തിരുവനന്തപുരം; സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കല രാജുവിന്റെ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഗൗരവമായി കാണണം. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂത്താട്ടുകുളം നഗരസഭയിലെ വനിത കൗൺസിലറെ തട്ടിക്കൊണ്ടുപോയെന്ന ആക്ഷേപം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. അനൂപ് ജേക്കബാണ് നോട്ടീസ് അവതരിപ്പിച്ചത്.
അവിശ്വാസ പ്രമേയഘട്ടത്തിൽ ആവശ്യമായ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. അതനനുസരിച്ച് പൊലീസ് സുരക്ഷയൊരുക്കി. ശേഷം ഹൈക്കോടതിയിലെത്തിയ ഹർജി തീർപ്പാക്കി. ആവശ്യമായ സുരക്ഷാ നടപടി സ്വീകരിച്ചിരുന്നു എന്ന സർക്കാർവാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്.
കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ കല രാജുവിനെ നഗരസഭാ അധ്യക്ഷയുടെ കാറിൽ കയറ്റിക്കൊണ്ടുപോയതായാണ് പരാതി. അത് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുത്താനാണെന്ന ആക്ഷേപം ഉന്നയിച്ച് യുഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും നഗരസഭാ കാര്യാലയത്തിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. കൗൺസിലറുടെ മകന്റെ പരാതിയിൽ നാലുപേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പിറവം എംഎൽഎയുടെ നേതൃത്വത്തിൽ
എഴുപത്തഞ്ചോളംപേർക്കെതിരെ പൊലീസ് സ്റ്റേഷനുമുന്നിൽ മാർഗതടസ്സം സൃഷ്ടിച്ചതിനും യുഡിഎഫ് പ്രവർത്തകരെ മർദിച്ചുവെന്ന പരാതിയിൽ സിപിഐ എം പ്രവർത്തകർക്കെതിരെയും അന്വേഷണം നടത്തിവരുന്നു. നഗരസഭാ അധ്യക്ഷയെ യുഡിഎഫ് പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലും അന്വേഷണം നടത്തുന്നുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ ഇല്ല.
രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തെ തടുക്കാൻ കഴിയില്ല. എന്നാൽ, സ്ഥാനം രാജിവച്ചാണ് മറുപക്ഷത്തേക്ക് പോകേണ്ടിയിരുന്നത്. കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം അവിടെ പരാജയപ്പെട്ടു എന്നത് വസ്‌തുതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് ഉപക്ഷേപത്തിന് സ്‌പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.