ന്യൂഡൽഹി: സ്ത്രീധനം ആവശ്യപ്പെടുകയും നൽകുകയും ചെയ്യുന്ന പലരും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്ന സാഹചര്യത്തിൽ, ഇത്തരം കേസുകളിലെ വിചാരണ നടപടികൾ വേഗത്തിലാക്കാൻ സുപ്രീം കോടതി നിർദേശം. സ്ത്രീധന കേസുകളിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്നും കെട്ടിക്കിടക്കുന്ന ക്രിമിനൽ അപ്പീലുകൾ ഹൈകോടതികൾ ഇടക്കിടെ പരിശോധിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
സ്ത്രീധനം ആവശ്യപ്പെടുന്നതും നൽകുന്നതും സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ ആചാരമാണെന്ന് കോടതി നിരീക്ഷിച്ചു. 1961ലെ സ്ത്രീധന നിരോധന നിയമം നടപ്പാക്കുന്നതിൽ വിവിധ പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുവെന്ന് നേരത്തെ പല വിധിന്യായങ്ങളിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഈ സാഹചര്യം വേഗത്തിൽ മാറില്ലെന്നതിനാൽ നിയമനിർമാണ വിഭാഗം, നീതിന്യായ വ്യവസ്ഥ, നിയമപാലന ഏജൻസികൾ, സിവിൽ സൊസൈറ്റി സംഘടനകൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെയും ഏകോപിതമായ ഇടപെടൽ ആവശ്യമാണെന്നും കോടതി പറഞ്ഞു.
കുറ്റപത്രം സമർപ്പിച്ച ശേഷം പ്രതിയുടെ സാന്നിധ്യം സാധ്യമായത്ര വേഗത്തിൽ ഉറപ്പാക്കാൻ വിചാരണ കോടതികൾ ശ്രമിക്കണം. നിയമപരമായ സുരക്ഷാ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, തുടർന്ന് 60 മുതൽ 90 ദിവസത്തിനുള്ളിൽ കുറ്റം ചുമത്തുന്ന നടപടികൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
അനാവശ്യമായ മാറ്റിവെക്കലുകൾ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. മാറ്റിവെക്കൽ അനുവദിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതിന്റെ കാരണം രേഖാമൂലം വ്യക്തമാക്കണം. മതിയായ കാരണമില്ലാതെ പ്രതിഭാഗം അഭിഭാഷകൻ തുടർച്ചയായി ഹാജരാകാത്ത സാഹചര്യത്തിൽ നിയമസഹായ അഭിഭാഷകനെയോ അമിക്കസ് ക്യൂറിയെയോ നിയോഗിച്ച് വിചാരണ അനാവശ്യമായി വൈകുന്നത് തടയണമെന്നും കോടതി പറഞ്ഞു.



