Saturday, October 12, 2024
Homeസിനിമആറാമത്തെ പുരസ്ക്കാരത്തിളക്കത്തിൽ ഉർവ്വശി.

ആറാമത്തെ പുരസ്ക്കാരത്തിളക്കത്തിൽ ഉർവ്വശി.

2023-ലെ സംസ്ഥാന ഗവൺമെന്റിന്റെ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് തന്നെ ” ഉള്ളൊഴുക്കി ” ലെ മികച്ച പ്രകടനത്തിന് ഉർവ്വശിയുടെ പേര് സജീവ ചർച്ചാവിഷയമായിരുന്നു.
അഭിനയ ജീവിതം തുടങ്ങിയിട്ട് നാലു പതിറ്റാണ്ടായെങ്കിലും ഇന്നും മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിമാരിൽ ഒരാളായി ഈ കലാകാരി ഇന്നും തുടരുന്നു.

മികച്ച നടിക്കുള്ള ” ഉർവ്വശി ” പുരസ്കാരം ലഭിച്ചിട്ടില്ലെങ്കിലും ആ സ്ഥാനത്തിന് തികച്ചും അർഹയായ അഭിനേത്രിയാണ് ഉർവ്വശി .
മാത്രമല്ല മലയാളത്തിൽ മറ്റൊരു റെക്കോർഡ് കൂടി ഉർവ്വശി നേടിയിരിക്കുകയാണ്. മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം ആറാമത്തെ തവണയാണ് ഈ നടിയുടെ കൈകളിൽ എത്തുന്നത്.

തികച്ചും ഒരു കലാകുടുംബമായിരുന്നു ഉർവ്വശിയുടേത് .
ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച ഈ അഭിനേത്രിയുടെ സഹോദരിമാരും മികച്ച കലാകാരികളായിരുന്നു.
കലാരഞ്ജിനിയും കൽപ്പനയും.

1977- ൽ വെറും എട്ടാം വയസ്സിൽ “വിടരുന്ന മൊട്ടുകൾ ”
എന്ന മലയാളചലച്ചിത്രത്തിൽ അഭിനയിച്ചു കൊണ്ടായിരുന്നു ഉർവ്വശിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം.
കുടുംബം ചെന്നൈയിലേക്ക് താമസം മാറിയതിനാൽ ഹൈസ്കൂൾ വിദ്യാഭ്യാസം തമിഴ്നാട്ടിലായിരുന്നു.

ഈ സമയത്താണ് അക്കാലത്ത് തമിഴ് സിനിമയിലെ സകലകലാ വല്ലഭനും സൂപ്പർസ്റ്റാറുമായ ഭാഗ്യരാജിന്റെ
“മുന്താണെ മുടിച്ച് ” എന്ന തമിഴ് ചിത്രത്തിൽ നായികയാകുന്നത്.
ഈ ചിത്രം 500 ദിവസത്തോളം തമിഴ്നാട്ടിൽ പ്രദർശിപ്പിച്ച്
വൻ വിജയം നേടിയെടുത്തത്തോടെ
തമിഴിലെ ഏറ്റവും പ്രായം കുറഞ്ഞ ലേഡി സൂപ്പർസ്റ്റാർ പദവിലേക്ക് പതിമൂന്നാമത്തെ വയസ്സിലാണ് ഉർവ്വശി അവരോധിക്കപ്പെട്ടതെന്നോർക്കണം.
ഒരു മലയാളി പെൺകുട്ടി തമിഴകത്ത് ഇത്ര വലിയ വിജയം ചെറിയ പ്രായത്തിനുള്ളിൽ നേടിയെടുക്കുന്നത് കോടമ്പാക്കം അത്ഭുതത്തോടെയാണ് നോക്കിനിന്നത്.

1984 -ൽ മമ്മൂട്ടി നായകനായി അഭിനയിച്ച “എതിർപ്പുകൾ ”
എന്ന ചിത്രത്തിലെ നായികയായിട്ടാണ് ഉർവ്വശി മലയാളത്തിൽ എത്തുന്നത്.
പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായി
10 വർഷത്തിനുള്ളിൽ 500-ലധികം സിനിമകളിൽ അഭിനയിച്ച ഉർവ്വശി ഒരു മികച്ച എഴുത്തുകാരി കൂടിയാണ് .
ഉത്സവമേളം , പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളുടെ കഥയെഴുതിയത് ഉർവ്വശിയായിരുന്നു.

തെലുങ്ക് സിനിമയിലും ഈ കലാകാരി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു .
ശങ്കരാഭരണം ഫെയിം
കെ വിശ്വനാഥ് സംവിധാനം ചെയ്ത “സ്വരാഭിഷേകം ” എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെലുങ്കു പ്രേക്ഷകരുടേയും
ഇഷ്ടനടിയായി മാറി ഈ മലയാളി പെൺകുട്ടി .

സത്യൻ അന്തിക്കാട്
സംവിധാനം ചെയ്ത
“അച്ചുവിൻ്റെ അമ്മ ” എന്ന ചിത്രത്തിലെ ഉജ്ജ്വല പ്രകടനത്തിന് 2006-ലെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്ക്കാരവും ഇവർക്ക് ലഭിക്കുകയുണ്ടായി.

മലയാളത്തിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം ആദ്യം ലഭിക്കുന്നത് 1989-ൽ മഴവിൽക്കാവടി, വർത്തമാനകാലം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു .
1990ല്‍ “തലയണമന്ത്രം ”
എന്ന ചിത്രത്തിലെ അവിസ്മരണീയമായ
പകർന്നാട്ടത്തിലൂടെ വീണ്ടും സംസ്ഥാന പുരസ്കാരം ഉർവ്വശിയെ തേടിയെത്തി.
തൊട്ടടുത്ത വർഷവും കടിഞ്ഞൂൽകല്യാണം , ഭരതം, കാക്കത്തൊള്ളായിരം , മുഖചിത്രം തുടങ്ങിയ ചിത്രങ്ങളിലെ മിന്നുന്ന പ്രകടനത്തോടെ സംസ്ഥാന ഗവൺമെന്റിന്റെ മികച്ച നടിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു.

1995 -ൽ “കഴകം ” എന്ന ചിത്രത്തിലൂടെയും 2006-ൽ “മധുചന്ദ്രലേഖ ” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരം അഞ്ചുതവണ നേടുന്ന മലയാളത്തിലെ ആദ്യ അഭിനേത്രിയായ ഉർവ്വശി അഭിനയ കലയിലെ നിത്യ വിസ്മയമായി ഇന്നും തുടരുന്നു.

“ഉള്ളൊഴുക്കി ” ലെ അത്ഭുതപ്പെടുത്തുന്ന
അഭിനയമികവിലൂടെ കേരളക്കരയെ വീണ്ടും വിസ്മയിപ്പിച്ചു കൊണ്ട് അഭിനയകലയിലെ ഉർവ്വശിയായി തീർന്നിരിക്കുന്ന ഈ കലാകാരി കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്ന ഒട്ടേറെ മധുരഗീതങ്ങളുടെ ആവിഷ്കാരങ്ങൾ നമ്മൾ കണ്ടതും ആസ്വദിച്ചതും ഉർവ്വശിയുടെ മുഖശ്രീയിലൂടെ ആയിരുന്നു.

“ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടി വരുമോ …”
(മിഥുനം)
“തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍… ”
(സൂര്യഗായത്രി )
“പരുമലച്ചെരുവിലെ പടിപ്പുരവീട്ടിൽ
പതിനെട്ടാം പട്ട തെങ്ങു വച്ചു..”
( സ്ഫടികം )
“തങ്കത്തോണി
തെൻമലയോരം കണ്ടേ…. ”
(മഴവിൽക്കാവടി )
“കണ്ണാടി പുഴയുടെ
കടവത്ത്നിൽക്കണ ….. ”
(ഭാര്യ )
” മൗനത്തിൻ ഇടനാഴിയിൽ
ഒരു ജാലകം .. ”
(മാളുട്ടി )
“രാമകഥാഗാനലയം മംഗളമെൻ തംബുരുവിൽ
പകരുക സാഗരമേ..”
( ഭരതം )
“മഞ്ഞിൻ ചിറകുള്ള
വെള്ളരിപ്രാവേ…..”
( സ്വാഗതം )
“കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി
കളിയാടാൻ വാ..”
( വിഷ്ണുലോകം )
“സ്വർ‌ഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ
വിടുരുന്നേതോ ഋതുഭാവങ്ങൾ…..”
( മാളുട്ടി )
തുടങ്ങി എത്രയോ മനോഹര ഗാനങ്ങളാണ് ഉർവ്വശിയുടെ മുഖലാവണ്യത്തിൽ വെള്ളിത്തിരയിൽ മിന്നി മറഞ്ഞത്.

നാലു പതിറ്റാണ്ട് നീണ്ട അഭിനയ സപര്യക്കൊടുവിൽ മികച്ച നടിക്കുള്ള ആറാമത്തെ ചലച്ചിത്ര പുരസ്ക്കാരവുമായി മലയാള ചലച്ചിത്ര നഭസ്സില്‍ തിളങ്ങി നിൽക്കുന്ന അഭിനയ ചക്രവർത്തിനിക്ക് നിറഞ്ഞ സന്തോഷത്തോടെ അഭിനനന്ദനങ്ങൾ
അർപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments