ന്യൂഡല്‍ഹി: പാകിസ്താന് ഇന്റര്‍ സര്‍വീസ് ഇന്‍ലിജന്‍സ് (ISI) ന് വേണ്ടി ചാരവൃത്തി നടത്തി എന്ന കേസില്‍ ഡല്‍ഹിയില്‍ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 2024 മുതല്‍ ഇവര്‍ ഇത് തുടര്‍ന്നു വരികയാണെന്നാണ് വിവരം. പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യാന്വേഷണ ഏജന്റുമാരുമായി സഹില്‍ (25), ഭാര്യ സമീറ (21) എന്നിവര്‍ക്ക് ബന്ധമുണ്ടായിരുന്നെന്നും, ഇന്ത്യയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ കൈക്കലാക്കാന്‍ അവര്‍ സഹായിച്ചെന്നും പൊലീസ് പറയുന്നു. ഡല്‍ഹി മുതല്‍ കറാച്ചി, ഇസ്ലാമാബാദ് വരെ നീളുന്ന ബന്ധങ്ങള്‍ അന്വേഷണത്തില്‍ വെളിപ്പെട്ടതായും പാകിസ്താനിലെ ഏജന്റുമാര്‍ ഈ ദമ്പതികള്‍ക്ക് പണം അയച്ചുനല്‍കിയിരുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2024 നും 2025 നും ഇടയില്‍ സാഹിലും സമീറയും എട്ട് ഇന്ത്യന്‍ സിം കാര്‍ഡുകള്‍ നേടി ദുബായ് വഴി പാകിസ്താനിലേക്ക് അയച്ചുവെന്നും കാര്‍ഡുകള്‍ക്കായി 30,000 രൂപ സ്വീകരിച്ചുവെന്നും പൊലീസ് പറഞ്ഞു. പാകിസ്താനിലെ വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ സജീവമാക്കുന്നതിനാണ് ഈ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതെന്നും പാകിസ്താന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ ആളുകളെ ബന്ധപ്പെടാനും, തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാനും, ഇന്ത്യന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രവേശിക്കാനും ഈ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പാകിസ്താന് ആസ്ഥാനമായുള്ള ഹാന്‍ഡ്ലര്‍മാര്‍ സോഷ്യല്‍ മീഡിയയിലൂടെയും എന്‍ക്രിപ്റ്റ് ചെയ്ത പ്ലാറ്റ്ഫോമുകളിലൂടെയും ഇന്ത്യയിലെ ഏജന്റ്മാരുമായും സ്ലീപ്പര്‍ സെല്ലുകളുമായും ആശയവിനിമയം നടത്തിയതായും പോലീസ് ആരോപിക്കുന്നു
ഇന്ത്യയിലുടനീളമുള്ള സൈനിക കേന്ദ്രങ്ങളെക്കുറിച്ച് (കന്റോണ്‍മെന്റ്) നിരീക്ഷണം നടത്തുക, ചാരപ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ആളുകളെ റിക്രൂട്ട് ചെയ്യുക, ട്രൈബ്യൂണലിന് മുന്നില്‍ കോര്‍ട്ട്-മാര്‍ഷല്‍ നടപടികള്‍ നേരിടുന്ന സൈനിക ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുക എന്നിവയായിരുന്നു സാഹിലിനെ ഏല്‍പ്പിച്ചിരുന്ന ചുമതലകളെന്ന് പൊലീസ് പറയുന്നു. പാകിസ്താന് ഏജന്റുമാരുമായുള്ള ചാറ്റുകള്‍ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്, ഡല്‍ഹിയിലെ സരായ് കാലെ ഖാനിലുള്ള ചന്ദ് ബിബി ക്യാമ്പില്‍ നിന്നാണ് സാഹിലിനെ സ്പെഷ്യല്‍ സെല്‍ ആദ്യം അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുമായി പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2005 ല്‍ ജനിച്ച സമീറയെയും പൊലീസ് അറസ്റ്റ് ചെയ്തു. സാഹിലും പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകള്‍ ഇവരുടെ ഫോണിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. 2024-ല്‍ ഇന്‍സ്റ്റാഗ്രാം വഴി ഒരു പാകിസ്താന് ഏജന്റുമായി സാഹില്‍ ബന്ധപ്പെട്ടതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വിവാഹത്തിന് മുന്‍പ്, 2022-ല്‍ പരിചയപ്പെട്ട സമീറയാണ് ഈ ബന്ധം സാധ്യമാക്കാന്‍ സഹായിച്ചതെന്നും പറയപ്പെടുന്നു.
പാകിസ്താന് ഏജന്റ് പിന്നീട് ഈ ദമ്പതികളെ മറ്റൊരു പാകിസ്താന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പരിചയപ്പെടുത്തുകയും, ആ ശൃംഖലയ്ക്കായി പ്രവര്‍ത്തിച്ചാല്‍ സാമ്പത്തിക നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു എന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഡല്‍ഹിയില്‍ ലോജിസ്റ്റിക് സഹായം നല്‍കുക, ചാരപ്രവര്‍ത്തനത്തിനും ഫീല്‍ഡ് ഓപ്പറേഷനുകള്‍ക്കുമായി മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുക എന്നിവയായിരുന്നു സാഹിലിന്റെയും സമീറയുടെയും ചുമതലകള്‍. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇഗ്നോയില്‍ നിന്ന് ബിരുദം നേടിയ സാഹില്‍ ഒരു അഭിഭാഷകനൊപ്പം ജോലി ചെയ്തിരുന്നു. എല്‍എല്‍ബി പഠിക്കാന്‍ പദ്ധതിയിട്ടിരുന്ന അദ്ദേഹം 2025 ജൂണില്‍ ജോലി ഉപേക്ഷിച്ചു.
കേശവ് പുരത്തെ കന്യ വിദ്യാലയത്തില്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച സമീറ, പിന്നീട് കറസ്പോണ്ടന്‍സ് വഴി ബിഎ ബിരുദം നേടുകയും നോയിഡയിലെ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുകയുമായിരുന്നു. ഭീകര സംഘടനകള്‍ക്കും ‘ഓവര്‍ഗ്രൗണ്ട് വര്‍ക്കര്‍മാര്‍’ക്കും ‘സ്ലീപ്പര്‍ സെല്ലുകള്‍ക്കും’ ലോജിസ്റ്റിക് സഹായം ലഭിക്കുന്നതിനെക്കുറിച്ച് സ്പെഷ്യല്‍ സെല്ലിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന്, ഇന്ത്യന്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിക്കാനും പാകിസ്ഥാനിലുള്ളവരും ഇന്ത്യയിലുള്ളവരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും സഹായിക്കുന്ന പ്രാദേശിക അംഗങ്ങളെ കണ്ടെത്തുകയും ചെയ്തു.



