ഞാൻ ഒന്നാം ക്ലാസിൽ പഠിച്ചു തുടങ്ങിയത് പുത്തൻ പള്ളിയിൽ പ്രവർത്തിച്ചിരുന്ന സേക്രട്ട് ഹാർട്ട് കോൺവെന്റ് സ്കൂളിന്റെ ഭാഗമായിരുന്ന പള്ളിക്കൂടത്തിലാണ്. അവിടെ ഞങ്ങളെ പഠിപ്പിച്ചിരുന്നത് ഒരു കന്യാസ്ത്രീയാണ്. ചെറുപ്പത്തിലെ അറിവില്ലായ്മ കൊണ്ടായിരിക്കാം എനിക്ക് ആ കന്യാസ്ത്രീയെ കണ്ടാൽ സങ്കടം വരും. കാരണം എന്താണെന്നൊ… കന്യാസ്ത്രീ തലയിൽ ഇട്ടിട്ടുള്ള കറുത്ത തുണി പറന്നു പോകാതിരിക്കാൻ ഒരു മുട്ടുസൂചി തലയിൽ കുത്തിയിറക്കിയിട്ടുണ്ട് എന്നാണ് എന്റെ ധാരണ. ഒരു ദിവസം ഞാൻ എന്റെ അമ്മയോട് ഈ കാര്യം പറഞ്ഞു. അമ്മയ്ക്ക് ചിരിയാടക്കാൻ കഴിഞ്ഞില്ല. ഈ കാര്യം അമ്മ അപ്പനോടും ചേച്ചിയോടും ചേട്ടനോടും പറഞ്ഞു. പിന്നീട് എന്നെ പറഞ്ഞു മനസ്സിലാക്കിയതിനു ശേഷമാണ് ഒരു സമാധാനം ഉണ്ടായത്.
ഡിസംബർ മാസമായാൽ കന്യാസ്ത്രീ പറഞ്ഞുതന്നത് പ്രകാരം ഞങ്ങൾ ഉണ്ണിയേശുവിനു കിടക്കാനുള്ള കിടക്ക ഉണ്ടാക്കിത്തുടങ്ങും. നമ്മൾ ചെയ്യുന്ന ഓരോ സൽപ്രവർത്തികൾ കൊണ്ട് വേണം കിടയ്ക്കക്കുള്ള ഉറ തയിച്ചു തുടങ്ങാൻ . ഓരോ ആഴ്ചയിലും അവസാനം ഉറ തയിച്ച കാര്യം കന്യാസ്ത്രീ ചോദിച്ചറിയും.
അങ്ങനെ ക്രിസ്മസിന്‍റെ അന്ന് ആകുമ്പോഴേക്കും നല്ല ഒന്നാന്തരം കിടയ്ക്ക ഉണ്ടാക്കിത്തീരും.
ഞങ്ങളുടെ ചെറുപ്പകാലത്ത് അപ്പനാണ് ക്രിസ്തുമസ് കൂടും , നക്ഷത്ര വിളക്കും ഉണ്ടാക്കിയിരുന്നത്. ക്രിസ്മസിന് മുമ്പ് കുറച്ച് നെല്ല് കിഴികെട്ടി നനച്ച് മുളപ്പിക്കും. അത് ചെറിയ ചട്ടികളിൽ പാകും. ക്രിസ്മസിന്റെ അന്ന് ആകുമ്പോഴേക്കും നല്ല പച്ച നിറമുള്ള നെല്ല് മുളച്ചിട്ടുണ്ടാകും. പുൽക്കൂടിനു മേൽപ്പുര ഉണ്ടാക്കുന്നത് വൈക്കോൽ കൊണ്ടും, മൂന്നു ഭാഗങ്ങളിലും ഈന്തപ്പട്ട കൊണ്ടും മറക്കും. മുമ്പിൽ മുകളിൽ നടുഭാഗത്ത് മാലാഖയുടെ രൂപം പറക്കുന്നത് പോലെ കെട്ടിത്തൂക്കും. മാതാവ്, ഔസേപ്പ് പുണ്യാളൻ, ആട്ടിടയന്മാര്, ആട് ഒട്ടകം പശു മുതലായ മൃഗങ്ങളുടെ രൂപങ്ങളും അതിൽ വയ്ക്കും. മാല ബൾബുകളും, മറ്റു പല അലങ്കാരവസ്തുകൾ കൊണ്ടും പുൽക്കൂട് അലങ്കരിക്കും.
ക്രിസ്തുമസ്സിന്റെ അന്ന് പാതിര കുർബാന കഴിഞ്ഞു വന്നാൽ അപ്പൻ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂടിൽ വെക്കും. പിന്നെ അപ്പൻ പടക്കത്തിന്റെ കുല കത്തിക്കാൻ പോകുമ്പോൾ ആ പ്രദേശത്ത് പിന്നെ എന്നെ കാണുകയില്ല. ഇത് എൻ്റെ ചെറുപ്പകാലത്തെ കഥ.
പിന്നെ ക്രിസ്തുമസ് കാലമായാൽ ഞങ്ങളുടെ വീട്ടിൽ നാടക കാലമാണ്. ചേട്ടൻ സി. ഐ. പോൾ അവധിക്ക് വരുമ്പോൾ വീട്ടിൽ നാടകങ്ങൾ കളിക്കും. ക്രിസ്തുമസ് ആഘോഷം ആയിരിക്കും നാടകങ്ങളിലെ വിഷയം. ചേട്ടൻ തന്നെ എഴുതി, സംവിധാനം ചെയ്യുന്ന നാടകങ്ങളാണ് കളിക്കുക. ചേട്ടനും, ഞാനും, ചേച്ചിയുമാണ് കഥാപാത്രങ്ങളായി അരങ്ങത്ത് വരിക.
വീടിന്റെ മുന്നിലെ നീളത്തിലുള്ള വരാന്തയിൽ കട്ടിലുകൾ കൂട്ടിയിട്ട് സ്റ്റേജ് ഉണ്ടാക്കും. പുതപ്പുകൾ കൂട്ടിയോജിപ്പിച്ചതാണ് കർട്ടൻ. വീടിന്റെ അയൽപക്കത്തുള്ള വീടുകളിലെ അമ്മമാരും, കുട്ടികളും ആണ് കാഴ്ചക്കാരായി ഉണ്ടാവുക. രണ്ടോ, മൂന്നോ നാടകങ്ങൾ ഓരോ അവധിയ്ക്കും ഉണ്ടായിരിയ്ക്കും.
ഇതാണ് എൻ്റെ ഓർമയിലുള്ള ചെറുപ്പകാലത്തെ ക്രിസ്തുമസ് കാലം.