Saturday, September 14, 2024
Homeകേരളം2016 മുതൽ 2024 വരെ പാമ്പുകടിയേറ്റ് 573 പേര്‍ മരിച്ചു ;വനം വന്യജീവി വകുപ്പ് മന്ത്രി

2016 മുതൽ 2024 വരെ പാമ്പുകടിയേറ്റ് 573 പേര്‍ മരിച്ചു ;വനം വന്യജീവി വകുപ്പ് മന്ത്രി

2016 മുതൽ 2024 വരെ പാമ്പുകടിയേറ്റ് 573 പേര്‍ മരിച്ചതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വന്യജീവി സംഘർഷ മരണങ്ങളുടെ കണക്കുകൾ പെരുപ്പിച്ചുകാട്ടി വനംവകുപ്പിനെ ജനങ്ങളുടെ ശത്രുക്കളാക്കാൻ ചിലകേന്ദ്രങ്ങൾ ഗൂഢശ്രമം നടത്തുന്നതായി വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേര്‍ത്തു . ജൂലൈ ഏഴ് വരെ സംസ്ഥാന വനംവകുപ്പ് സംഘടിപ്പിക്കുന്ന വനമഹോത്സവം-2024 ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വനം ആസ്ഥാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വകുപ്പിന്റെ ഉദ്ദേശ്യശുദ്ധിയോടെയുള്ള പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണത്തിൽ ഒരാൾ പോലും മരിക്കാൻ പാടില്ല എന്നാണു വകുപ്പിന്റെ നിലപാട്. 2016 മുതൽ 2024 വരെയുള്ള വന്യജീവി സംഘർഷം മരണങ്ങളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചാണ് പലപ്പോഴും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നത്. ഇക്കാലയളവിലെ ആകെ മരണങ്ങളായി പറയുന്ന 848 പേരിൽ 573 പേരും നാട്ടിലെ പാമ്പുകടിയേറ്റാണ് മരണപ്പെട്ടതെന്ന സത്യം പലപ്പോഴും മറച്ചുവയ്ക്കുന്നു.

ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇതോടൊപ്പം വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണവും നടത്തേണ്ടതുണ്ട്. മനുഷ്യജീവൻ സംരക്ഷിക്കുന്നതോടൊപ്പം വനം-വന്യജീവികളുടെ സംരക്ഷണം ഉറപ്പുവരുത്തലും വനംവകുപ്പിന്റെ ചുമതലയാണ്. സ്വന്തം ജീവൻപോലും പണയപ്പെടുത്തിയാണ് വനപാലകർ ഈ ജോലി നിർവഹിക്കുന്നത്. പക്ഷേ അവരുടെ വിലപ്പെട്ട സേവനം പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, ഇതിന് മാറ്റം വരണം.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഈ കാലഘട്ടത്തിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം വലുതാണെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് വനമഹോത്സവം പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡീ. ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. വനമഹോത്സവത്തോടനുബന്ധിച്ച് നിരവധി കർമ്മ പരിപാടികളാണ് വകുപ്പ് രൂപം നൽകിയിട്ടുള്ളത്. പരിസ്ഥിതി പുനഃസ്ഥാപനവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ വനവത്ക്കരണം, പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നീ പ്രധാനപ്പെട്ട പദ്ധതികൾക്കുപുറമെ സർക്കിൾ, ഡിവിഷൻ, റെയിഞ്ച് തലങ്ങളിലും നിരവധി പരിപാടികൾ വനമഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്നുണ്ട്. രാജ്യ-രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും ഉൾപ്പെടുത്തിക്കൊണ്ട് ‘മയിൽപ്പീലി’ എന്ന പേരിൽ പരി സ്ഥിതി ഫിലിംഫെസ്റ്റിവലും വനമഹോൽസവത്തിലുൾപ്പെടുത്തി സംഘടിപ്പിക്കുന്നുണ്ട്.

ചടങ്ങിൽ വനമിത്ര പുരസ്‌കാര വിതരണം, മികച്ച വിദ്യാവനത്തിനുള്ള അവാർഡ് വിതരണം, പുതിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ്, കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളെ കുറിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം എന്നിവ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. സംസ്ഥാന ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ പരിസ്ഥിതി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മികച്ച നഗരവനത്തിനുള്ള അവാർഡ് വിതരണം അഡീ. ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ നിർവഹിച്ചു.

വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ ഗംഗാസിംഗ് വനമഹോത്സവ സന്ദേശം നൽകി. വനം വാച്ചർമരുടെ സേവനങ്ങളും ചുമതലകളും എന്ന കൈപുസ്തകത്തിന്റെ പ്രകാശനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ്.ബി.എ.) ഡോ. പി. പുകഴേന്തിയും വനമഹോൽസവം-2024 ബുക്ക്‌ലെറ്റ് പ്രകാശനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജൻസ്) ഡോ. എൽ. ചന്ദ്രശേഖറും നിർവഹിച്ചു. ഹോക് സോഫ്റ്റ് വെയർ കൈമാറൽ അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം) പ്രമോദ് ജി. കൃഷ്ണനും സൗജന്യ നാച്വർ ക്യാമ്പ് ഇ-പോർട്ടൽ ആപ് ഉദ്ഘാടനം അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇ.ആന്റ് റ്റി. ഡബ്ല്യു.) ജസ്റ്റിൻ മോഹനും സർപ്പ ബുക്ക്‌ലെറ്റ് പ്രകാശനം വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാറും നിർവഹിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആന്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി ജയപ്രസാദ് സ്വാഗതവും ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സോഷ്യൽ ഫോറസ്ട്രി)സഞ്ജയൻ കുമാർ കൃതജ്ഞതയും പറഞ്ഞു. ജനപ്രതിനിധികൾ, വനം വകുപ്പുദ്യോഗസ്ഥർ, സന്നദ്ധസംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments