Monday, April 22, 2024
HomeKerala🌸"ഇന്നത്തെ ചിന്താവിഷയം"🌸 2024 | മാർച്ച് 08| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

🌸”ഇന്നത്തെ ചിന്താവിഷയം”🌸 2024 | മാർച്ച് 08| വെള്ളി ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

വെളിച്ചം പകരുന്നവരാകാം
_______________________

അന്ധനായ ഒരാൾ, തൻ്റെ സുഹൃത്തിനെ സന്ദർശിക്കാൻ ചെന്നു. തിരിച്ചു പോരുമ്പോൾ രാത്രിയായതു കൊണ്ടു സുഹൃത്ത് അയാൾക്കൊരു വിളക്കു കൊടുത്തു. അയാൾ പറഞ്ഞു: ”വിളക്കിൻ്റെ ആവശ്യമെനിക്കില്ല. വെളിച്ചമുണ്ടെങ്കിലും ഇല്ലെങ്കിലും, എനിക്കൊന്നും കാണാനാവില്ലല്ലോ” സുഹൃത്തിൻ്റെ മറുപടി ഇപ്രകാരമായിരുന്നു
”വിളക്കില്ലാതെ നടന്നാൽ, ആരെങ്കിലും, ഇരുട്ടിൽ നിങ്ങളെ തട്ടി വീഴുകയോ, വീഴ്ത്തുകയോ ചെയ്യും”.

അയാൾ വിളക്കു വാങ്ങി യാത്രയായി. കുറച്ചു ദൂരം നടന്നപ്പോൾ, ആരോ അയാളെ തട്ടി. “താങ്കൾക്കു എൻ്റെ കയ്യിലെ വിളക്കു കണ്ടു കൂടെ “, അത്ഭുതത്തോടെ അയാൾ ചോദിച്ചു. അപരിചിതതൻ്റെ മറുപടി ഇപ്രകാരമായിരുന്നു: “താങ്കളുടെ വിളക്കിലെ വെളിച്ചം അണഞ്ഞു പോയിരിക്കുന്നതിനാൽ, എനിക്കു താങ്കളെ കാണാനായില്ല”.

വിളക്കുണ്ടായാൽ മാത്രം പോരാ. അതു കത്തുകയും വേണം. വെളിച്ചം നൽകാത്ത ഒന്നിനെ വിളക്കെന്നു വിളിച്ചിട്ടു കാര്യമൊന്നുമില്ല. ഏതു വിളക്കും, ഉപയോഗിക്കുന്നതിനനുസരിച്ചു, അതിലെ എണ്ണ കുറയും. ജ്വലന ശേഷിയും മന്ദീഭവിക്കും. അതിനാൽ അതിൽ എണ്ണ നിറയ്ക്കേണ്ടി വരും. ചിലപ്പോൾ, തിരി മാറേണ്ടിയും വരും.

നാം പോകുന്ന സ്ഥലങ്ങളിലെല്ലാം, വെളിച്ചമുണ്ടെന്നു നമുക്ക് ഉറപ്പിക്കാനാവില്ല. ചിലപ്പോഴെങ്കിലും, ഇരുട്ടിലൂടെ നമുക്കു സഞ്ചരിക്കേണ്ടി വരാം. എതിരെ വരുന്നവർ വിളക്കുമായി വരണമെന്നു നമുക്കു ശഠിക്കാനാവില്ല. സ്വയം വെളിച്ചം കരുതുന്നതാണെപ്പോഴും അഭികാമ്യം വെളിച്ചമായാലും വിദ്യയായാലും, സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമായി,നമുക്കതു കരുതാനാവില്ല. നമ്മുടെ കയ്യിലെ വിളക്കും വിദ്യയും, മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടണം അല്ലെങ്കിലത് സ്വാർത്ഥമാകും.

സർവ്വേശ്വരൻ സഹായിക്കട്ടെ. എല്ലാവർക്കും നന്മ നേരുന്നു.
നന്ദി, നമസ്ക്കാരം

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments