പ്രിയസൗഹൃദങ്ങളെ ഇന്ന് നമ്മൾ കേൾക്കുന്നത് “ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേർ വരും..” എന്ന ഗാനമാണ്. 1968 ൽ നിർമ്മിച്ച ‘കടൽ’ എന്ന പടത്തിലെ ഈ ഗാനം പാടിയത് എസ് ജാനകിയാണ്. ശ്രീകുമാരൻതമ്പിയുടെ വരികൾക്ക് എം ബി ശ്രീനിവാസൻ സംഗീതം നൽകി.
പാശ്ചാത്തലസംഗീതത്തിന്റെ അതിപ്രസരണമില്ലാതെ പ്രശാന്തമായ പ്രതലങ്ങളിലൂടെ ഒഴുകിവരുന്ന കാട്ടരുവിയുടെ കുളിരും മഞ്ഞുമായി ആസ്വാദകരുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തിയ ഈ ഗാനം അർത്ഥസമ്പുഷ്ഠമായ വരികൾ കൊണ്ട് സമ്പന്നമാണ്. ശ്രീകുമാരൻതമ്പിയുടെ വരികൾ ആലങ്കാരികത കൊണ്ട് മാത്രമല്ല ആശയഭംഗി കൊണ്ടും എന്നും മുന്നിൽത്തന്നെയാണ്.
വരികളിലെ ശോകം ആലാപനത്തിലേക്ക് ജാനകി കൃത്യമായി എത്തിച്ചിട്ടുണ്ട്. ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേർ വരും എന്നത് ഒരു ലോകസത്യമാണ്. കരയുമ്പോൾ തന്റെ നിഴൽ മാത്രം. നിഴലിന് നമ്മെ പിരിയാനാവില്ലല്ലോ. സർവ്വ ചരാചരങ്ങൾക്കും ഊർജ്ജദായകനായ സൂര്യൻ നമുക്ക് കനിഞ്ഞുതന്ന തുണയാണ് നമ്മുടെ നിഴൽ. ഇവിടെ ഈ ഗാനത്തിൽ കവി നമ്മളെ അതോർമ്മിപ്പിക്കുന്നുണ്ട്. നമുക്ക് ആ വരികളിലേക്ക് വരാം.
ചിരിക്കുമ്പോൾ കൂടെചിരിക്കാൻ
ആയിരം പേർ വരും
കരയുമ്പോൾ കൂടെ കരയാൻ
നിൻ നിഴൽ മാത്രം വരും
നിൻ നിഴൽ…….
സുഖമൊരു നാൾ വരും വിരുന്നുകാരൻ
ദുഖമോ പിരിയാത്ത സ്വന്തക്കാരൻ
ചിരിക്കുമ്പോൾ…
കരഞ്ഞുകരഞ്ഞു കരൾ
തളർന്നു ഞാനുറങ്ങുമ്പോൾ
കഥ പറഞ്ഞുണർത്തിയ
കരിംകടലേ.
കനിവാർന്നു നീ തന്ന
കനകതാംബാളത്തിൽ
കണ്ണുനീർചിപ്പികളോ നിറച്ചിരുന്നു
കണ്ണുനീർചിപ്പികളോ നിറച്ചിരുന്നു.
ചിരിക്കുമ്പോൾ….
എത്ര മനോഹരം….. എത്ര ദിവ്യം ഈ വരികൾ..! ഇങ്ങിനെയൊക്കെ എഴുതാൻ ഒരു ശ്രീകുമാരൻതമ്പിയേ ഉള്ളൂ. ആര് വിമർശിച്ചാലും ഇതുപോലെ എഴുതാൻ ഒന്ന് വിയർക്കേണ്ടിവരും. നമുക്ക് ഈ ഗാനത്തിന്റെ ആലാപനം എത്രമാത്രം വരകളോട് നീതി പുലർത്തിയിരിക്കുന്നു എന്ന് കൂടി നോക്കാം.
ഗാനം കേട്ടുവല്ലോ. ഒരു തേങ്ങലോടെ ഒഴുകിയെത്തുന്ന പാശ്ചാത്തലസംഗീതം. സുഖമൊരു നാൾ വരും വിരുന്നുകാരൻ അല്ലേ? കനകതാംബാളത്തിൽ കണ്ണുനീർചിപ്പികൾ നിറച്ചുവെച്ചുകൊടുത്ത കരിം കടൽ..! അതിമനോഹരമായി പറഞ്ഞുവെക്കുന്നു നാം ഓർത്തിരിക്കേണ്ട പരമസത്യം.
പ്രിയപ്പെട്ടവരെ നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ച വീണ്ടും വരാം.
സ്നേഹപൂർവ്വം,