വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ്. മരിച്ച കമ്പനി ജീവനക്കാരായ ഏഴ് പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. കരാർ ജീവനക്കാരനായ അൽമോൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും അടിയന്തര സഹായമായി നൽകും.
പരിക്കേറ്റ ഒന്പത് പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ അടിയന്തര സഹായം നൽകുമെന്നും കമ്പനി ഉറപ്പുനൽകിയതായി മന്ത്രി അറിയിച്ചു. ഗുരുതരാവസ്ഥയിൽ കഴിയുന്ന മൂന്നുപേർക്ക് രണ്ടരലക്ഷത്തിൽ കൂടുതൽ നൽകാൻ നിർദ്ദേശിച്ചതായും മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.മണ്ണിടിച്ചിലിൽ അടിഞ്ഞു കൂടിയ മണ്ണ് മാറ്റാൻ ദിലീപ് ബിൽ കോൺ കമ്പനിക്ക് നിർദ്ദേശം നൽകി. സ്‌കൂൾ അടക്കം അവശ്യ സർവ്വീസുകൾക്കുള്ള ഗതാഗത വാഹനം മീനാക്ഷി പാലത്തിലൂടെ അനുവദിക്കും. പാലത്തിൻ്റെ ബലക്ഷയം പരിശോധിക്കാൻ പിഡബ്ലിയുഡിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
മണ്ണിടിച്ചിൽ ദുരന്തത്തിൽ, കാണാതായ അവസാനത്തെ ആളുടെ മൃതദേഹം ഇന്ന് കണ്ടെത്തി. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടത്തിനും എംബാം നടപടികൾക്കും ശേഷം മൃതദേഹം ജന്മനാടായ ഹിമാചൽ പ്രദേശിൽ എത്തിക്കും. ആറാം ദിനത്തിൽ ഫയർഫോഴ്‌സിനും എൻഡിആർഎഫ് സംഘത്തിനും ഒപ്പം സന്നദ്ധ സംഘടനകളും ചേർന്ന് നടത്തിയ കൂട്ടായ തിരച്ചിലിലാണ് മീനാക്ഷി പാലത്തിന് 100 മീറ്ററുകൾ അകലെ, ഒലിച്ചുവന്ന ഇരുമ്പ് പൈപ്പുകൾക്കിടയിലുള്ള മൃതദേഹം കണ്ടെത്തി. ഇതോടെ കണ്ണാടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.



