✍️✍️’സ്ത്രീ പങ്കാളി’ പുരുഷൻ്റെ ഗാഢ സൗഹൃദത്തിൽ ഇടം നേടാതെ വരുമ്പോൾ …….
Intimacy എന്ന വാക്കിൻറെ അർത്ഥം ‘ഗാഢ സൗഹൃദം’ / ‘ആത്മസൗഹൃദം’ എന്നൊക്കെയാണെങ്കിൽ പുരുഷന് ഗാഢ സൗഹൃദം ആരോടാണ്?
അത് തന്റെ പങ്കാളിയായ സ്ത്രീയോട് അല്ല;
മറിച്ച് മറ്റു പുരുഷന്മാരോടാണ്.
സമൂഹത്തിലെ ഭൂരിപക്ഷം പുരുഷന്മാരുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി.
ജനറേഷൻ Z കുറേയെങ്കിലും ഇക്കാര്യത്തിൽ വ്യത്യസ്തരാണ് എന്നത് വാസ്തവം തന്നെ.
അതുകൊണ്ടാണ് പുരുഷന്മാരായ സുഹൃത്തുക്കളോടൊന്നിച്ച് അവർ യാത്രകൾ കൂടുതലായി പോകുന്നതും കൂടുതൽ സമയം ചെലവഴിക്കുന്നതും.
പങ്കാളിയായ സ്ത്രീയെക്കാൾ തൻ്റെ പ്രശ്നങ്ങളും ചിന്തകളും പുരുഷൻമാർ കൂടുതൽ പങ്കുവയ്ക്കുന്നതും പുരുഷ സുഹൃത്തുക്കളുമായിട്ടായിരിക്കും.
ഫെയ്സ്ബുക്കിലെ അല്ലെങ്കിൽ insta യിലെ പുരുഷന്മാരുടെ യാത്രാ ചിത്രങ്ങൾ നോക്കൂ!
ഇത് ശരിയാണോ അല്ലയോ എന്ന് മനസ്സിലാക്കാം.
ഇത്തരം പുരുഷന്മാരിൽ ചിലർക്ക് സ്ത്രീ കൂടുതലായും ഒരു property മാത്രമാണ് .
പേരിനവർ പങ്കാളിയെ സ്നേഹിക്കുന്നു.
പങ്കാളി തൻ്റെ ചിന്തകളും വികാരങ്ങളും പങ്കുവയ്ക്കപ്പെടാൻ അർഹയല്ല എന്ന് സ്വയം അവർ തീരുമാനിക്കുന്നു.
അത്തരം സന്ദർഭങ്ങളിൽ സ്ത്രീയുടെ മനസ്സിൻ്റെ ഉള്ളറകളിൽ രൂപപ്പെടുന്ന നൊമ്പരത്തിൻ്റെയും നിരാശയുടെയും ഗർത്തങ്ങൾ അവൻ മനസ്സിലാക്കുന്നില്ല.
പുരുഷൻ എല്ലാം എടുക്കാനുള്ളവനും സ്ത്രീ എല്ലാം കൊടുക്കാനുള്ളവളും എന്ന ചിന്താഗതിയാണ് ഇത്തരക്കാരെ നയിക്കുന്നത്.
ഇനി പങ്കാളിയെ ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നുവെങ്കിലും ചിലർ ഗാഢ സൗഹൃദത്തിൽ പങ്കാളിയെ കൂട്ടുന്നില്ല.
ആൺ സുഹൃത്തിനോട് പങ്കുവെക്കുന്ന ചിന്തകളും വിഷയങ്ങളും എങ്ങനെ സ്ത്രീ പങ്കാളിയോട് പങ്കുവയ്ക്കും എന്ന ആശങ്ക ഇവരിൽ പലർക്കും ഉണ്ട്.
അത് സ്ത്രീകൾക്ക് ഉൾക്കൊള്ളാൻ :കഴിയില്ല എന്നവൻ ആദ്യമേ നിശ്ചയിച്ചുറപ്പിക്കുന്നു.
പങ്കാളിയോട് തുറന്ന് സംസാരിച്ച് ഇത് ഉറപ്പുവരുത്തുന്നില്ല.
താനാഗ്രഹിക്കുന്ന സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുമോ എന്ന ഭയമവനുണ്ട്.
തങ്ങളുടെ ചിന്തകൾ, രഹസ്യങ്ങൾ, വികാരങ്ങൾ, ഹോബികൾ ഇവയൊക്കെ പങ്കുവെക്കാനും കൂടെ കൂട്ടാനും പുരുഷന്മാർ പുരുഷ സൗഹൃദങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതിന് വേറെയുമുണ്ട് കാരണങ്ങൾ.
പങ്കാളിയുടെ wavelength ൽ നീങ്ങാൻ കഴിയാത്ത ചില സ്ത്രീകൾ അതിന് കാരണമാകുന്നുണ്ട്.
പുരുഷൻറെ എല്ലാ ചിന്താഗതികളും ഉൾക്കൊള്ളാൻ കഴിയാത്ത സ്ത്രീപങ്കാളികളും കാരണക്കാരാണ്.
പരാജയപ്പെടുകയോ തീരെ ദുർബലമാവുകയോ ചെയ്യുന്ന സെക്സും ഒരു കാരണമാണ്.
ഒരു വിധത്തിലും അഡ്ജസ്റ്റ് ചെയ്യാത്ത, സഹകരിക്കാത്ത സ്ത്രീകളും കാരണക്കാരാണ്.
മറിച്ച് സ്ത്രീയുടെ കാര്യം വ്യത്യസ്തമാണ്.
കൂടുതൽ സ്ത്രീകളും intimacy ആഗ്രഹിക്കുന്നത് തൻ്റെ പങ്കാളിയായ പുരുഷനുമായാണ് .
പുരുഷൻ്റെ മേൽപ്പറഞ്ഞ സ്വഭാവം കാരണം അത് കിട്ടാതെ വരുമ്പോൾ മാത്രം സ്ത്രീ ഒന്നുകിൽ തൻ്റെ സ്ത്രീ സൗഹൃദങ്ങളിൽ അഭയം തേടുന്നു.
അല്ലെങ്കിൽ തന്നെ മനസ്സിലാക്കാൻ, തൻ്റെ ചിന്തകൾ ഏറ്റുവാങ്ങാൻ, തൻറെ വികാരങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പുരുഷനിൽ അഭയം തേടുന്നു.
എല്ലാ സ്ത്രീകളും അല്ല ; ചിലർ.
അതിനെ നാം ‘അവിഹിതബന്ധം’ എന്നോ
‘പരപുരുഷ ബന്ധം’ എന്നോ ‘ വിവാഹേതരബന്ധം’എന്നോ പല പേരുകൾ പറഞ്ഞു വിളിക്കുന്നു.
പുരുഷന്മാർക്ക് ഒന്നിലധികം അവിഹിതബന്ധങ്ങൾ / വിവാഹേതരബന്ധങ്ങൾ ഉള്ളപ്പോൾ അവിടെയും സ്ത്രീ വ്യത്യസ്തയാണ് .
അത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളിൽ അവർക്ക് ഒരാളോട് മാത്രമേ സാധാരണഗതിയിൽ അതുണ്ടാകാറുള്ളൂ.
പക്ഷേ തൻ്റെ രീതികൾ മൂലമുള്ള അവഗണനയാണ് പങ്കാളിയെ അത്തരം ബന്ധത്തിലേക്ക് നയിച്ചതെന്ന് ചിന്തിക്കാൻ പോലും തയ്യാറാകാതെ അവരെ സോഷ്യൽ മീഡിയയിലും സമൂഹത്തിനുമുന്നിലും അവഹേളിക്കുന്ന, ക്രൂരമായി ഉപദ്രവിക്കുന്ന, എന്തിന്, കൊല്ലുന്ന എത്ര പുരുഷന്മാരെ നമ്മൾ വാർത്തകളിൽ കാണുന്നു!
ആഗ്രഹിച്ചത് ഒന്നും തന്നെ ഒരിക്കലും കിട്ടാതെ വരുമ്പോൾ പുതിയ തീരങ്ങൾ തേടുന്ന മനുഷ്യരെ നമുക്ക് അത്രയ്ക്കങ്ങ് കുറ്റപ്പെടുത്താൻ കഴിയുമോ?
അത് പുരുഷനായാലും സ്ത്രീയായാലും !
ഇവിടെ ഒരു പരിഹാരമായി സ്വീകരിക്കാവുന്നത് സ്ത്രീ -പുരുഷ ബന്ധങ്ങളിൽ, അത് ദാമ്പത്യമായാലും മറ്റു ബന്ധങ്ങൾ ആയാലും, ഇരുവരുടെയും prime focus ആ ബന്ധത്തിന് നൽകുക എന്നതാണ്.
അത് നാം പലപ്പോഴും ചെയ്യുന്നില്ല.
ദാമ്പത്യം ആയാലും മറ്റേതെങ്കിലും വിധത്തിലുള്ള സ്ത്രീപുരുഷബന്ധം ആയാലും അതിനാവണം മുഖ്യ ഫോക്കസ് .
അവിടെ പങ്കാളികളാവണം ഏറ്റവും ഗാഢ സുഹൃത്തുക്കൾ.
അതിന് പരസ്പരം വിട്ടുവീഴ്ചകൾക്ക് നാം തയ്യാറാകണം.
തുറന്ന ആശയവിനിമയത്തിലൂടെ കഴിവതും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം.
പരസ്പര സ്വാതന്ത്ര്യം അനുവദിയ്ക്കണം.
( നമ്മുടെ ബന്ധത്തിലാണ് prime focus എങ്കിൽ പങ്കാളി മൊബൈലിൽ ആരോട് സംസാരിക്കുന്നു അല്ലെങ്കിൽ ചാറ്റ് ചെയ്യുന്നു എന്നത് നമ്മുടെ വിഷയമാകേണ്ട കാര്യമില്ല. )
വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിയ്ക്കാൻ നാം തയാറാകണം.
പക്ഷേ പരസ്പരമുള്ള സ്വാർത്ഥത അവിടെ ഒരിക്കലും പാടില്ല.
അവിടെ ഉടമയും അടിമയും ഇല്ല.
‘വിശ്വാസ്യത’ എന്നത് ഞാൻ എൻറെ പങ്കാളിയിൽ മാത്രം എല്ലാം ഒതുക്കാൻ നിർബന്ധിതനാകുന്നു എന്നതാകരുത്.
മറിച്ച് എൻറെ പങ്കാളിക്ക് വേണ്ടതെല്ലാം ഞാൻ നൽകുന്നു എന്നതാവണം.
എൻറെ പങ്കാളിയിൽ നിന്ന് എല്ലാം എനിക്ക് ലഭിക്കുന്നുണ്ട് എന്ന എൻറെ സംതൃപ്തിയാവണം.
അങ്ങനെ വരുമ്പോൾ ദാമ്പത്യം ഉൾപ്പെടെയുള്ള ബന്ധങ്ങൾ സ്വസ്ഥവും സുരക്ഷിതവും സമാധാനപൂർണ്ണവുമാകും.
അങ്ങനെ വരുമ്പോൾ നമ്മുടെ മറ്റ് സൗഹൃദങ്ങളും മറ്റ് ബന്ധങ്ങളും ഒരിക്കലും അവിടെ വിഷയമാകേണ്ടതില്ല.
നമ്മുടെ പങ്കാളിയിൽ നിന്നും നാം പ്രതീക്ഷിക്കുന്നത് ഏറെക്കുറെ ചോർച്ച ഇല്ലാതെ നമുക്ക് കിട്ടുന്നുവെങ്കിൽ മറ്റൊന്നും അവിടെ വിഷയം ആകരുത് എന്നാണ് എൻറെ അഭിപ്രായം.
ഈ ചിന്ത പരമ്പരാഗത ചിന്തകളിൽ നിന്നും വിഭിന്നമാണ്.
എല്ലാവരും യോജിക്കുന്ന ഒന്നല്ല.
പരമ്പരാഗത ചിന്തകൾക്കപ്പുറമുള്ള സ്ത്രീ പുരുഷ ബന്ധങ്ങൾ പാടില്ല എന്ന അഭിപ്രായക്കാരനല്ല ഞാൻ.
നാം ഏത് എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമാണോ അതിനാണ് നാം ‘പ്രൈം ഫോക്കസ്’ നൽകുന്നതെങ്കിൽ മറ്റു സൗഹൃദങ്ങളും ബന്ധങ്ങളും ഒരിക്കലും ഒരു വിഷയമാകരുത് എന്ന അഭിപ്രായക്കാരനാണ്.
‘പ്രൈം ഫോക്കസ്’ നമ്മുടെ എസ്റ്റാബ്ലിഷ്ഡ് ബന്ധത്തിന് നൽകുന്നുവെങ്കിൽ പിന്നെ മറ്റ് ബന്ധങ്ങൾ തേടി എന്തിന് പോകണം എന്ന ചോദ്യം ഉയരാം.
ഒന്നാമതായി അത് വ്യക്തിസ്വാതന്ത്ര്യം ആണ്.
അതിൻ്റെ ശരിതെറ്റുകൾ വ്യക്തിയിൽ നിന്നും വ്യക്തിയിലേയ്ക്ക് വ്യത്യാസപ്പെടും.
വേണമെങ്കിൽ ‘ലാഘവത്തോടെ’ എടുത്ത് ചിന്തിക്കാവുന്ന ഒരു കാര്യമാണത്.
പക്ഷേ അത്തരം ബന്ധങ്ങളിൽ വരുന്ന ഒരു പ്രധാന പ്രശ്നം ഇവയിലെ ‘കടുത്ത സ്വകാര്യത’ കാത്തുസൂക്ഷിക്കൽ ആണ് .
അതിന് പലപ്പോഴും നമുക്ക് കഴിയാറില്ല.
മാത്രമല്ല പലപ്പോഴും അക്കരപ്പച്ചയിൽ ആവും കൂടുതൽ താല്പര്യം വരിക!
അപ്പോൾ എസ്റ്റാബ്ലിഷ്ഡ് ബന്ധങ്ങളിൽ വിള്ളൽ വീഴും.
‘അക്കരപ്പച്ച’ക്ക് ‘കടുത്ത മനോഹാരിത’ അനുഭവപ്പെടുകയും സ്വകാര്യത സാധിക്കാതെ വരികയും ചെയ്യുമ്പോൾ എസ്റ്റാബ്ലിഷ്ഡ് ബന്ധങ്ങൾക്ക് അപ്പുറം ഉള്ള ബന്ധങ്ങൾ വേണ്ടെന്നു വയ്ക്കുക തന്നെ വേണം.
അത് അപകടകാരിയാണ്.
നിരന്തരം അക്കരപ്പച്ച തേടുക എന്നത് ഒട്ടും അഭിലഷണീയമല്ല എന്നതാണ് എൻറെ അഭിപ്രായം.
സ്നേഹം
🤎നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💚
പ്രശാന്ത് വാസുദേവ്✍
(മുൻ ഡെപ്യൂട്ടി ഡയറക്ടർ
ടൂറിസം വകുപ്പ്
ടൂറിസം കൺസൾട്ടൻ്റ്.)



