Saturday, October 5, 2024
Homeകഥ/കവിതട്രാൻസ് ' Live Story. By: പ്രതാപ് ചന്ദ്രദേവ്

ട്രാൻസ് ‘ Live Story. By: പ്രതാപ് ചന്ദ്രദേവ്

പ്രതാപ് ചന്ദ്രദേവ്✍

“ഇതിനെക്കൊണ്ട് തോറ്റല്ലോ, എത്ര അടിച്ചോടിച്ചാലും പോകില്ലാന്നു വച്ചാൽ എന്തു ചെയ്യും?!”

ഭാര്യയുടെ ശകാരം കേട്ടാണ് ഞാൻ വാതില്ക്കൽ വന്നു നോക്കിയത്. ചെമ്പനിറത്തിലൊരു കുഞ്ഞു പട്ടിക്കുട്ടി. ഒരു ഗേറ്റിലൂടെ അടിച്ചോടിക്കുമ്പോൾ അത് അടുത്ത ഗേറ്റിൻ്റെ അടിയിലൂടെ കയറി വരും.

” അതിന് വിശന്നിട്ടായിരിക്കും. നീ എന്തെങ്കിലും കഴിക്കാൻ കൊടുക്ക്.”

“എന്നാൽ പിന്നെ ഇത് ഇവിടന്ന് പോകത്തേയില്ല. പട്ടി വന്നുകയറാൻ പാടില്ല എന്നാ..”

“ഓ, എന്തായാലും വന്നു കയറിപ്പോയില്ലേ, തൽക്കാലം അതിൻ്റെ വിശപ്പിന് എന്തെങ്കിലും കൊടുക്ക്.”

” ഞാൻ കൊടുക്കാം. പക്ഷേ, ഒരു കാര്യം. ഇത് കഴിച്ചിട്ട് ഇവിടെ നിന്ന് പോയില്ലെങ്കിൽ നിങ്ങൾ തന്നെ നോക്കിക്കോണം. എനിക്ക് വയ്യ, പട്ടിയെയും പൂച്ചയെയൊന്നും നോക്കാൻ.”

ഒന്നും പറയാതെ ഞാൻ പതുക്കെ അകത്തേയ്ക്കു വലിഞ്ഞു. അവൾ എന്തോ ഭക്ഷണം കൊണ്ടു കൊടുത്തു. എന്നിട്ടതിനോട് മനുഷ്യ ഭാഷയിൽ പറഞ്ഞു:

“ഇതും കഴിച്ചിട്ട് സ്ഥലം വിട്ടോണം. ഇനിയിവിടെ കണ്ടു പോകരുത്.”

ഭാഷ മനസ്സിലാകാത്തതു കൊണ്ടാകാം, അത് ഭക്ഷണം വെപ്രാളപ്പെട്ട് കഴിച്ചിട്ട്, അവിടെത്തന്നെ കയറി വിശ്രമിക്കാൻ വട്ടംകൂട്ടി.
അതിൻ്റെ പഴി എനിക്ക്,

“ഞാനപ്പോഴേ പറഞ്ഞതല്ലേ, എന്തെങ്കിലും കൊടുത്താൽ അതിവിടെനിന്ന് പോകില്ലാന്ന്. എനിക്കിനി ഒന്നിനും വയ്യ, നിങ്ങൾ അടിച്ചിറക്കുകയോ വളർത്തുകയോ എന്തോ വേണമെങ്കിലും ചെയ്തോ…”

അപ്പോൾ ഞാനവിടെ ഡെഫ് ആൻ്റ് ഡം അഭിനയിച്ചു കൊണ്ട് പുസ്തകവായനയിൽ മുഴുകി. അവൾ ഒരു ഓലയിലക്കുകൊണ്ട് അതിനെ ഓടിക്കാനുള്ള ശ്രമം തുടർന്നു. ഒരു ഗേറ്റിലൂടെ ഓടിക്കുമ്പോൾ അടുത്ത ഗേറ്റിനടിയിലൂടെ അത് ഇങ്ങ് കയറിവരും.

” എന്തിനാണാവോ ഈ മതിലിന് മൂന്നു ഗേറ്റ് ! മനുഷ്യർക്ക് മെനക്കേടുണ്ടാക്കാൻ, ഒരു ഗേറ്റ് മാത്രമായിരുന്നെങ്കിൽ അതിനെ ഇങ്ങോട്ടു കയറാതെ നോക്കാമായിരുന്നു.”

അടുത്ത പഴികൂടി !
കുറച്ചു കഴിഞ്ഞ് ശ്രമം പരാജയപ്പെട്ട്, വീട്ടിനകത്തു കയറിയ അവൾ, ഫോണെടുത്ത് അവളുടെ അമ്മയെ വിളിച്ച്, പട്ടിക്കാര്യം പറയുന്നതു കേട്ടു. ഓൺലൈനിൽ വാങ്ങിയ നല്ല ഫോണായതുകൊണ്ട് സ്പീക്കർ ഫോണിലൂടയേ കേൾക്കൂ. അതു പാവം കുഞ്ഞുപട്ടിയല്ലേ, അവിടെയെങ്ങാനും കിടന്നോട്ടെ എന്ന് അമ്മായിയമ്മ മറുപടി പറയുന്നതു കേട്ടു, ഞാൻ പുറത്തേയ്ക്ക് നോക്കിയപ്പോൾ, പട്ടിക്കുട്ടി, മുറ്റത്തെ ടൈൽസിൻ്റെ പുറത്ത് സുഖാലസ്യത്തിൽ. ഇതിനിടയ്ക്ക് എനിക്ക് ഒരു അത്യാവശ്യ കോൾ വന്ന്, പുറത്തേയ്ക്ക് പോകേണ്ടി വന്നു.

രാത്രി തിരികെ വന്നപ്പോൾ, അമ്മായിയമ്മയും ഭാര്യയുടെ ഒരു അനുജനും അവിടെയുണ്ട്. കാർ ഷെഡ്ഡിൻ്റെ ഒരു മൂലയ്ക്ക് ഒരു പ്രത്യേക വിരിക്കു മുകളിൽ ആ പട്ടിക്കുട്ടി കിടക്കുന്നു. എന്താണാവോ ഈ സ്ഥാനക്കയറ്റത്തിൻ്റെ കാരണം എന്ന് തിരക്കിയപ്പോഴാണ് അറിഞ്ഞത്; വീണ്ടും അതിനെ അടിച്ചിറക്കി, ഒരു ഗേറ്റിൽ ഭാര്യയും അടുത്ത ഗേറ്റിൽ അവളുടെ അനിയനും കാവൽ നിന്നു. അപ്പോളതാ അത് മൂന്നാമത്തെ ഗേറ്റിനടിയിലൂടെ കയറി വരുന്നു! നല്ല അടിവച്ചു കൊടുക്കെടാ.. എന്ന് അവൾ അനിയനോട് ഓർഡർ ഇട്ടു. അവൻ്റെ കയ്യിൽ കിട്ടിയത് വലയടിക്കുന്ന പൈപ്പ്. അവൻ അതെടുത്ത്, അതിൻ്റെ കാലിലേക്ക് ഒരു അടി. പെട്ടെന്ന് വളഞ്ഞു തിരിഞ്ഞ അതിൻ്റെ മണ്ടയ്ക്കാണ് അടി കൊണ്ടത്. അത് കിടന്ന് പിടച്ചു. മുഖത്ത് കുറച്ച് രക്തവും വന്നു. തുടർന്നു അവിടെ സഹതാപവും പശ്ചാത്താപവും രൂപം കൊണ്ടു. അനന്തരഫലം, മുറിവു തുടയ്ക്കലും മരുന്നിടലും പാലും ഇഷ്ടഭക്ഷണം കൊടുക്കലും മെത്തയൊരുക്കലും…

രാത്രി ഉറക്കത്തിനിടയ്ക്ക് ഭാര്യ എണീറ്റ് കതക് തുറന്നു പോകുന്നതു കണ്ട്, ഞാൻ ജനാലയിലൂടെ നോക്കി. അതിനെ തൊട്ടുതലോടുന്നതും പുതപ്പിക്കുന്നതും കണ്ട്, ഞാൻ ഒന്നും അറിയാത്തതുപോലെ വന്നു കിടന്നു. സഹതാപത്തിൽ നിന്ന് ഒരു സ്നേഹം രൂപം കൊണ്ടത് ഞാനറിഞ്ഞു. പിറ്റേ ദിവസം രാവിലെ അത്, ആളുകളെ കാണുമ്പോൾ അവശത നടിക്കുന്നതും അല്ലാത്ത സമയത്ത് തുള്ളിക്കളിക്കുന്നതും കണ്ടു. അതിന് പരിചരണവും ഇഷ്ടഭക്ഷണങ്ങളും മുറയ്ക്ക് എത്തിത്തുടങ്ങി. അമ്മായിയമ്മ നോക്കിയിട്ട് പറയുന്നതു കേട്ടു, ആൺപട്ടിയാ വേണമെങ്കിൽ വളർത്തിക്കോ എന്ന്. അവൾ തലയാട്ടുന്നതു കണ്ടു. നല്ലയിനം പട്ടിക്കുട്ടികളെ പലരും ഫ്രീയായിട്ട് ഓഫർ ചെയ്തിട്ടും അതിനെയൊന്നും കുളിപ്പിക്കാനും പരിചരിക്കാനും വയ്യായെന്ന് പറഞ്ഞ് എതിർത്ത്, സമ്മതിക്കാതിരുന്ന അവളുടെ ഈ മാറ്റം കണ്ട ഞാൻ, ഒന്നും അറിയാത്തതുപോലെ അവിടെച്ചെന്ന് പറഞ്ഞു:

“ഇതിനെ ഇതുവരെ ഗേറ്റിന് വെളിയിലാക്കിയില്ലേ? എനിക്ക് പട്ടിയെയൊന്നും നോക്കാൻ പറ്റില്ല. നിനക്ക് നോക്കാൻ പറ്റുമെങ്കിൽ മാത്രം നിറുത്തിക്കോ.”

എന്നു പറഞ്ഞ് ഞാൻ പതുക്കെ സ്കൂട്ട് ആയി. എനിക്കറിയാം ഇനി അതിനെ ഓടിക്കില്ലായെന്ന്. കുറച്ചു കഴിഞ്ഞ് എൻ്റെ അമ്മയുടെ കാര്യങ്ങൾ നോക്കാൻ വരുന്ന പാർട്ട് ടൈം സർവൻ്റ്, അതിനെ നോക്കിയിട്ട് പറഞ്ഞു, അത് പെൺപട്ടിയാണെന്ന്! എന്ത് പട്ടിയായാലും സഹതാപത്തിൻ്റെ ആനുകൂല്യത്തിൽ നില്ക്കുന്ന അത് സേയ്ഫ് ആയി ഇവിടെ.

പിറ്റേ ദിവസം ഭാര്യ, അവളുടെ അനിയൻ്റെ കൈവശം അതിനെ തൊട്ടടുത്ത മൃഗാശുപത്രിയിൽ, വാക്സിൻ എടുക്കാൻ വേണ്ടി കൊടുത്തയച്ചു. ഒപ്പം അവിടെ നിന്ന്, ലിംഗനിർണയം കൂടെ നടത്താനും പറഞ്ഞേല്പിച്ചു. അവൻ ലിംഗ നിർണയം നടത്തുന്ന കാര്യം മറന്നു പോയി. അവർ പട്ടിയുടെ സെക്സ് ചോദിച്ചപ്പോൾ, പെൺ പട്ടിയാണെന്ന് പറഞ്ഞ് റിക്കാർഡിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. വാക്സിനും എടുപ്പിച്ച് തിരിച്ചു വന്ന അവൻ, പട്ടിയുടെ ലിംഗനിർണയം നടത്തിക്കാത്തതിന് നല്ല വഴക്കും മേടിച്ചു. അപ്പോൾ വീട്ടുപറമ്പിൽ പുല്ലുചെത്താൻ വരുന്ന സുരേന്ദ്രൻ, അതിനെ എടുത്തു നോക്കിയിട്ട് ആൺ പട്ടിയാണെന്ന് പറഞ്ഞു. അതിൽ വിശ്വസിച്ച എൻ്റെ ഭാര്യ അതിന് കിട്ടുണ്ണി എന്ന് പേര് ഇട്ടു.

പിന്നീട് ഓരോ ദിവസവും ഞാൻ വരുമ്പോൾ കിട്ടുണ്ണിയുടെ കാര്യം പറയാനേ അവൾക്ക് നേരമുള്ളു. അതിൻ്റെ അഭിനയവും കുസൃതികളും മറ്റും. ഇടയ്ക്ക് കറുപ്പും വെള്ളയും നിറമുള്ള അതിൻ്റെ അമ്മപ്പട്ടിയും അതിൻ്റെ കൂടെ ഒരു കറുത്ത ആൺ പട്ടിയും ഗേറ്റിൻ്റെ വിടവിലൂടെ അതിനെ നോക്കിക്കൊണ്ടു നില്ക്കുമെന്നും അവരെ കാണുമ്പോൾ കിട്ടുണ്ണിയും ഗേറ്റിൻ്റെ ഇപ്പുറത്തു വന്ന് നോക്കി നില്ക്കുമെന്നും. എടാ മോനേ നീയെങ്കിലും രക്ഷപ്പെട്ടല്ലോ… എന്നാണ് അതിൻ്റെ അമ്മയുടെ മനസ്സിലെന്ന് എൻ്റെ ഭാര്യക്ക് വായിക്കാൻ കഴിഞ്ഞു. ആ പട്ടികൾ നടന്നു മറയുവോളം, പട്ടിക്കുട്ടി ഗേറ്റിൻ്റെയവിടെ നോക്കി നില്ക്കും. അമ്മയെക്കാൾ അതിനോട് കൂടുതൽ വാത്സല്യം മറ്റേ പട്ടിക്കാണ്. നിറം വച്ചു നോക്കുമ്പോൾ എന്തായാലും അത്, അതിൻ്റെ അച്ഛനല്ല. അതിൻ്റെ മാമനായിരിക്കുമെന്ന് ഞാൻ പറഞ്ഞു കൊടുത്തു.

കിട്ടുണ്ണിയുടെ വികൃതി ഓരോ ദിവസവും കൂടിക്കൂടി വരുന്നു. മുൻവശത്തിട്ടിരിക്കുന്ന ചെരുപ്പുകളെല്ലാം കടിച്ചു പൊട്ടിക്കുകയാണ് പ്രധാന ജോലി. ആ പ്രവർത്തി എന്നെയും ഭാര്യയെയും പ്രകോപിപ്പിച്ചുകൊണ്ടിരുന്നെങ്കിലും ഞങ്ങൾ കണ്ണടച്ചു, പല്ലു മുളച്ചു വരുന്ന സമയത്ത് പട്ടിക്കുട്ടികൾ ഇങ്ങനെയാണെന്ന് വിചാരിച്ച്. പക്ഷേ, ഞാൻ കഷ്ടപ്പെട്ട്, നട്ടുവളർത്തിയിരുന്ന അഡീനിയം പോലെയുള്ള ചില ചെടികൾ നിഷ്കരുണം കടിച്ചു മുറിച്ചിട്ടപ്പോൾ എൻ്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അന്ന് ഞാൻ പ്രഖ്യാപിച്ചു. നിന്നെ ഞാൻ പൂട്ടും. മണിച്ചിത്രത്താഴ് കൊണ്ട് പൂട്ടിയില്ലെങ്കിലും ഒരു കുഞ്ഞു ബൽറ്റും ചങ്ങലയും കൊണ്ട് അതിനെ ഞാൻ പൂട്ടി. അന്നേരം അതുവഴി പോയ അതിൻ്റെ തള്ളപ്പട്ടി അതിനെ ദയനീയമായി നോക്കിക്കൊണ്ട് പോകുന്നതു കണ്ടു. അന്നേരത്തെ അതിൻ്റെ മനസ്സും എൻ്റെ ഭാര്യ വായിച്ചു. എടാ മോനേ നിനക്ക് ഈ ഗതി വന്നല്ലോ… എന്ന്. അതിൻ്റെ മാമൻ പട്ടി എന്നെ വല്ലാണ്ട് രൂക്ഷമായി നോക്കിക്കൊണ്ടുപോയി.

സമയാസമയം നല്ല ഭക്ഷണം കിട്ടുന്നതു കൊണ്ടും നല്ല പരിചരണം കൊണ്ടുമായിരിക്കാം അതിന് ഞങ്ങളോട് വല്യ നന്ദിയും സ്നേഹവുമാണ്. ആഹാരത്തെക്കാളും അതിനെ കളിപ്പിച്ചു കൊണ്ട് കൂടെ നില്ക്കുന്നതാണ് ഏറെ ഇഷ്ടം. ഇടയ്ക്ക് ചങ്ങലയിളക്കിക്കൊണ്ടു പോയാലും വിളിച്ചാൽ ഓടിയെത്തും. ഒരു മാസം കഴിഞ്ഞപ്പോൾ വീണ്ടും അതിനെ അടുത്ത ഘട്ട വാക്സിൻ എടുക്കാൻ കൊടുത്തയച്ചു. ആശുപത്രിയിൽ പട്ടിയുടെ ലിംഗ നിർണയത്തെപ്പറ്റി ചർച്ചയായി. ഒരു ലേഡി സ്റ്റാഫ് പറഞ്ഞു ഇത് ആൺ പട്ടിയാണെന്ന്. ഒരു ആൺ സ്റ്റാഫ് പറഞ്ഞു പെൺപട്ടിയാണെന്ന്. വേറൊരു സ്റ്റാഫ് വന്ന് നോക്കിയിട്ട് ആൺ പട്ടിയാണെന്നും. അവസാനം ഡോക്ടർ വന്ന് വിശദമായി നോക്കിയിട്ട്. ഇത് പെൺപട്ടിയായിട്ടാണ് തോന്നുന്നത്, കുറച്ചു കൂടെ വലുതാകുമ്പോൾ കറക്ടായിട്ട് അറിയാൻ പറ്റുമെന്ന് പറഞ്ഞു. ഇനി കിട്ടുണ്ണിയെന്ന പേര് ഉപയോഗിക്കാൻ പറ്റില്ലല്ലോ! ആശുപത്രിക്കാർക്ക് പോലും ശരിക്ക് ലിംഗ നിർണയം ചെയ്യാൻ പറ്റാത്തതു കൊണ്ട്, ഞങ്ങൾ ആകെ കൺഫ്യൂഷനിലാണിപ്പോൾ. ഇനിയിപ്പോ പട്ടിലോകത്തെ ആദ്യ ട്രാൻസ് ജെൻഡർ ആകുമോ ഇവൻ അല്ല ഇവൾ!?

പ്രതാപ് ചന്ദ്രദേവ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments