പാലക്കാട്: കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിനെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ കേസ് എടുക്കാന്‍ സാധിക്കില്ലെന്ന് പാലക്കാട് നോര്‍ത്ത് പോലീസ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിവി സതീഷ് ആണ് അധിക്ഷേപ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.
ഈ പരാതിയില്‍ കേസെടുക്കാനാവില്ലെന്നാണ് പോലീസിന്റെ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എഎസ്പിക്ക് നോര്‍ത്ത് സിഐ റിപ്പോര്‍ട്ട് നല്‍കി. ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരിട്ടുള്ള പരാതി അല്ലാത്തതിനാലാണെന്നും പോലീസ് അറിയിച്ചു.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞത്. ഷാഫിയും രാഹുലും ഇക്കാര്യത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തിൽ രാഹുലിന്‍റെ ഹെഡ്‍മാഷാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു ആരോപിച്ചിരുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ എൻ സുരേഷ് ബാബു വ്യക്തമാക്കിയിരുന്നു.



