മലയാള ചലച്ചിത്രലോകം കണ്ടതിൽ വച്ചേറ്റവും പ്രഗത്ഭരായ നടന്മാരിൽ ഒരാളാണ് ശ്രീ നെടുമുടി വേണു. ഏത് വേഷവും അനായാസമായി പകർന്നാടാനുള്ള അപാരമായ അഭിനയപാടവത്തിന് ഉടമയായിരുന്നു അദ്ദേഹം. ഏത് കഥാപാത്രത്തെയും സ്വതസിദ്ധമായ ശൈലിയിൽ മിനുക്കിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മറ്റു അഭിനേതാക്കളിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഒരുപക്ഷെ നെടുമുടി വേണുവിന്റെ ഈ കഴിവ് തന്നെയാവും അദ്ദേഹത്തിന് പ്രേക്ഷകമനസ്സുകളിൽ എന്നും അഭേദ്യമായ സ്ഥാനം നേടിക്കൊടുക്കുന്നത്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനരായ നടന്മാരിൽ ഒരാളായിരുന്ന നെടുമുടി വേണുവിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് ഒരു നികത്താവാനാത്ത നഷ്ടം തന്നെയാണ്.
1948 മെയ് 22 ന് ആലപ്പുഴ ജില്ലയിലെ നെടുമുടിയിലാണ് കെ.വേണുഗോപാലൻ എന്ന നെടുമുടി വേണുവിന്റെ ജനനം. പി കെ കേശവപിള്ളയും കുഞ്ഞിക്കുട്ടിഅമ്മയുമാണ് മാതാപിതാക്കൾ. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ സാംസ്‌കാരിക പ്രവർത്തനങ്ങളിലും അഭിനയരംഗത്തും സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ് ഡി കോളേജിലെ പഠനകാലത്ത് സഹപാഠിയായിരുന്ന ഫാസിലുമായി ചേർന്ന് നാടകങ്ങൾ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം നാടകരംഗത്തേക്ക് ചുവടുവച്ചു. അഭിനയത്തോടൊപ്പം തന്നെ എഴുത്തിലും അദ്ദേഹം മികവ് തെളിയിച്ചിരുന്നു. കോളേജ് പഠനകാലത്തു ശ്രീ തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ ചെയ്ത വളരെ ചെറിയൊരു വേഷമാണ് അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനു തുടക്കം കുറിച്ചത്. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയും അദ്ദേഹം നാടകാഭിനയ രംഗത്ത് മാറ്റുരച്ചു.
എസ് ഡി കോളേജിൽ നിന്ന് ബിരുദമെടുത്ത ശേഷം അദ്ദേഹം കലാകൗമുദിയിൽ പത്രപ്രവർത്തകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് പാരലൽ കോളേജ് അദ്ധ്യാപകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് താമസിച്ചിരുന്ന കാലത്ത് മലയാള സിനിമയിലെ പ്രഗത്ഭരുമായുണ്ടായിരുന്ന സൗഹൃദമാണ് അദ്ദേഹത്തിന് ചലച്ചിത്രലോകത്തേക്കുള്ള ചവിട്ടുപടിയായത്. ഭരത്ഗോപി, അരവിന്ദൻ, പത്മരാജൻ എന്നിവരുമായുള്ള സൗഹൃദം അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് ഏറെ സഹായകമായി. 1978 ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഒരു അഭിനേതാവ് എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ഭരതന്റെ ആരവവും തകരയും പത്മരാജന്റെ ഒരിടത്തൊരു ഫയൽവാനും മലയാളസിനിമയിൽ നെടുമുടി വേണു എന്ന നടന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പിന്നീടങ്ങോട്ട് അഞ്ഞൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹത്തിന്റെ അഭിനയജീവിതം മലയാളസിനിമയുടെ ചരിത്രത്താളുകളിൽ സുവർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ആരവത്തിലെ ‘മരുത്’ എന്ന കഥാപാത്രത്തിനും ‘മുക്കുറ്റി തിരുതാളി’ എന്ന പാട്ടിനുമൊപ്പം നെടുമുടി വേണു എന്ന നടൻ ചേക്കേറിയത് പ്രേക്ഷകലക്ഷങ്ങളുടെ മനസ്സുകളിലേക്കായിരുന്നു. പത്മരാജന്റെ കള്ളൻ പവിത്രനിൽ, കള്ളൻ പവിത്രൻ എന്ന ടൈറ്റിൽ റോൾ തന്നെ നെടുമുടിയെ തേടിയെത്തി. കള്ളൻ പവിത്രനോളം ശ്രദ്ധിക്കപ്പെട്ട കള്ളൻ വേഷങ്ങൾ മലയാള സിനിമയിൽ വിരലിലെണ്ണാവുന്നവ മാത്രമായിരിക്കും. കഥാപാത്രത്തിന്റെ പ്രായമോ പരിധികളോ ഒന്നും നെടുമുടി വേണുവിലെ അഭിനേതാവിന് വെല്ലുവിളി ഉയർത്തിയില്ല. തന്റെ പ്രായത്തെക്കാൾ മുതിർന്ന കഥാപാത്രങ്ങളെയും നർമ്മപ്രാധാന്യമുള്ള കഥാപാത്രങ്ങളെയും വില്ലൻ സ്വഭാവമുള്ള കഥാപാത്രങ്ങളേയുമെല്ലാം തന്റെ ഭാവാഭിനയചാതുരി കൊണ്ട് നിഷ്പ്രയാസം അദ്ദേഹം വരുതിയിലാക്കി. ഒരിടത്തൊരു ഫയൽവാനിലെ ശിവൻപിള്ള മേസ്തിരി ഇതിനൊരു ഉത്തമോദാഹരണമാണ്. ഈ കഥാപാത്രം നെടുമുടി വേണുവിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായിരുന്നു എന്ന് നിസ്സംശയം പറയാം.
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, സർവ്വകലാശാല, വന്ദനം, പഞ്ചവടിപ്പാലം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചിത്രം, വന്ദനം, ഭരതം, ഹിസ് ഹൈനസ്സ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത്, പാളങ്ങൾ, ചാമരം, അപ്പുണ്ണി,മംഗളം നേരുന്നു,സർഗ്ഗം, യവനിക, കേളി, ചില്ല്, ഇരകൾ, അടിവേരുകൾ, ചിലമ്പ്, ആരണ്യകം, പെരുന്തച്ചൻ, ധ്വനി, താളവട്ടം, ദേവാസുരം, സൂര്യഗായത്രി, ബാലേട്ടൻ, ചുരം, ഗുരു, മാർഗ്ഗം എന്നിങ്ങനെ അനവധി ചിത്രങ്ങളിലൂടെ അച്ഛനായും അമ്മാവനായും സഹോദരനായും കാമുകനായും ഭർത്താവായും മകനായും സ്നേഹിതനായും കാര്യസ്ഥനായും അദ്ധ്യാപകനായും രാഷ്ട്രീയക്കാരനായും മുതലാളിയായും തൊഴിലാളിയായും നെടുമുടി വേണു എന്ന നടൻ അഭിനയകലയുടെ കൊടുമുടികൾ കീഴടക്കിയതിനു മലയാളസിനിമ സാക്ഷിയാണ്. മലയാളം കൂടാതെ പത്തോളം തമിഴ് ചിത്രങ്ങളിലും ഒരു ഹിന്ദി ചിത്രത്തിലും അദ്ദേഹം വേഷമിട്ടു.
അഭിനയം കൂടാതെ സംവിധാനം, കഥ, ഗാനാലാപനം എന്നീ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ എന്നീ ചിത്രങ്ങളുടെ കഥ നെടുമുടി വേണുവിന്റേതായിരുന്നു. ‘പൂരം’ എന്നൊരു സിനിമയും ‘കൈരളീ വിലാസം ലോഡ്ജ്’ എന്നൊരു ടെലിസീരിയലും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1990 ൽ ഹിസ് ഹൈനസ്സ് അബ്ദുള്ളയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ചു. 1981 ൽ വിട പറയും മുൻപേ എന്ന ചിത്രത്തിലെ അഭിനയത്തിനും 1987 ൽ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിനും 2003 ൽ മാർഗ്ഗത്തിലെ അഭിനയത്തിനും അദ്ദേഹം മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
2021 ഒക്ടോബർ 11 ന് എന്നെന്നേക്കുമായി വിട പറഞ്ഞുപോയപ്പോൾ അദ്ദേഹം ഒഴിച്ചിട്ടത് മലയാളസിനിമയുടെ ‘അതിരു കാക്കും മല’ പോലൊരു ഇരിപ്പിടമാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം, ഗ്രാമീണതയുടെ കലർപ്പില്ലാത്ത നൈർമ്മല്യം, അപൂർവ്വ സുന്ദര ഗാനങ്ങളുടെ ചിരപരിചിതമായ മുഖം, എന്നെന്നും ചേർത്തുപിടിക്കുന്ന നന്മയും കരുതലും ഇതൊക്കെയായിരുന്നു മലയാളിക്ക് നെടുമുടി വേണു എന്ന നടനും അദ്ദേഹത്തിലൂടെ ജീവൻ വച്ച ഒട്ടനവധി കഥാപാത്രങ്ങളും. അല്ലിയിളം പൂവോ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തേ, നീലമല പൂങ്കുയിലേ, ഏതോ ജന്മകല്പനയിൽ, ദേവസഭാതലം എന്നിങ്ങനെ സംഗീതപ്രേമികൾ ഹൃദയത്തിലെന്നും സൂക്ഷിച്ചു വയ്ക്കുന്ന ഒരുപിടി അതിസുന്ദരഗാനങ്ങളുടെ മുഖം നെടുമുടിയുടേതാണ്. കാതോർത്താൽ ഇപ്പോഴും കേൾക്കാം… ദൂരെയെവിടെയോ നിന്ന്, കാണാമറയത്തു നിന്ന്… “അതിരുകാക്കും മലയൊന്നു തുടുത്തേ തുടുത്തേ തക തക താ…”