കുരുത്തോലകളുടെ സാക്ഷ്യത്തിൽ ഓശാന ഞായർ ആചരിച്ച് വിശ്വാസി സമൂഹം. സ്നേഹത്തിന്റെയും പ്രത്യാശയുടെയും ഞായറാഴ്ചയായാണ് ഓശാന ഞായറിനെ ക്രൈസ്തവ സമൂഹം കണക്കാക്കുന്നത്
ക്രിസ്തുദേവൻ കുരിശിലേറ്റപ്പെടുന്നതിന് മുൻപ് കഴുതപ്പുറത്തേറി ജറുസലേമിലേക്ക് വന്നപ്പോള്‍, ജനങ്ങള്‍ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ‘ദാവീദിന്റെ പുത്രന് ഓശാന’ പാടി വരവേറ്റ സംഭവത്തെ അനുസ്മരിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഓശാന പെരുന്നാള്‍ ആചരിക്കുന്നത്.
വലിയ നോയമ്പ് കാലത്തെ ഏറ്റവും ഭക്തിസാന്ദ്രമായ വിശുദ്ധ വാരത്തിനാണ് ഓശാന ഞായറോടെ തുടക്കമാവുന്നത്.
ഭൗതികമായ അധികാരത്തിന് ഉപരിയായി, സ്നേഹത്തിലൂടെയും വിനയത്തിലൂടെയും മനുഷ്യഹൃദയങ്ങള്‍ കീഴടക്കാം എന്ന യേശുദേവന്റെ മഹത്തായ സന്ദേശമാണ് ഓശാന നല്‍കുന്നത്.
ഓശാന പെരുന്നാളിന്റെ ഭാഗമായി ക്രിസ്തീയ ദേവാലയങ്ങളിലെല്ലാം തന്നെ പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും നടന്നു. കുരുത്തോലകളും പൂക്കളുമായാണ് വിശ്വാസികൾ കൂട്ടത്തോടെ പള്ളികളില്‍ എത്തിയത്.
ഓശാന ദിനമായ ഞായറാഴ്ച വൈകുന്നേരത്തോടെ വിശുദ്ധ വാരത്തിൻ്റെ പ്രാർത്ഥനകൾക്കും തുടക്കമാവും..



