പ്രിയമുള്ളവരേ ‘ഈ ഗാനം മറക്കുമോ..’ എന്ന ഗാനപരമ്പരയിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ കേൾക്കുന്നത് “മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു” എന്ന ഗാനമാണ്.
അടുത്ത ദിവസം നമ്മളിൽ നിന്ന് വിടപറഞ്ഞുപോയ പ്രണയഗായകൻ ജയചന്ദ്രൻ പാടിയതാണ് ഈ ഗാനം . 1966-ൽ പുറത്തിറങ്ങിയ ‘കളിത്തോഴൻ’ എന്ന പടത്തിലെ ഈ ഗാനം പാടിയാണ് ചലച്ചിത്രലോകത്തിലേക്ക് അദ്ദേഹം കടന്നു വന്നത് . പി ഭാസ്കരന്റെ രചനക്ക് ദേവരാജന്റെ സംഗീതം. രാഗം മോഹനം.
കുഞ്ഞാലിമരക്കാർ എന്നപടത്തിലാണ് ആദ്യം പാടിയതെങ്കിലും മഞ്ഞലയിൽ മുങ്ങിത്തോർത്തിയ ധനുമാസചന്ദ്രിക പോലെ ഇങ്ങുവന്നില്ലേ നിന്നെ മാത്രം കണ്ടില്ലല്ലോ എന്ന് പറഞ്ഞുകൊണ്ട്.!
പിന്നെ ജയചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കാമിനിമാരുടെ മനസ്സിൽ അനുരാഗഗാനം പോലെ പനിനീർമഴ പെയ്തുകൊണ്ട് തൃശൂർ പാലിയത്തെ തമ്പുരാൻ കുട്ടി ഇങ്ങെത്തി. ആ ഇളംചെറുക്കൻ്റെ റൊമാന്റിക് സൗണ്ട് കാമുകന്മാർക്ക് അങ്ങ് വല്ലാതെ രസിച്ചു. അവരത് ഏറ്റുപാടി. അതുകേട്ട് പെൺകിടാങ്ങളുടെ ഉടൽ പൂത്തുലഞ്ഞു. “പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ ..” എന്ന് ജയചന്ദ്രൻ്റെ വോയ്സിൽ പാടിയാൽ ഏത് പെണ്ണാണ് വീഴാതിരിക്കുക?
“ഇത് പതിവല്ലേ മധുവിധുവല്ലേ ഈ മണിയറയിൽ തള്ളിയതവരെല്ലാമല്ലേ ..അല്ലേ ” ഈ പ്രണയമന്ത്രങ്ങൾ തൻ്റെ ഹൃദയേശ്വരിയുടെ കാതിൽ മൊഴിയാൻ മറ്റൊരു ജയചന്ദ്രനില്ല. ചിദംബരനാഥിൽ തുടങ്ങി ഒട്ടനവധി സംഗീതസംവിധായകരുടെ ഈണങ്ങൾ ഗാനമായി ജയചന്ദ്രനിലൂടെ ഒഴുകി ആസ്വാദകരിലെത്തി. മരണം വരെ സ്വരമാധുര്യത്തോടെ പാടാൻ കഴിയുക എന്നതാണ് ഒരു ഗായകന് കിട്ടുന്ന ഏറ്റവും വലിയ അവാർഡ്. ഇത് ഈശ്വരനിൽ നിന്ന് കിട്ടുന്നതത്രെ ..!!
നമുക്ക് ഗാനത്തിൻറെ വരികളിൽ ഒന്ന് മുങ്ങി നീരാടി വരാം.
ഓ.ഓഹോ..
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ
(മഞ്ഞലയില്‍ )
കര്‍ണ്ണികാരം പൂത്തു തളിര്‍ത്തു
കല്പനകള് താലമെടുത്തു (കര്‍ണികാരം..)
കണ്മണിയേ കണ്ടില്ലല്ലോ
എന്റെ സഖി വന്നില്ലല്ലോ
കണ്ടവരുണ്ടോ ഉണ്ടോ ഉണ്ടോ?
(മഞ്ഞലയില്‍ )
കഥ മുഴുവന്‍ തീരും മുന്‍പേ
യവനിക വീഴും മുന്‍പേ (കഥ..)
കവിളത്തു കണ്ണീരോടെ
കദനത്തിന്‍ കണ്ണീരോടെ
കടന്നുവല്ലോ അവള് നടന്നുവല്ലോ
(മഞ്ഞലയില്‍ )
വേദനതൻ ഓടക്കുഴലായ്
പാടിപ്പാടി ഞാന്‍ നടന്നു
മൂടുപടം മാറ്റി വരൂ നീ
രാജകുമാരീ .. കുമാരീ കുമാരീ
(മഞ്ഞലയില്‍ )
കർണ്ണികാരം പൂത്തുതളിർത്തപ്പോൾ കല്പനാകാകളികൾ വസന്തമൊരുക്കി പൂത്താലമേന്തി നിന്നു. കാല്പനികതകൾ കതിരിട്ട ചാരുതയാണ് വരികളിൽ പൂത്തുലഞ്ഞത്. ഇതൊരു പ്രണയഗാനമാണ്. വിരഹഗനമാണ്. പ്രിയസഖിയെ ഓർത്ത് വിലപിക്കുന്ന വിരഹഗാനം. നമുക്കാ ഗാനം കൂടി ഒന്ന് കേൾക്കാം.
ഗാനം കേട്ടുവല്ലോ. ഓ… എന്ന ആ ആലാപനത്തിൽ തന്നെ മധുമാസചന്ദ്രിക ഉദിച്ചുയരുന്ന അനുഭൂതി കിട്ടിയില്ലേ.
നിങ്ങളുടെ ഇഷ്ടഗനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.
പ്രിയഗായകന് മലയാളിമനസ്സിന്റെ സംഗീതാർച്ചന 🙏🏾
സ്നേഹപൂർവ്വം,



