Saturday, October 12, 2024
Homeഅമേരിക്ക' ഈ കപ്പൽ ആടിയുലയുകയില്ല... സർ ' (രാജു മൈലപ്രാ)

‘ ഈ കപ്പൽ ആടിയുലയുകയില്ല… സർ ‘ (രാജു മൈലപ്രാ)

രാജു മൈലപ്രാ

കേരളത്തിലെ തന്റെ പ്രജകളെ ആണ്ടിലൊരിക്കൽ മാത്രം സന്ദർശിക്കുവാനുള്ള ‘വിസിറ്റിംഗ് വിസ’ മാത്രമേ, വാമനൻ മഹാബലിക്ക് കൊടുത്തിരുന്നുള്ളൂ. ഒറ്റ ദിവസം കൊണ്ട് ഓടിനടന്ന് തന്റെ പ്രജകൾ പതിനെട്ട് കൂട്ടം കൂട്ടി വയറു നിറയെ സദ്യ കഴിച്ച്, ഏമ്പക്കം വിടുന്ന കാഴ്‌ച കണ്ട്, സന്തോഷത്തോടെ തിരിച്ച് പാതാളത്തിലേക്ക് മടങ്ങിക്കൊള്ളണം. അതാണ് കണ്ടീഷൻ.

ഈ വിസ അനുവദിക്കുന്ന കാലത്ത് കേരളീയർ, കേരളത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്ന് അതു വല്ലതുമാണോ അവസ്ഥ. ലോകത്തിൻ്റെ മുക്കിലും മൂലയിലുമെല്ലാം മലയാളികളുണ്ടല്ലോ! അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിലായി, വിവിധ സംഘടനകളുടെ വകയായി ഏതാണ്ട് മൂന്നു മാസക്കാലക്കാലത്തോളം ഓണാഘോഷ പരിപാടികളുണ്ട്.

ഈ ആഘോഷങ്ങൾ കൊഴുപ്പിക്കുവാനായി, വിശിഷ്ടാതിഥികളായി പങ്കെടുക്കാൻ, കേരളത്തിൽ നിന്നുമെത്തിയിട്ടുള്ള രാഷ്ട്രീയ നേതാക്കന്മാരും, സിനിമാ താരങ്ങളും ഇവിടെ ചുറ്റിത്തിരിയുന്നുണ്ട്.

അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്നതും, ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷെ, നടികളെയൊന്നും തോണ്ടാനും, ചൊറിയാനുമൊന്നും നിൽക്കരുത്. നടിമാർക്ക് കൈ കൊടുക്കുമ്പോൾ, കൈവെള്ളയിൽ ചൊറിയാനോ, കണ്ണിറുക്കി കാണിക്കാനോ ശ്രമിക്കരുത്. കഴിവതും അഭിവാദ്യങ്ങൾ ‘കുപ്പുകൈയിൽ’ ഒതുക്കുന്നതാണ് ബുദ്ധി. അല്ലെങ്കിൽ ഒരു പക്ഷെ ‘ഹേമ കമ്മീഷൻ റിപ്പോർട്ട്- ഒരു അമേരിക്കൻ അനുബന്ധം’- എന്ന പേരിൽ മറ്റൊരു റിപ്പോർട്ട് കൂടി വന്നേക്കാം. കലികാലമാണ് സൂക്ഷിക്കണം.

നാട്ടിൽ നിന്നും വന്ന വിശിഷ്ടാതിഥികൾ, ഇവിടെ ജനിച്ചുവളർന്ന, മലയാളി കുട്ടികൾക്ക് നല്ല ഉപദേശങ്ങൾ കൊടുക്കുന്നതായുള്ള വാർത്ത വായിച്ചു. പള്ളേർക്ക് മലയാളം അറിയാത്തത് അവരുടെ ഭാഗ്യം. ഇവിടെയുള്ളവർ തന്നെ ഒരു പരുവത്തിലൊക്കെയാണ് പിള്ളേരുടെ മുന്നിൽ പിടിച്ചു നിൽക്കുന്നത്.

എന്റെ സിനിമാ ബന്ധം, ‘ഉദയ- നീലാ’ ചിത്രങ്ങളിലൂടെ തുടങ്ങി, ‘ സത്യൻ അന്തിക്കാട്- പ്രിയദർശൻ’ കാലഘട്ടം വരെ എത്തിയിട്ട് ഫുൾ സ്റ്റോപ്പിട്ടിരിക്കുകയാണ്. അതൊണ്ട് തന്നെ ‘ആടു ജീവിതവും’, ‘ ആവേശ’വുമൊന്നും ആസ്വദിക്കാനുള്ള കഴിവ് എനിക്കില്ലാതെ പോയി.

ഇപ്പോൾ എൻ്റെ വിശ്രമ വേളകളിലെ വിനോദമെന്ന് പറയുന്നത്, നാട്ടിൽ നിന്നുമുള്ള വാർത്താ ചാനലുകളും, യുട്യൂബ് ചാനലുകളും കാണുകയെന്നതാണ്. ഒരു സിനിമയ്ക്ക് വേണ്ടുന്നതിലുമധികം ചേരുവകകൾ അതിലുണ്ട്.

എന്നാൽ ഇന്നത്തെ എൻ്റെ വിഷയം അതൊന്നുമല്ല. ഈ വിഷയത്തിൽ അഭിപ്രായം പറയേണ്ട ഒരു കാര്യവുമെനിക്കില്ല. എന്നാൽ ചിലതൊക്കെ കാണുമ്പോഴും കേൾക്കുമ്പോഴും അറിയാതെ പ്രതികരിച്ചുപോകും.

‘ അത്രയ്ക്കായോ, എന്നാൽ ഇന്ന് രണ്ട് തല്ലുകൊടുത്തിട്ടേ ഞാൻ പോകു’ എന്നൊരു മാനസീകാവസ്ഥ.

കഴിഞ്ഞ ഒരു മാസത്തിലധികമായി, കേരളത്തിലെ ഒരു ജനപ്രതിധി, അദ്ദേഹം ഉൾപ്പെടുന്ന ഒരു സർക്കാർ സംവിധാനത്തിനെതിരായി, നിരവധി ആരോപണങ്ങൾ ‘തെളിവ്’ സഹിതം, വാർത്താ സമ്മേളനം നൽകി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വ്യക്തിതാത്പര്യത്തിനുവേണ്ടിയല്ല, വരും തലമുറയുടെ ഭാവി ഭാസുരമാക്കാൻ വേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന് അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ ഞാൻ മാനിക്കുന്നു.

കേരളത്തിലെ ക്രമസമാധാന നില ആകെ തകരാറിലാണെന്നും അത് നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഉത്തരവാദിത്വപ്പെട്ട വ്യക്തികൾ, എല്ലാത്തരം കൊള്ളരുതായ്‌മകൾക്കും കൂട്ടുനിൽക്കുകയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, ഹവാല, കൊലപാതകം, ബലാത്സംഗം- അങ്ങനെ എന്തെല്ലാം? കേട്ടിട്ട് കൊതിയാകുന്നു.

ഇത് പലതവണ ആവർത്തിച്ച് കേട്ടപ്പോൾ, അന്തിചർച്ചകളിലെ ചൂടുള്ള വിഷയമായപ്പോൾ, ‘എവിടെയോ ഒരു പന്തികേട്’ എന്ന് പലർക്കും തോന്നിത്തുടങ്ങി. ഇതെക്കുറിച്ച് ഉടനടി അന്വേഷണം വേണമെന്ന് ചില ഘടക കക്ഷികൾ തന്നെ ആവശ്യപ്പെട്ടു. സർക്കാർ ആടിയുലയുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടു.

കപ്പിത്താൻ മാത്രം ഒന്നും ഉരിയാടുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ, അഴിമതിയും കൈക്കൂലിയുമൊന്നും ഒരു കുറ്റമല്ല. അഴിമതി നടത്തിയതിൻ്റെ പേരിൽ ഒരു രാഷ്ട്രീയക്കാരനും തടവറയിൽ കഴിയുന്നില്ല.

പത്തിന്റെ പൈസാ കൈയിൽ ഇല്ലാത്തവൻ ഒരു രാഷ്ട്രീയക്കാരൻ്റെ കുപ്പായവുമണിഞ്ഞ് കളത്തിലിറങ്ങിയാൽ, കണ്ണടച്ച് തുറക്കുന്നതിനു മുമ്പ് കോടീശ്വരനാകും. ഇത് എങ്ങനെ, എവിടെനിന്നൊന്നും ആരും അന്വേഷിക്കാറില്ല.

ക്യാപ്റ്റൻ മൗനവൃതത്തിലാണെന്ന് കണ്ടപ്പോൾ, ആരോപണമുന്നയിച്ചുകൊണ്ടിരുന്ന ജനപ്രതിനിധിക്ക് ആരാധകർ കൂടി. ഇദ്ദേഹത്തിൻ്റെ കൂടെ കൂടുന്നതാണ് തങ്ങളുടെ ഭാവി നിലനിൽപ്പിന് നല്ലതെന്ന് ചിലർ കണക്ക് കുട്ടി. ഒളിഞ്ഞും തെളിഞ്ഞും അവർ അമ്പെയ്ത്ത് തുടങ്ങി. ആരും നേരേ നിന്ന് ഒന്നും പറയുന്നില്ല, എതിരാളി സൂര്യനാണ്- അടുത്താൽ കരിഞ്ഞുപോകും.

അവസാനം രണ്ടും കല്പ്‌പിച്ച്, വരുന്നത് വരട്ടെയെന്നു കരുതി, ഒരേ പ്രത്യയശാസ്ത്രത്തോടെ, ഒരമ്മയുടെ വയറ്റിൽ പിറന്ന, സി.പി.ഐ എന്ന പ്രസ്ഥാനത്തിൻ്റെ സെക്രട്ടറി, ആരോപിതരെ അധികാര സ്ഥാനത്തുനിന്നും മാറ്റി നിർത്തിയിട്ട്, ഉടനടി അന്വേഷണം വേണമെന്ന് കടുപ്പിച്ച് പറഞ്ഞു.

അതോടെ സംഗതി ആകെപ്പാടെ ഉഷാറായി. മാധ്യമപ്പട വാർത്ത ഏറ്റെടുത്തു. അന്തി ചർച്ചകളുടെ ചൂടേറ്റ് പല ടെലിവിഷനുകളും പൊട്ടിത്തെറിച്ചു. ക്യാമറക്കണ്ണുകൾ ‘ഇപ്പോൾ താഴെ വീഴും’ എന്നുള്ള പ്രതീക്ഷയോടെ മുട്ടനാടിൻ്റെ പുറകെ വെള്ളമൊലിപ്പിച്ച് നടക്കുന്ന കുറുക്കനെപ്പോലെ പിന്നാലെ കൂടി.

എന്നാൽ എങ്ങനെ എറിഞ്ഞാലും നാലു കാലിൽ വീഴുന്ന പൂച്ചയുടെ കൗശലബുദ്ധിയുള്ള സൂര്യൻ പ്രത്യക്ഷപ്പെട്ടു. പതിവിലേറെ പ്രകാശത്തോടെ, പ്രസന്നവദനനായി, പുഞ്ചിരിയോടെ…. ‘കടക്കു പുറത്ത്’ എന്ന പതിവ് ഡയലോഗിന് പകരം, ‘എന്തു വേണമെങ്കിലും ചോദിച്ചോളൂ- എനിക്കൊരു ധൃതിയുമില്ല’ എന്ന മുഖവുരയോടെ.

‘ഇപ്പം പൊട്ടും – ഇപ്പം പൊട്ടും’ എന്ന പ്രതീക്ഷയിൽ ചോദ്യമുന്നയിച്ച പ്രതപ്രവർത്തകർക്ക്, കിറുകൃത്യമായ ഉത്തരം കിട്ടിയപ്പോൾ, അണ്ണാക്കിൽ പഴം തിരുകിയ അവസ്ഥയായി.

‘വന്നു കയറിയ’ ജനപ്രതിനിധി ഉന്നയിക്കുന്ന ഒറ്റ ആരോപണങ്ങളും അന്വേഷിക്കുന്ന പ്രശ്ന‌മേയില്ല എന്ന് തീർത്തു പറഞ്ഞു.

ഇവിടെ നിന്ന് കറങ്ങിത്തിരായാതെ വന്ന വഴിക്ക് മടങ്ങിപ്പോകുന്നതാണ് നല്ലത് എന്നൊരു | താക്കീതിന്റെ ധ്വനി ആ സ്വരത്തിലുണ്ടായിരുന്നോ എന്നു സംശയം.

വളരെ ആവേശകരമായി, അമേരിക്കൻ മലയാളികളുടെ ഊഷ്‌മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാട് ചുറ്റിക്കണ്ടിരുന്ന സെക്രട്ടറി, ‘ഭിന്നതകളുണ്ടെങ്കിലും, ഈ വള്ളം മുക്കാനില്ല’ എന്നൊരു പ്രസ്താവന ഇറക്കിയിട്ട്, നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പ്രമാണിച്ച് സന്ദർശനം വെട്ടിച്ചുരുക്കി നാടുവിട്ടു.

കപ്പല് മുക്കാൻ ശ്രമിച്ചാൽ, കപ്പിത്താൻ തന്നെയെടുത്ത് കരകാണാക്കടലിൽ എറിയുമെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിന് നല്ലതുപോലെയുണ്ട്. താൻ കടലിൽ ചാടിയാൽ, കൂടെയുള്ളവരൊന്നും ഒപ്പം ചാടുകയില്ലെന്ന് ഉറപ്പ്. അവശേഷിക്കുന്ന ഒന്നര വർഷം, കടുംവെട്ടിൻ്റെ കാലമാണ്. അതു വേണ്ടായെന്ന് വെയ്ക്കത്തക്ക മണ്ടന്മാരൊന്നുമല്ല കൂടെയുള്ള മന്ത്രിമാർ.

മൈലപ്രായിൽ ജനിച്ചുവളർന്ന, ഞങ്ങളുടെ ഗ്രാമത്തിൻ്റെ അഭിമാനമായ മന്ത്രിയുടെ വാക്കുകളോടെ ഞാൻ നിർത്തുന്നു.

‘ഈ കപ്പൽ ആടിയുലയുകയല്ല- ഈ കപ്പൽ നവകേരളത്തിൻ്റെ തീരത്തേക്ക് അടുക്കുകയാണ്. ഇതിനൊരു കരുത്തനായ കപ്പിത്താനുണ്ട്’ ലാൽസലാം!

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments