കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രചരിച്ചതിനും, ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങളിലും കമ്പനിയുടെ പ്ളാറ്റ്‌ഫോമുകളിലെ പോരായ്‌മകൾക്കും ക്ഷമാപണം നടത്തി മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. കേന്ദ്ര സർക്കാരുമായുള്ള ഉന്നതതല യോഗത്തിനിടെയായിരുന്നു ക്ഷമാപണം നടത്തിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ പരാമർശമില്ല.
പ്ലാറ്റ്‌ഫോമിന്റെ ഉത്തരവാദിത്തങ്ങൾ, ഉള്ളടക്കളുടെ നിയന്ത്രണം, ഇന്ത്യൻ നിയമങ്ങൾ പാലിക്കൽ എന്നിവ സംബന്ധിച്ചാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസത്തെ യോഗം നടന്നത്. ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിലെ പിഴവുകളും പ്ളാറ്റ്‌ഫോമുകളിൽ ദോഷകരമായ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്തതിലും മെറ്റ കുറ്റസമ്മതം നടത്തി.അതേസമയം, ഇൻഫർമേഷൻ ടെക്നോളജി ആക്ടിന് കീഴിൽ ഇടനിലക്കാർക്ക് ലഭ്യമാകുന്ന നിയമ പരിരക്ഷ മെറ്റയ്ക്ക് അവകാശപ്പെടാൻ കഴിയില്ലെന്ന് കേന്ദ്രം യോഗത്തിൽ വ്യക്തമാക്കി.
ഏത് ഉള്ളടക്കമാണ് ആംപ്ലിഫൈ ചെയ്യേണ്ടതെന്നും ഉപയോക്താക്കൾക്ക് കാണിക്കേണ്ടതെന്നും മെറ്റയുടെ അൽഗോരിതമാണ് നിർണയിക്കുന്നതെന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റ സിഇഒ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പുപറയണമെന്നാണ് പാർലമെന്ററി സമിതി ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം മെറ്റയ്ക്ക് ഇന്ത്യയിൽ ലഭിക്കുന്ന ‘സേഫ് ഹാർബർ’ എന്ന നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
ചോദ്യപ്പേപ്പർ ചോർച്ച തടയുന്നതിനായി കർശന നടപടി സ്വീകരിക്കുമെന്ന് മോദി യുവാക്കളോട് പറയുന്ന വീഡിയോയാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്.



