഒരേ മുഖം. മഴ ഭംഗിയും വർണ്ണങ്ങളും മനസ്സിൽ മാത്രം കാണാൻ ശീലിച്ചു തുടങ്ങിയ ദിനങ്ങൾ. നാമമാത്ര പരിചയം മാത്രം ഉള്ള ഫേസ്ബുക് സൗഹൃദങ്ങളുടെ സ്നേഹമസൃണമായ അന്വേഷണങ്ങൾ. ഫോൺ ചെയ്തവരിൽ ഒരാൾ പോലും സഹതപിച്ചില്ല. പകരം മുങ്ങിചാകാൻ തുടങ്ങുന്നവന് കച്ചി തുരുമ്പ് എറിഞ്ഞു കൊടുക്കുന്നതുപോലെ പോസിറ്റീവ് ചിന്തകൾ മാത്രം മനസ്സിൽ കുത്തി നിറച്ചു കൊണ്ടിരിക്കുന്നു.അത് വരെ പരിചയപ്പെട്ടവരിൽ നിന്നെല്ലാം വ്യത്യസ്ത സ്വഭാവമുള്ള മുഖപുസ്തകസൗഹൃദങ്ങൾ.

ഈ പ്രതിസന്ധികളെ ഒക്കെ തരണംചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ തനിക്കുണ്ടായ തിരിച്ചറിവ് വലുതാണെന്ന് സുജ മനസ്സിലാക്കി. ആരായിരുന്നു തന്റെ യഥാർത്ഥ സുഹൃത്ത്? ആ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയ ദിവസങ്ങൾ.

പതുക്കെ പതുക്കെ മനസ്സാന്നിധ്യം കൈവിടാതെ പിന്നീട് ഒരു പുസ്തകം ഇറക്കുക എന്ന ആ സ്വപ്നസാക്ഷാത്കാരത്തിനായി ഉള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഒരുപക്ഷേ ഇത്രയും വർഷങ്ങൾ കൂടി ഗൾഫിൽ വന്നും പോയും ഇരുന്ന് അവസാനിക്കുമായിരുന്ന ജീവിതം അന്ന് മുതൽ ഗതി മാറി ഒഴുകാൻ തുടങ്ങി. അമ്മയുടെ അത്യുത്സാഹം കണ്ട് മകൾ അമലയും മരുമകൻ അനീഷും അമ്മയോടൊപ്പം തന്നെ നിന്നു. കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ “ഓലഞ്ഞാലി കിളി” എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇപ്പോഴിതാ ആത്മകഥയും. ഇനിയും അനേകം അനേകം ചെറുകഥകളുടെ പണിപുരയിൽ………

അക്ഷരലോകത്ത് നിന്ന് ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ എഴുത്ത് സൗഹൃദങ്ങൾ.”കൂടിളക്കി തൻറെ കുഞ്ഞിനെ പറക്കാൻ പ്രാപ്തനാക്കുന്ന കഴുകനെപോലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ആത്മബലം നൽകി നമ്മളെ ഉയരങ്ങളിലേക്ക് നയിക്കുന്ന ദൈവത്തിൻറെ കരങ്ങൾ എത്രയോ മഹനീയം!”

1907 ൽ പ്രസിദ്ധീകരിച്ച ഒ.ഹെൻറിയുടെ’ദി ലാസ്റ്റ് ലീഫ്’ എന്ന ചെറുകഥയിൽ വൃദ്ധനായ ഒരു ചിത്രകാരൻ തൻറെ അയൽവാസിയായ ഒരു യുവ ചിത്രകാരി ക്ക് മനോധൈര്യം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായി കാണാം. തന്റെ കിടക്കയ്ക്ക് അരികിലുള്ള ജാലകത്തിൽ പടർന്ന വള്ളിയുടെ ഇലകൾ ഒന്നായി പൊഴിയുമ്പോൾ അവൾ തൻറെ മരണത്തിന്‍റെ ദിനങ്ങളും അതുപോലെ അടുത്തു വരുന്നതായി കണക്കുകൂട്ടി വയ്ക്കുകയാണ്. എന്നാൽ അവസാനത്തെ ഇലയും കൊഴിഞ്ഞു വീഴുന്നതിനു മുമ്പ് ആ വൃദ്ധൻ യുവ ചിത്രകാരിയ്ക്ക് പ്രതീക്ഷ നൽകാനായി അവളറിയാതെ ഒരു ഇല അവിടെ വരച്ചു വയ്ക്കുന്നു.

അതുപോലൊരു പ്രയത്നമാണ് ഞങ്ങൾ സുഹൃത്തുക്കൾ സുജയ്ക്കു വേണ്ടി ചെയ്തത് എന്ന് സുജ പറഞ്ഞപ്പോൾ എഴുത്തുകാരിയുടെ വായനയുടെ ആഴവും പരപ്പും എത്രയാണെന്ന് ഞാൻ അന്ന് ആദ്യമായി മനസ്സിലാക്കി. സുജയെക്കാൾ ഏറെ അധികം നാൾ ഓണമുണ്ട ഞാനങ്ങനെ ഒരു കഥയും സാഹിത്യകാരനേയും കുറിച്ച് അറിയുന്നതും കേൾക്കുന്നതും അപ്പോൾ മാത്രമാണല്ലോ എന്നൊരു അപകർഷതാബോധം എന്നിൽ ഉദിച്ചു. നമ്മൾ ചെയ്യുന്ന എത്രയോ ചെറിയ നന്മകൾക്ക് വലിയ പാഠങ്ങൾ നമ്മളെ പഠിപ്പിക്കാൻ ആകും എന്ന് മനസ്സിലാക്കി.
”നീ ചെയ്ത നന്മ കൊണ്ട് മറ്റൊരാൾ പുഞ്ചിരിച്ചാൽ അതാണ് നീ നേടിയ ഏറ്റവും വലിയ സമ്പാദ്യം “

നിയമങ്ങൾ കർക്കശമായി നടപ്പാക്കുമ്പോൾ ലോകത്തിൽ ഏറ്റവും സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന രാജ്യം. അതാണ് കഥാകാരിക്ക് താൻ നെഞ്ചോടു ചേർത്തു പിടിച്ച് സ്നേഹിക്കുന്ന യു.എ.ഇ. എന്ന രാജ്യം.അവിടെ പല രാജ്യത്തിലെ ആൾക്കാരോട് ഒപ്പം ജോലി ചെയ്തിരുന്ന സുജയുടെ നർമ്മത്തിൽ ചാലിച്ചെഴുതിയ അറബി കീസ്സ് ചോദിച്ചതും (അറബിയിൽ കീസ് എന്ന് പറഞ്ഞാൽ കവർ) ഫിലിപ്പൈൻസിൽ പുതിയതായി ജനിക്കുന്ന കുഞ്ഞിന് നമ്മൾ തേനുംവയമ്പും പൊന്നും കൊടുക്കുന്നതുപോലെ അവർ ആദ്യം കൊടുക്കുന്നത് പന്നിയുടെ വാലിന്റെ അറ്റം വേവിച്ചതാണെന്ന അറിവ് നമ്മെ ചിരിപ്പിക്കുകയും ഒരുപോലെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. വളരെ ഫ്ളെക്സിബിൾ ആയ പന്നിവാൽ പോലെ കുഞ്ഞിൻറെ ജീവിതവും അതുപോലെ ആകാൻ വേണ്ടിയാണത് ചെയ്യുന്നതത്രേ.

എത്ര മനോഹരമായ ആചാരങ്ങൾ!!!😜

ഞാൻ തിരിച്ചു വന്നാൽ അറബികൾ ചമ്മി പോവില്ലേ എന്ന തൻറെ യു.എ.ഇയിലെ കുടുംബ സുഹൃത്തിനോട് ചോദിക്കുന്ന സുജയുടെ ക്രൂരമായ ആ തമാശ….. “ഞാനവിടെ വന്നിറങ്ങുമ്പോൾ എയർപോർട്ടിൽ കണ്ണല്ലേ സ്കാൻ ചെയ്യുന്നത്? അവർ എൻറെ കണ്ണ് എങ്ങനെ സ്കാൻ ചെയ്യും. “ നർമ്മ രസത്തിന് ഇടയിലും പുസ്തകത്തിൻറെ പേരിനെ ഓർമ്മിപ്പിക്കുന്നത് പോലെ അത് വായിക്കുമ്പോൾ നമ്മുടെ മിഴികൾ നനഞ്ഞു പോകും ഒപ്പം നെഞ്ചിലൊരു നീറ്റലും.

എനിക്ക് കഥാകൃത്തിന് കൊടുക്കാനുള്ള ചെറിയൊരു ഉപദേശം ഒരിക്കലും നമ്മൾ ഭൂതകാലത്തിൽ കുടുങ്ങരുത്. പരിമിതികളോടുകൂടി തന്നെ പുതിയവയെ അംഗീകരിക്കണം. കൂടുതൽ അഴകോടെ ആയിരിക്കും പിന്നീടുള്ളവ നമ്മെ തേടി വരുന്നത് എന്നൊരു ശുഭാപ്തി വിശ്വാസം നമ്മിൽ നിറയ്ക്കണം. നമ്മൾ സ്നേഹിക്കുന്നതെല്ലാം നമുക്ക് ഒരിക്കൽ നഷ്ടപ്പെടും. പക്ഷേ അവ മറ്റൊരു രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുക തന്നെ ചെയ്യും.

മലയാള സാഹിത്യത്തിലെ വിശാലമായ ലോകത്ത് ഉയർന്നു കേൾക്കാൻ പോകുന്ന പേര് ആണ് സുജ പാറുകണ്ണിൽ എന്നതിൽ എനിക്ക് തർക്കമില്ല. സുജയുടെ എഴുത്തുജീവിതത്തിന് എല്ലാ ആശംസകളും നേർന്നുകൊണ്ട് നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ

(മലയാളി മനസ്സ് എഡിറ്റോറിയൽ ബോർഡ് മെമ്പർ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments