നാടകഗാന രചയിതാവും പ്രശസ്ത ഭക്തിഗാന സ്രഷ്ടാവുമായിരുന്ന ആലപ്പി ഹരിദാസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് (02/06/25) ഉച്ചയ്ക്ക് 12 മണിക്ക് വലിയചുടുകാട്ടിൽ നടക്കും. സ്വന്തം ശൈലിയിലൂടെ മൂവായിരത്തിലധികം ഭക്തിഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തിയ അദ്ദേഹം, സായി ഭക്തിഗാനങ്ങൾക്ക് പുറമെ മുസ്ലിം, ക്രൈസ്തവ ഗാനങ്ങളും രചിച്ചിട്ടുണ്ട്.
കേരളത്തിലെ സത്യസായി സേവ സംഘടനയിലെ സായി ഭജൻ ഗ്രൂപ്പിന്റെ അമരക്കാരനായിരുന്നു അദ്ദേഹം. സർവമത പ്രാർത്ഥനാ ഗീതങ്ങളിലൂടെയും ഭജനകളിലൂടെയും വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ഹരിദാസിന് സാധിച്ചു.
സിനിമ പിന്നണി ഗായകൻ സുധീപ് കുമാർ, പ്രശസ്ത ഗായകൻ ഹരിശങ്കറിന്റെ പിതാവ് ആലപ്പി ശ്രീകുമാർ എന്നിവരുൾപ്പെടെ വലിയൊരു ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ വിയോഗം സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ്.



