തിരുവനന്തപുരം : സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. മഴക്കെടുതിയിൽ എട്ട് മരണം സ്ഥിരീകരിച്ചു. എട്ടു പേരെ കാണാതായിട്ടുണ്ട്. 13 പേര്‍ക്ക് പരുക്കേറ്റു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.
സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് റവന്യു മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടവുമായും ആശയവിനിമയം തുടരുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ഇന്നലത്തെ അപേക്ഷിച്ച് മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
അതേസമയം വെള്ളം കയറിയ സ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാവശ്യത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.



