Monday, August 31, 2026
Homeഅമേരിക്ക"ഗുരുദക്ഷിണ ;;" ✍രാജു മൈലപ്രാ

“ഗുരുദക്ഷിണ ;;” ✍രാജു മൈലപ്രാ

ഫൊക്കാനാ കാലഹാരി കൺവെൻഷൻ ലോബിയിലെ തിരക്കിൽ, പഴയ സൗഹൃദങ്ങൾ പുതുക്കി മുന്നോട്ടു നടന്നു നീങ്ങുമ്പോൾ, കൈയിലൊരു മൃദു സ്‌പർശം.

ആരാണെന്നറിയുവാൻ വേണ്ടി തിരഞ്ഞു നോക്കിയപ്പോൾ വിടർന്ന പുഞ്ചിരിയുമായി ഒരു സ്ത്രീ ‘ഓർമ്മയുണ്ടോ സാറേ, ഈ മുഖം?’

പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. പഴയ ഓർമ്മകളുടെ ശേഖരത്തിലൊന്നും ആ മുഖം തെളിയുന്നില്ല.

‘സത്യം പറഞ്ഞാൽ എനിക്കു മനസ്സിലായില്ല-‘ ഞാൻ ഉള്ള സത്യം പറഞ്ഞു.

‘പെട്ടെന്നു മനസ്സിലായില്ല എന്നു പറയാതെ ശരിക്കൊന്നു ഓർത്തു നോക്കിക്കേ! പഴയ പരിചയക്കാരു വല്ലതുമായിരിക്കും.’ ആ കമൻ്റ് എൻ്റെ ഭാര്യയുടെ സംഭാവനയാണ്. അവളുടെ സ്വരത്തിൽ ഒരു കൊടുങ്കാറ്റിൻ്റെ ഇരമ്പൽ!

‘സാറേ! ഇതു ഞാനാ-മേഴ്‌സി കുറിയാക്കോസ്- സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്- ചിരിച്ചു കൊണ്ടവർ പറഞ്ഞു.

ഞാനോ?’- എനിക്ക് എന്നെത്തന്റെ സംശയം.

‘നിങ്ങളിവരെ പഠിപ്പിച്ചിട്ടുണ്ടാവും- അല്ലെങ്കിൽ അവർ അങ്ങിനെ ഉറപ്പു പറയില്ലല്ലോ!! നിങ്ങളത്ര പുണ്യാളനൊന്നും ചമയണ്ടാ!’ ആ സ്വഭാവ സർട്ടിഫിക്കറ്റ് എൻ്റെ ഭാര്യയുടെ വകയാണ്.

മേഴ്സി കുറിയാക്കോസിൻ്റെ സമീപം ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ആണൊരുത്തൻ നിൽപുണ്ട്. അയാളുടെ മുഖത്ത് സംശയത്തിൻ്റെ ഒരു മസിലു പിടുത്തം.

‘സാറേ! കൊട്ടാരക്കര ‘കിംഗ്‌സ് കോളേജിൽ’ സാറായിരുന്നു ഇംഗ്ലീഷ് ലിറ്ററേച്ചറിനു ഞങ്ങൾക്ക് ക്ലാസ്സെടുത്തിരുന്നത്!’ മേഴ്‌സി സസ്പെൻസിനു വിരാമമിട്ടു.

ഓർമ്മകൾ റീവൈൻഡു ചെയ്‌തപ്പോൾ അങ്ങിനെയും ഒരു കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു എന്ന ചിത്രം തെളിഞ്ഞു വന്നു.

‘കർത്താവേ! ഒരു കാലത്ത് ഞാനൊരു അദ്ധ്യാപകൻറെ കുപ്പായം അണിഞ്ഞിരുന്നല്ലോ!’-ഞാനൊന്നു ഞെളിഞ്ഞു.
‘വേഷങ്ങൾ, ജന്മങ്ങൾ
വേഷം മാറാൻ നിമിഷങ്ങൾ
നാമറിയാതാടുകയാണീ ജീവിത വേഷം-‘
മനസ്സിന്റെ ഏതോ കോണിലിരുന്നു ദാസേട്ടൻ മുളുന്നു.

ഡിഗ്രി സമ്പാദിച്ച ശേഷം, ഒരു സർക്കാർ ജോലി തെണ്ടി നടക്കുന്ന ഇടവേളയിലൊരു അഭയകേന്ദ്രമായിരുന്നല്ലോ പഴയകാലത്ത്, പലർക്കും പാരലൽ കോളേജ്.

എന്റെ സഹോദരി ഭർത്താവ്, രാജൻ സാറിനു കൊട്ടാരക്കയിൽ ‘കിംഗ്‌സ് കോളേജ്’ എന്ന പേരിൽ പ്രശസ്തമായ ഒരു അദ്ധ്യാപന സ്ഥാപനം ഉണ്ടായിരുന്നതു കൊണ്ട്, അവിടെ ഒരു സ്റ്റാഫായി ഡയറക്ട്‌റ്റ് അപ്പോയിൻ്റുമെൻ്റ് കിട്ടി.

‘Food And accomodation Free’ – വീക്കെൻഡിൽ വീട്ടിൽ പോയി വരുവാനുള്ള അലവൻസും അനുവദിച്ചിരുന്നു.

ബോണസ്സായി, പുലമൺ ജംഗ്ഷനിലെ പ്രശസ്തമായ പോറ്റി ഹോട്ടിലിൽ നിന്നും കാപ്പികുടി. ആ ഹോട്ടലിലെ ഇഡലി ആയിരുന്നു ഇഡലി. നാവിൻ തുമ്പിലലിയുന്ന രുചി, ഇന്നും രസമുകുളങ്ങളിൽ തങ്ങി നിൽക്കുന്നു.

ഞാൻ ‘Fresh off the college’ ആയിരുന്നതിനാൽ പല വിദ്യാർത്ഥികളും സമപ്രായക്കാരായിരുന്നു.

‘അന്നു സാറിനെ കാണാൻ വലിയ തരക്കേടില്ലായിരുന്നു. ഇപ്പോഴെന്തു പറ്റി? ആകപ്പാടെ അങ്ങ് ഓഞ്ഞു പോയല്ലോ!’

അടിമുടി എന്നെ ഒന്നു വീക്ഷിച്ച ശേഷം, ഒരു മേഴ്‌സിയുമില്ലാതെ, മേഴ്‌സി തന്റെ ആകാരഭംഗിയെപ്പറ്റി ഒരു അവലോകനം നടത്തി.

‘അതു പിന്നെ അങ്ങേർക്കു ഇത്രേം പ്രായമില്ലിയോ? ഞാനിങ്ങേരേക്കാൾ പത്തു വയസ്സിനു ഇളയതാ’-പ്രായത്തിന്റെ കാര്യത്തിൽ എൻ്റെ ഭാര്യ കുറച്ചു സെ്ൻസിറ്റീവാണ്.

ആരെങ്കിലും അവളെ, ‘ചേച്ചീ, ആന്റി, അമ്മാമ്മേ,’ എന്നൊക്കെ സംബോധന ചെയ്യുമ്പോൾ എന്റെ ചങ്കിടിക്കും.

‘എനിക്കത്രെ പ്രായമൊന്നുമില്ല. എന്നെ പേരു വിളിച്ചാൽ മതി.’ എന്നൊരു മുന്നറിയിപ്പ് ചിലപ്പോൾ നൽകാറുമുണ്ട്.

‘ഇങ്ങേരുടെ കൂടെ നടക്കുന്നതു കൊണ്ട്, ഞാനും ഒരു കിളവിയാണെന്നാണു ചിലരുടെ വിചാരം.’

ആ കുറ്റവും അവൾ തൻ്റെ തലയിൽ കെട്ടിവെച്ചു. സ്ക്‌കൂളിൽ നേരത്തെ ചേർക്കുവാൻ വേണ്ടി, പ്രായം കൂട്ടിക്കാണിച്ചിരിക്കുകയാണെന്നു പല സ്ത്രീകളും പറയുന്നതു കേട്ടിട്ടുണ്ട്. അങ്ങിനെയാണെങ്കിൽ ഒരു വയസ്സു പ്രായമുള്ളപ്പോൾ തന്നെ പലരും ഒന്നാം ക്ലാസ്സിൽ ചേർന്നിട്ടുണ്ടാവും.

മേഴ്‌സി ഒരു സംസാരപ്രിയ ആണെന്നു തോന്നുന്നു. അന്നു സാറിനെ ഞങ്ങൾ ‘ബോറൻ’ എന്നാണു വിളിച്ചിരുന്നത്. അങ്ങിനെ ഒരു അപരനാമം എനിക്കുണ്ടായിരുന്നു എന്നുള്ളത് ഒരു പുതിയ അറിവാണ്. ‘അളിയൻ’ എന്നു പിള്ളേരു വിളിച്ചിരുന്നത് ഞാനത്ര കാര്യമാക്കിയിരുന്നില്ല.

സാറു ക്ലാസിലേക്കു വരുമ്പോൾ ‘ബോറൻ വരുന്നുണ്ടെന്നു’ പറഞ്ഞു ഞങ്ങൾ അടക്കം ചിരിക്കുമായിരുന്നു.

‘ഇപ്പോഴും ആളൊരു ബോറനാ-‘ അതുവഴി കടന്നു പോയപ്പോൾ കറുകപ്പള്ളി ഒരു കാര്യവുമില്ലാതെ ഒരു കമന്റു പാസ്സാക്കി.

‘സംശയമുണ്ടെങ്കിൽ ഇന്നു വൈകീട്ടത്തെ ‘ചിരിയരങ്ങു’ പരിപാടിയിൽ കുറച്ചു നേരം ഇരുന്നാൽ മതി’-കൂട്ടത്തിലുണ്ടായിരുന്ന കാടാംപുറം ജോസ്, പോളിനെ പിന്താങ്ങി.

അതുകേട്ട്, ഞാനൊഴികെ, എൻ്റെ ഭാര്യ ഉൾപ്പെടെ എല്ലാവരും ചിരിച്ചു.

‘എന്തിനാ എന്നെ ബോറൻ എന്നു വിളിച്ചിരുന്നത്?’ ഏതിനും ഒരു കാരണം വേണമല്ലോ!

‘Bores’ എന്നൊരു Essay -യാണു സാറു ഞങ്ങളെ ആദ്യമായി പഠിപ്പിച്ചത്. സത്യത്തിൽ സാറിന്റെ ക്ലാസു വെറും ബോറായിരുന്നു. മേഴ്‌സി എന്നോടു ഒരു കരുണയും കാണിച്ച. Bores എന്നൊരു essay ഞാൻ പഠിപ്പിച്ചെന്നോ?

ഡിഗ്രി ഉണ്ടായിരുന്നെങ്കിലും ഒരു ‘വാഴക്കുല’ ലൈനിലായിരുന്നു എൻ്റെ പഠിത്തം. ഷേക്സ്പിയർ, ബർണാഡ്ഷാ, ചാൾസ് ഡിക്കൻസ് തുടങ്ങിയ ചില പേരുകൾ കേട്ടിട്ടുണ്ടെങ്കിലും, അവരുടെ വിശ്വസാഹിത്യമൊന്നും എന്റെ പിടിയിൽ ഒതുങ്ങുമായിരുന്നില്ല. എങ്കിലും ഞാനും ഒരു Post Graduate Certificate കരസ്ഥമാക്കി. അത്ഭുതങ്ങൾ- അതങ്ങു സംഭവിക്കുകയാണല്ലോ!

കൺവൻഷൻ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴേക്കും, ഗിന്നസ് ബുക്കിൽ ഇടം നേടിയ മടന്നൂർ ശങ്കരൻകുട്ടിയുടെ ചെണ്ടമേളവും, മോഹിനിമാരുടെ മോഹിനിയാട്ടവും, ‘നന്ദനം’ നടി നവ്യാനായരുടെ(അധിക) പ്രസംഗവും എൻ്റെ മനസ്സിൽ നിന്നും മാഞ്ഞു തുടങ്ങിയിരുന്നു.

‘ബോറൻ’ എന്ന പേര് എനിക്കു സമ്മാനിച്ച ആ കാരണഭൂതൻ ആരാണെന്നറിയാനുള്ള ആകാംക്ഷ എന്നെ അലട്ടിക്കൊണ്ടിരുന്നു.

‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നാണല്ലോ പ്രമാണം. അന്വേഷിച്ചു കണ്ടെത്തി.

ഇരുപതാം നൂറ്റാണ്ടിലെ ഒരു പ്രശസ്ത സാഹിത്യകാരനായിരുന്ന E.V.Lucas എഴുതിയ ‘Bores’ എന്ന Essay യെപ്പറ്റി ആയിരുന്നു മേഴ്‌സിയുടെ പരാമർശം.

ദൈനംദിന ജീവിതത്തിലെ സാധാരണ വിഷയങ്ങളെക്കുറിച്ച് ലളിതവും, രസകരവുമായ ശൈലിയാണു അദ്ദേഹം എഴുതിയിരുന്നത്. ബോറന്മാരെക്കുറിച്ച് എത്രയോ കാലങ്ങൾക്കും മുമ്പ് എഴുതിയ ലേഖനം ഇന്നും വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തിൽപ്പെട്ട ധാരാളം ആളുകളെ അമേരിക്കൻ മലയാളി സമൂഹത്തിൽ കാണാം.

ബോറന്മാർ മറ്റുള്ളവരുടെ സമയത്തെപ്പറ്റി ഒട്ടും ബോധവാന്മാരല്ല. ഇവർ മറ്റുള്ളവരെ സംസാരിക്കുവാൻ അനുവദിക്കാതെ, തങ്ങളുടെ വീരകൃത്യങ്ങൾ വിളംബി കൊണ്ടേയിരിക്കും.

തങ്ങളുടെ രോഗങ്ങൾ, ശസ്ത്രക്രിയകൾ, കഴിക്കുന്ന മരുന്നുകൾ, ഭക്ഷണരീതി, വ്യായാമം എന്നിവയെപ്പറ്റി മറ്റുള്ളവരോടു വിശദീകരിച്ചു അവരെ അങ്ങേയറ്റം ബോറടിപ്പിക്കും. ചിലർ തങ്ങളുടെ മൂലക്കുരു സർജറി നടന്ന ഭാഗം വരെ പ്രദർശിപ്പിക്കുവാൻ മടിയില്ലാത്തവരാണ്.

തങ്ങളുടെ മക്കളുടെ നേട്ടത്തെപ്പറ്റി വാ തോരാതെ സംസാരിക്കുന്ന പലരുമുണ്ട്. കൂട്ടത്തിൽ അവരുടെ ഫോട്ടോയും!

ചിലർക്കു കുടുംബ പാരമ്പര്യത്തെപ്പറ്റിയുള്ള പൊങ്ങച്ചം പറയുവാനുള്ള താൽപര്യം- ‘പകലോമറ്റം’ വിട്ടൊരു കളിയില്ല. കേട്ടവർ വീണ്ടും ചിരിക്കണം എന്ന വാശി പിടിച്ചുകൊണ്ട്, ഒരേ തമാശ പലതവണ ആവർത്തിച്ചു പറയുന്നവരുണ്ട്. (എന്നെപ്പറ്റി അങ്ങിനെ ഒരു അപവാദം ഉള്ളതിനെപ്പറ്റി ഞാൻ ബോധവാനാണ്.)

പ്രസംഗിച്ചു മനുഷ്യരെ ബോറടിപ്പിച്ചു വെറുപ്പിക്കുന്ന ചിലരുണ്ട് നമ്മുടെ സമൂഹത്തിൽ. എവിടെ മൈക്കു കണ്ടാലും ഏവർ ചാടി വീഴും.

പ്രസംഗത്തിലൂടെ ആളുകളെ മുഷിപ്പിക്കുന്ന ചില പുരോഹിതന്മാരുമുണ്ട്. ആരെങ്കിലും മരിച്ചെന്നറിഞ്ഞാൽ, ഒരു പത്തു പതിനഞ്ചു പട്ടക്കാരെങ്കിലും സഭാവൈരം മറന്ന്, പരേതനു അന്തിമോപചാരം അർപ്പിക്കുവാൻ അവിടെയെത്തും. നല്ല കാര്യം. പക്ഷേ, ഈ പതിനഞ്ചു പേരും ചരമപ്രസംഗം നടത്തണമെന്നു വാശി പിടിക്കുന്നതു ശരിയല്ല. ഒരേ സന്ദേശമാണ് അവരവരുടെ ശൈലിയിൽ അവർ ആവർത്തിക്കുന്നത്.

ഏതെങ്കിലും കുട്ടികൾ മരിച്ചാൽ ‘ഒരു തോട്ടക്കാരൻ, തൻ്റെ തോട്ടത്തിലെ ഏറ്റവും മനോഹരമായ പുഷ്പം നുള്ളിയെടുക്കുന്നതു പോലെ, സ്വർഗ്ഗീയ ഭവനം അലങ്കരിക്കുവാനായി കർത്താവ് ആ കുഞ്ഞിനെ നേരത്തെ വിളിച്ചു. അതിൽ നമുക്കു സന്തോഷിക്കാം. ‘കുഞ്ഞിൻ്റെ മരണത്തിൽ നെഞ്ചുപൊട്ടിയിരിക്കുന്ന, മാതാപിതാക്കളോടാണു കത്തനാര് ഈ കാച്ചു കാച്ചുന്നത്.

‘ഞാൻ നല്ല പോരാട്ടം പോരാടി, ഓട്ടം തികച്ചു, വിശ്വാസം കാത്തു- ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.’

ജീവിച്ചിരുന്ന കാലത്ത് പള്ളിയിൽ കയറാതെ, പട്ടക്കാരെ ചീത്തയും വിളിച്ചു നടന്ന വല്യപ്പനെപ്പറ്റിയാണു പരാമർശം.

ചില വിവാഹവേളയിൽ ഉപദേശിമാർ ഇത്തരം കൊലച്ചതി ചെയ്യാറുണ്ട്. ഒരു നല്ല കുടുംബജീവിതം എങ്ങിനെ നയിക്കണമെന്ന് വധുവരന്മാരെ ഉദ്ബോധിപ്പിക്കുകയാണ് നീണ്ട അറുബോറൻ പ്രസംഗത്തിലൂടെ

ഒന്നു നിർത്തി പോടേയ്- താനൊന്നു പോയിട്ടു വേണം ഞങ്ങൾക്ക് കുടുംബം ഉണ്ടാക്കുവാനുള്ള ഒരു ശ്രമം നടത്തേണ്ടത്’- എന്നായിരിക്കും വധുവരന്മാരുടെ മനസ്സിൽ!
** ** **
വർഷങ്ങൾക്കു ശേഷം, ഞാൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്നെ തിരിച്ചറിഞ്ഞു എന്നു സത്യമാണ്, ഈ ഫൊക്കാനാ കൺവെൻഷനിൽ എനിക്കു ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

‘ബോറൻ’ എന്നു പേര് ഞാൻ പോലും അറിയാതെ എനിക്കു ചാർത്തി തന്ന E.V.Lucas- നോടും എനിക്കു നന്ദിയുണ്ട്.
** ** **

മേഴ്‌സി കുറിയാക്കോസിനോട് ഒരു അപേക്ഷയുണ്ട്.

ഗുരുദക്ഷിണയായി എനിക്കൊന്നും വേണ്ടാ-എന്നെ ഇനി എവിടെ വെച്ചെങ്കിലും കാണാനിടയായാൽ, ദയവു ചെയ്തു‌ ഞാൻ മേഴിയുടെ അദ്ധ്യാപകനായിരുന്നു എന്ന് ആരോടും പറയരുതേ!

‘മാതാ, പിതാ, ഗുരു, ദൈവം’

രാജു മൈലപ്രാ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ