മലയാളി വേരുകളുള്ള നാസ (NASA) ബഹിരാകാശ യാത്രികൻ ഡോ അനിൽ മേനോൻ (Anil Menon) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (International Space Station) വെളിയിൽ ഏഴ് മണിക്കൂർ നീളുന്ന ചരിത്രപരമായ ബഹിരാകാശ നടത്തത്തിന് (Spacewalk) ഒരുങ്ങുന്നു. ആഗസ്റ്റ് 6 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:05 നാണ്.
നിർണായകമായ ഈ ദൗത്യം ആരംഭിക്കുന്നത്. പരിചയസമ്പന്നയായ ബഹിരാകാശ യാത്രികയും സ്റ്റേഷൻ കമാൻഡറുമായ ജെസ്സിക്ക മെയറിനൊപ്പമാണ് ഫ്ലൈറ്റ് എഞ്ചിനീയറായ അനിൽ മേനോൻ ക്വസ്റ്റ് എയർലോക്കിൽ നിന്ന് പുറത്തുകടന്ന് സ്പേസ്‌വാക്ക് നടത്തുന്നത്.
നിലയത്തിലെ ഊർജ സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക ജോലികളാണ് ഈ ദൗത്യത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.
ബഹിരാകാശ നിലയത്തിന്റെ സ്റ്റാർബോർഡ് 6 ട്രസ്സിൽ പുതിയ ഐആർഒഎസ്എ (IROSA – International Space Station Roll-Out Solar Array) സോളാർ പാനലുകൾ ഘടിപ്പിക്കുന്നതിന് ആവശ്യമായ ഹാർഡ്‌വെയറുകൾ ഇരുവരും ചേർന്ന് സജ്ജീകരിക്കും. ഈ വർഷം അവസാനത്തോടെ എത്തിക്കുന്ന പുതിയ സോളാർ പാനലുകൾ പ്രവർത്തനസജ്ജമാകുന്നതോടെ നിലയത്തിന്റെ വൈദ്യുതി ഉത്പാദന ശേഷി വലിയ തോതിൽ വർധിക്കും.
ബഹിരാകാശ നിലയത്തിൽ നടക്കുന്ന ശാസ്ത്രീയ ഗവേഷണങ്ങൾക്കും നിത്യേനയുള്ള പ്രവർത്തനങ്ങൾക്കും ഈ പുതിയ ഊർജ സംവിധാനം അത്യാവശ്യമാണ്. സ്പേസ്‌വാക്കിന് മുന്നോടിയായി ഉപകരണങ്ങൾ സജ്ജമാക്കുന്നതിലും നടപടിക്രമങ്ങൾ അവലോകനം ചെയ്യുന്നതിലും ഇരുവരും ഏർപ്പെട്ടിരുന്നു. സ്റ്റേഷനുള്ളിലുള്ള മറ്റ് നാസ ഗവേഷകരും യൂറോപ്യൻ സ്പേസ് ഏജൻസി പ്രതിനിധികളും ഇവർക്ക് ആവശ്യമായ സാങ്കേതിക പിന്തുണ നൽകും.
നാസയുടെ ഡിസിഷൻ സപ്പോർട്ട് സിസ്റ്റത്തിന്റെ ഭാഗമായി പഴയ സോളാർ പാനലുകൾ മാറ്റുന്ന ദൗത്യത്തിലെ ഏഴാമത്തെ ഘട്ടമാണിത്. വലിപ്പത്തിൽ ചെറുതാണെങ്കിലും കൂടുതൽ കാര്യക്ഷമമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ ഇത്തരം റോളൗട്ട് സോളാർ പാനലുകൾക്ക് സാധിക്കും.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അനിൽ മേനോൻ നാസയുടെ ബഹിരാകാശയാത്രികനും എമർജൻസി മെഡിസിൻ ഫിസിഷ്യനുമാണ്. 2021 ലാണ് നാസയുടെ ബഹിരാകാശ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് എക്സ്പെഡിഷൻ 74 ന്റെ ഭാഗമായി 2026 ജൂലൈ 14-ന് റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 പേടകത്തിലെറിയാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.



