കൊച്ചി; ഹൈഡ്രജൻ കരുത്തിൽ കുതിക്കാൻ കേരളം. അനെർട്ട് തയ്യാറാക്കിയ ഹൈഡ്രജൻവാലി ഇന്നൊവേഷൻ ക്ലസ്‌റ്റർ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. ശാസ്‌ത്രസാങ്കേതിക മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തിന് പദ്ധതി അർഹത നേടിയിരുന്നു. സംസ്ഥാന വിഹിതംകൂടി പ്രയോജനപ്പെടുത്തിയാകും നടപ്പാക്കുക. 133 കോടിയുടെ പദ്ധതിക്കാണ് രൂപംനൽകിയത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്താകുന്നതിനൊപ്പം പാരിസ്ഥിതിക വെല്ലുവിളികൾ തരണം ചെയ്യലുമാണ് ലക്ഷ്യം.
ഗതാഗതം, ഹൈഡ്രജൻ ഉൽപ്പാദനം, വ്യവസായം എന്നീ മേഖലകളെ അടിസ്ഥാനമാക്കി വിവിധ ജില്ലകളെ ബന്ധപ്പെടുത്തിയാണ് പദ്ധതി. എറണാകുളം ജില്ലയിൽ ജലഗതാഗതത്തിനാണ് ഊന്നൽ. ജലമെട്രോ, ജലഗതാഗതവകുപ്പ് ഉൾപ്പെടെ ഈ രംഗത്തുള്ളവരുമായി സഹകരിച്ച് ചുരുങ്ങിയത് ഏഴ് ഹൈഡ്രജൻ യാനങ്ങൾ യാത്രയ്‌ക്ക് ലഭ്യമാക്കും. ആലപ്പുഴയിൽ ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള ഹൗസ് ബോട്ട് നീറ്റിലിറക്കും. എറണാകുളം–- തിരുവനന്തപുരം റൂട്ടിൽ ചുരുങ്ങിയത് നാല് ഹൈഡ്രജൻ ബസ് സർവീസ് ആരംഭിക്കും. തിരുവനന്തപുരത്ത് സിറ്റി ഗ്യാസ് പദ്ധതിയിൽ ഹൈഡ്രജനും ഉൾപ്പെടുത്താൻ ആലോചിക്കും. കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജൻ ഉൽപ്പാദന പ്ലാന്റുകൾ നിർമിക്കും. വ്യവസായ, വൈദ്യുതി ആവശ്യങ്ങൾക്ക് ഹൈഡ്രജൻ പ്രയോജനപ്പെടുത്തും.
എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ സജ്ജമാക്കുന്ന ഹൈഡ്രജൻവാലി ഇന്നൊവേഷൻ ക്ലസ്‌റ്ററുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. കേന്ദ്ര ശാസ്‌ത്രസാങ്കേതികവകുപ്പിന്റെ ചുരുക്കപ്പട്ടികയിൽ അനെർട്ടിന്റെ പ്രാഥമിക പദ്ധതി റിപ്പോർട്ട് നേരത്തേ ഇടംപിടിച്ചിരുന്നു. തുടർന്നാണ് വിശദ പദ്ധതിരേഖ തയ്യാറാക്കി സമർപ്പിച്ച് സാമ്പത്തിക സഹായത്തിന് യോഗ്യത നേടിയത്.