ഇന്നാട്ടിലൊന്നാം തലമുറക്കാർ നമ്മൾ
ഒന്നുമില്ലാതെ വന്നെത്തിയോരൊട്ടേറെ
നന്ദിയെന്നുള്ള രണ്ടക്ഷരമോതുവാൻ
നന്നേ മടികാട്ടി ജീവിച്ചു പോന്നവർ
നന്ദിയുള്ളത്തിലുണ്ടെങ്കിലുമാരോടും
നന്ദിചൊല്ലാൻ മടികാട്ടുന്നോരാണു നാം
നന്നേ വെളുപ്പിനെണീറ്റു സർവ്വേശനെ
നന്നായ് സ്തുതിക്കുന്ന നന്മയുള്ളോർ നമ്മൾ
നന്ദിയും നന്മയുമുള്ളോരിലീശ്വര
സാന്നിദ്ധ്യമുണ്ടെന്നറിക മൽ സോദരാ !
മന്നിലീ ജീവിതം തന്നെന്നെയിത്രനാൾ
മന്നവനീശ്വരൻ പാലിച്ചതാൽ നന്ദി…
വന്ദ്യജനിത്വർ, ഗുരുഭൂതർ ബാന്ധവർ
ഉന്നതത്തിലേറാൻ കൈത്താങ്ങൽ നൽകിയോർ,
എന്നും ഹൃദയചഷകത്തിൽ സ്ഥാനികർ
പിന്നിട്ട പാതയിൽ നൽവഴി കാട്ടിയോർ
പിന്നിട്ട പാതകളോർമ്മയിൽ സൂക്ഷിക്കാം,
ഉച്ചത്തിലേറ്റിയോരേണിപ്പടികളെ
പുച്ഛമായ് നോക്കുന്നോരാകൊല്ല നാമാരും
നന്ദിയുള്ളോരിൽ ഉൺമയുണ്ടായിടും
ഞാൻ മാത്രം മതിയെൻ കാര്യം നടത്തുവാൻ
എന്നു ചിന്തിപ്പവർ മൂഢരത്രേ നൂനം.
ചോരയും നീരുമുള്ളപ്പോളൊട്ടുപേരും
ഈശാനമന്ത്രമുരുവിടാൻ മറന്നേക്കാം
എല്ലാം വറ്റിവരളുമ്പോൾ നിർണ്ണയം
എല്ലാർക്കും ദൈവമാണാശ്രയം ഓർക്കുക!
നോവിന്റെ നോവതി കഠോരതരം വരുമ്പോൾ
നാവിൽ വരുന്നതിമൂല്യ വിശിഷ്ട നേർച്ച
നേവൊട്ടടങ്ങി സുഖമായി വരുന്നനേരം
നാവാദ്യമുരുവിടുന്നതു ദൈവനിന്ദ
ദാഹത്തിനുള്ളകുടിനീരു തരുന്ന കൂപ
വ്യൂഹങ്ങളെ മറക്കുവതാരു പാരിൽ !
ജീവിക്കുവാനുതകുവോരീശന്റെ നാമത്തെ
പൂവിട്ടു കൂപ്പണമതാണറിവിന്റെ പാത. !
നന്ദിയും, നീതിയും, സത്യവും നിറഞ്ഞവരായ്
എന്നും ജീവിക്കവാൻ കൃപയേകുക ദേവാ!!!!