കൊല്ലം: ശൂരനാട് വടക്ക് പാറക്കടവില്‍ വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മാരകായുധങ്ങളുമായെത്തിയ സംഘം വീട് അടിച്ചുതകർത്തു.
ചിറപ്പാട് അഖിലാലയത്തില്‍ അജിത്തിന്റെ (43) വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആറംഗ സംഘം ആക്രമണം അഴിച്ചുവിട്ടത്.
വീടിന്റെ ജനാലകള്‍, ടിവി, ഫ്രിഡ്ജ്, മൊബൈല്‍ ഫോണുകള്‍, അലമാരകള്‍ എന്നിവ സംഘം തകർത്തു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് ഉള്‍പ്പെടെയുള്ള വാഹനങ്ങളും വെട്ടിപ്പൊളിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. അജിത്തിനെയും അമ്മ ഗൗരിക്കുട്ടിയെയും (68) മക്കളായ അഭിജിത്തിനെയും അഖിലയെയും അക്രമിസംഘം മർദ്ദിച്ചു. അക്രമികള്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
പാതിരിക്കല്‍ സ്വദേശിയും സിപിഎം പ്രാദേശിക നേതാവുമായ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് വീട്ടുകാർ പോലീസിന് മൊഴി നല്‍കി. മാസങ്ങള്‍ക്ക് മുൻപ് ആനയടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഈ ആക്രമണമെന്നാണ് സൂചന. ഭക്ഷണം കഴിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘം ഇരച്ചുകയറിയതെന്നും പുറത്തേക്ക് ഓടിമാറിയതിനാലാണ് ജീവൻ രക്ഷപ്പെട്ടതെന്നും അജിത്തും കുടുംബവും പറഞ്ഞു. ശൂരനാട് പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.



