സ്വന്തം നാടുവിട്ട് അനേകശതം നാഴിക ദൂരത്തിലുള്ള ഒരു പുതിയ രാജ്യത്താണ് അവർ വന്ന് കുടി പാർത്തു തുടങ്ങിയത്.അവിടെയാണെങ്കിൽ പത്തിരുന്നൂറു വീടുകളുള്ള ദേശ മേ ഉള്ളുതാനും. അവർക്കെല്ലാം അന്യോന്യം സഹായങ്ങളും സഹകരണങ്ങളും കൂടാതെ സുഖജീവിതം സാധ്യമായിരുന്നില്ല. ഈ വക കാരണങ്ങളാൽ അവിടെ വന്നു കുടിപാർക്കുന്നവരെല്ലാം ഒരു പുതിയയുഗത്തിൽ പ്രവേശിച്ചാലെന്നപോലെ സ്വഭാവത്തിൽ അടിസ്ഥാനപരമായി തന്നെ മാറ്റം ഉള്ളവരായിരുന്നു. പ്രായേണ എല്ലാവരും സത്യസന്ധന്മാരും സൽസ്വഭാവികളും പരോപകാരികളും വിശ്വസ്തന്മാരും മറ്റുമായി തീർന്നു. ചുരുക്കിപറഞ്ഞാൽ കേവലം ഈശ്വരഭജനത്തിനുള്ള സ്ഥലം മാത്രമായിട്ടല്ല, സിവിലും ക്രിമിനലും കോടതികൾ കൂടിയിട്ടാണ് അമ്പലങ്ങൾ വർത്തിച്ചിരുന്നത്.അക്കാലത്ത് അമ്പലങ്ങൾക്ക് ജനങ്ങളുടെമേൽ വലുതായ അധികാരങ്ങളുണ്ടായിരുന്നതായി പറഞ്ഞു കേൾക്കുന്നു. എന്നു വെച്ചാൽ സകലവിധമായ ഭരണാധികാരവും ആ സഭയ്ക്കുണ്ടായിരുന്നു എന്ന് സാരം. പിൻകാലത്ത് വന്ന രാജാക്കന്മാരും ആ തീരുമാനത്തെ അനുസരിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തിരുന്നു.എന്നാൽ പലപ്പോഴും രാജാവിൻ്റെ തീരുമാനങ്ങൾക്കെതിരായി ക്ഷേത്രങ്ങളിലെ സഭ തീരുമാനമെടുക്കുകയും, അങ്ങനെ രാജകല്പനകൾക്ക് വിലയില്ലാതാവുകയും ചെയ്തപ്പോൾ, ഭരണാധികാരമുണ്ടായിരുന്ന പ്രധാന ക്ഷേത്രങ്ങളെല്ലാം രാജാക്കന്മാർ ഊരാളന്മാരിൽ നിന്നും പിടിച്ചെടുക്കുകയാണ് ഉണ്ടായത്. പ്രധാന ഗ്രാമസങ്കേതമായിരുന്ന പന്നിയൂർ ക്ഷേത്രത്തെ സാമൂതിരി തൻ്റെ വരുതിയിൽ വരുത്തുവാൻ വേണ്ടി നശിപ്പിച്ച കഥ പ്രസിദ്ധമാണല്ലോ! ശുചീന്ദ്രം, തിരുവനന്തപുരം, തിരുവല്ല എന്നീ മൂന്നു ക്ഷേത്രങ്ങളിലേയും സഭയ്ക്കുണ്ടായിരുന്ന അധികാരം പിടിച്ചെടുത്തത് മാർത്താണ്ഡവർമ്മ മഹാരാജാവാണ്. മാത്രവുമല്ല തിരുവിതാംകൂറിലെ പ്രധാനക്ഷേത്രങ്ങളെല്ലാം മൺട്രോ സായ്പിൻ്റെ കാലത്ത് ബലം പ്രയോഗിച്ചു പിടിച്ചടക്കിയതിനു കാരണവും ഇതു തന്നെ.
പണ്ടൊക്കെ കേരളത്തിൽ ക്ഷേത്രഭരണമാണുണ്ടായിരുന്നതെന്ന് പറഞ്ഞ് പലരും അപഹസിക്കാറുണ്ട്. ഇന്നത്തെ ന്യായാസനങ്ങൾ അതായത് – സിവിൽ- ക്രിമിനൽ കോടതികളും നടപടികളും അന്നത്തേക്കാൾ വളരെ വിശേഷമാണന്നാണല്ലോ പലരും പറയുന്നത്. എന്നാൽ അത് നമുക്ക് ഒന്ന് പരിശോധിക്കാം. ഒന്നാമതായി പറയാനുള്ളത് ഇന്നത്തെ കോടതികൾ സത്യക്കോടതി കളല്ല. ന്യായക്കോടതികളാണ്. സത്യവും ന്യായവും പലപ്പോഴും ഒന്നാവണമെന്നില്ല. സിവിലാകട്ടെ ക്രിമിനലാകട്ടെ ഇന്നുണ്ടാകുന്ന വിധികൾ നൂറു ശതമാനവും സത്യപ്രകാരമായിരിക്കുമെന്ന് ആർക്കേങ്കിലും പറയുവാൻ കഴിയുമോ?എല്ലാ വിധികളും ന്യായത്തേയും രേഖകളേയും ആശയിച്ചാണ് എടുക്കുന്നത്.
ഇനി അതാതു ദേശത്തുള്ളവർക്ക് അതാതു ദേശക്കാരെയെല്ലാം സാമാന്യമായി അറിയാം. കള്ളന്മാരേയും സത്യസന്ധന്മാരേയും അവർ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ടായിരിക്കും. വിധികർത്താവ് സത്യസന്ധനായാൽ മതി. അപ്പോൾ കള്ളവാദത്തെ തള്ളി സത്യപ്രകാരം വിധിക്കാൻ കഴിയും.ക്ഷേത്രഭരണകാലത്തെ ജനങ്ങൾ നല്ലവരായിരുന്നു. അതിനാൽ വിധികളെല്ലാം സത്യപ്രകാരമാണ് നടന്നിരുന്നത്.
മുൻപറഞ്ഞ പ്രകാരം ക്ഷേത്രത്തോടുകൂടി ഒരു ദേശം പൂർത്തിയായാൽ പിന്നെ വരുന്നവർ അടുത്ത പ്രദേശത്തേയ്ക്ക് കടക്കുകയായി. ഭൂമി കിളച്ചു കണ്ടങ്ങളാക്കി നെൽകൃഷി ചെയ്യുവാൻ കൂടുതൽ എളുപ്പമുള്ള അടുത്ത ലവൽ പ്രദേശമായിരിക്കും അത്. മുമ്പേ വന്ന് കുടി പാർത്തു തുടങ്ങിയിട്ടുള്ളവർക്ക് ഭൂപ്രകൃതി കൂടുതൽ അറിയാവുന്നതിനാൽ, പിന്നെ വരുന്നവർ ആ വക വിഷയങ്ങളിൽ അവരുടെ അഭിപ്രായം ആരാഞ്ഞിരുന്നു. പുതിയ കുടി പാപ്പുകാർ ഉണ്ടാകുന്നത് അവർക്കാവശ്യവും സന്തോഷവുമാകയാൽ അവരാൽ കഴിയുന്ന ഉപദേശങ്ങളും ഒത്താശകളും നവാഗതന്മാർക്ക് സന്തോഷത്തോടെ ചെയ്തു കൊടുത്തിരുന്നു. അവിടുത്തെ കാലാവസ്ഥ മനസ്സിലായിട്ടുള്ളതിനാൽ പുതിയ കുടിയേറ്റക്കാർ വരുന്നതും അവരെ വരുത്തുന്നതും പൊതുവേ മകരം – കുംഭം മാസങ്ങളിലായിരിക്കും.
ഈ വിധത്തിൽ ഒരു ദേശത്തിലെ ദേശക്ഷേത്ര നിർമ്മാണ മടക്കമുള്ള എല്ലാ പരിഷ്ക്കാരങ്ങളും പൂർത്തിയാക്കിയതിനു ശേഷമായിരിക്കുമോ അടുത്ത ദേശത്തിൻ്റെ ആരംഭമെന്ന കാര്യം സംശയമാണ്.അങ്ങനെയാവാതിരിക്കാനാണ് സാദ്ധ്യത. അക്കാലത്തെ പരിഷ്ക്കാരത്തിനും ശാസ്ത്രാഭിവൃദ്ധിയനുസരിച്ച് ജീവിതാവശ്യങ്ങൾക്ക് വേണ്ടതായ ഏർപ്പാടുകൾ ഏതാനുമാവുമ്പോഴേയ്ക്കും പിന്നെ വരുന്നവർ അടുത്ത ദേശത്തിൽ കുട്ടി പാർപ്പു ആരംഭിച്ചിട്ടുണ്ടാകണം. എന്നു വെച്ചാൽ ശൂദ്രൻ, ആന്തൂരാൻ, ചാലിയൻ മുതലായ എല്ലാതരം തൊഴിൽക്കാരേയും ആദ്യത്തെ ദേശത്ത് ഏർപ്പാടാക്കുന്നതിന് മുമ്പുതന്നെ പിന്നീടു വരുന്ന കുടി പാർപ്പുകാർക്ക് വേണ്ടി അടുത്ത ദേശത്തിൻ്റെ പണിയിൽ ഏർപ്പെട്ടിട്ടുണ്ടാകാം. അങ്ങനെ കുറെ കൊല്ലങ്ങൾ കഴിയുമ്പോഴായിരിക്കും അഞ്ചെട്ടു – അഥവാ പത്തു പതിനഞ്ചു – ദേശങ്ങളുണ്ടാവുകയും ആദ്യമാദ്യം വരുന്നവരുടെ ദേശങ്ങളിൽ ആവശ്യങ്ങളെല്ലാം പൂർത്തിയാവുകയും സമാധാനത്തോടും സംതൃപ്തിയോടും കൂടിയുള്ള ജീവിതമാരംഭിച്ചിരിക്കുകയും ചെയ്തിരിക്കുക.
ജീവിതത്തിനു ക്ലേശമില്ലാതെ ദിവസങ്ങൾ ഉണ്ടായാലെ ഈശ്വര ചിന്തയും കലാവിദ്യകളും ഉത്ഭവിക്കൂ എന്ന് പറയുന്നത് സത്യമാണ്.ഈ ഘട്ടമെത്തിയ അവസരത്തിലായിരിക്കും ആദ്യം വന്ന ദേശക്കാർ ദേശക്ഷേത്രത്തിൻ്റെ കാര്യം ആലോചിച്ചു തുടങ്ങിയിരിക്കുക.
ചെറിയ ദേശങ്ങളാണെങ്കിൽ ഒന്നിലധികം ദേശങ്ങൾക്കുകൂടി ഒരു ക്ഷേത്രമേ ഉള്ളൂ എന്നും വരാം. ഇവിടെ ചെറുപ്പ – വലിപ്പങ്ങൾക്കടിസ്ഥാനം ഭൂമിയുടെ വിസ്തീർണ്ണമല്ലെന്നു അവിടെ കുടിപാർക്കുന്ന നമ്പൂതിരിയില്ലങ്ങളുടെ എണ്ണമാണെന്നും പ്രത്യേകം പ്രസ്താവ്യമാണ്.



