നേപ്പാളിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 13 മലയാളികൾ കൂടി സുരക്ഷിതരായി നാട്ടിലെത്തി. കോഴിക്കോട് കുന്നമംഗലം സ്വദേശികളായ നാലംഗ കുടുംബവും ഡാർജിലിങ്ങിലെത്തിയ നാലംഗ കുടുംബവും കാസർഗോഡു നിന്നുള്ള അഞ്ചംഗ സംഘം എന്നിവരാണ് ഇന്ന് നാട്ടിലെത്തിയത്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങിയെത്തിയവരുടെ എണ്ണം 29 ആയി.
കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ 19 മലയാളികൾ ഉൾപ്പെടുന്ന 23 അംഗ സംഘത്തിലെ 11 പേർ ഡൽഹിയിലെത്തിയിട്ടുണ്ട്. ഇവർ കേരളത്തിലേക്കും തങ്ങളുടെ ജോലിസ്ഥലങ്ങളായ മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും യാത്ര തിരിച്ചു. സംഘത്തിലെ എട്ടു മലയാളികൾ നിലവിൽ കാഠ്മണ്ഡുവിൽ സുരക്ഷിതരാണ്. യാത്രാ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് ഇവരും നാട്ടിലേക്ക് മടങ്ങും. കൈലാസത്തിന്റെ ബേസ് ക്യാമ്പായ ദാർച്ചയിൽ നിൽക്കുമ്പോഴാണ് ഇവർ പ്രളയത്തിൽപ്പെടുന്നത്. തുടർന്ന് ഇവരെ കോട്ടാരി വഴി സേവ ക്യാമ്പിൽ എത്തിക്കുകയായിരുന്നു.
നേപ്പാളിൽ നിന്നും മടങ്ങുന്നവരിൽ ഡോ. രേഖാ നായരുടെ നേതൃത്വത്തിലുള്ള ആറംഗ ഡോക്ടർമാരുടെ സംഘവും ഉൾപ്പെടുന്നു. ഇവർ വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ എത്തും. ഇതിൽ മറ്റു അഞ്ചു പേർ കേരളത്തിൽ കുടുംബവേരുകളുള്ള ബ്രിട്ടീഷ് പൗരന്മാരാണ്. കൂടാതെ, കാഠ്മണ്ഡുവിലേക്ക് വിനോദയാത്രയ്ക്ക് പോയി കുടുങ്ങിയ 44 പേരടങ്ങുന്ന മലയാളി സംഘം ഗോരക്പൂരിൽ നിന്നും റോഡ് മാർഗ്ഗം ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാത്രി ബാംഗ്ലൂരിൽ എത്തുന്ന ഇവർ അവിടെ നിന്ന് റോഡ് മാർഗ്ഗം തിങ്കളാഴ്ച (ആഗസ്റ്റ് 31) രാവിലെയോടെ കോഴിക്കോട്ട് എത്തും.
നേപ്പാളിൽ പ്രളയത്തെത്തുടർന്ന് ഹെൽപ്പ് ലൈനുകളിൽ രജിസ്റ്റർ ചെയ്തവരിൽ ഇനി അഞ്ചു പേരുമായി മാത്രമാണ് ആശയ വിനിമയം സാധ്യമാകാനുള്ളത്. ഇതിൽ നാലു പേർ ഓസ്ട്രേലിയൻ പൗരത്വമുള്ള മലയാളികളും ഒരാൾ ബ്രിട്ടീഷ് പൗരത്വമുള്ളയാളുമാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.



