അടുത്തുനിൽക്കും അപരിചിതനെ
നോക്കിയൊന്ന് ചിരിക്കണമാദ്യം !
ചെറുചിരിയിലലിയുമദൃശ്യമറയിൽ ,
ഹൃദയംകൊണ്ടൊന്നു നേരാം,
പുതുവർഷത്തിൽ പുതിയ വെളിച്ചം
പുതുവർണ്ണപ്പൂച്ചെണ്ടാലാശംസ!
സംശയക്കണ്ണിൻ ഇരുളുകൾ നീങ്ങും
പുതിയൊരു ലോകം സ്വപ്നം കാണാം,
മാനവസ്നേഹ ഗാഥകൾ കൊണ്ടൊരു
പുതുലോകത്തിനടിത്തറ പണിയാം,
വാർദ്ധക്യത്തെ ചേർത്തുപിടിക്കാം,
ഏകാന്തതയിൽ എറിയുക വേണ്ട !
അനാഥശിശുക്കൾ സനാഥരാകാൻ
വഴിയൊരുക്കി ചേർത്തു പിടിക്കാം,
യുദ്ധത്തിൻറെ മുറിവുകൾ ഇനിയും
വേണ്ടേ വേണ്ട !
താങ്ങുകയില്ലഭൂമിയിനിയും ദ്വേഷം
ചൊരിയും ,
ആണവ വിഷദൂളികളെ
അണുപോലും !
ഉയരും നിലവിളി യുദ്ധനിലത്തിലെ
ബാല്യങ്ങൾ ,
നാടില്ലാതെ അലയും മാനവരുലകിൽ ,
മാതൃത്വത്തിനും മനുഷ്യത്വത്തിനും
ഉത്തമസ്ഥാനം
നൽകിക്കൊണ്ടതിരേൽക്കാം
പുതിയ പ്രഭാതത്തിൽ
എത്തും നവവർഷത്തേ,
ഹർഷമോടാശ്ലേഷിക്കട്ടെ നമ്മൾ
നന്മകളേ !



