അച്ഛൻറെ കാർ ഗേറ്റ് കടന്നുവരുന്നത് കണ്ടതും നന്ദിത അമ്മയുടെ മുഖത്തേക്ക് നോക്കി. യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ചെയ്യുന്ന ജോലിയിൽ മുഴുകിയിരിക്കുകയാണ് അമ്മ. അമ്മയുടെ മുഖത്ത് എപ്പോഴും ഒരു നിസ്സംഗതയുടെ മുഖംമൂടി ഉണ്ടെന്ന് നന്ദിതയ്ക്ക് തോന്നാറുണ്ട്. അതിൻറെ കാരണവും അവൾക്കറിയാം.
മോഹനനുമായി സംസാരിച്ചിരുന്ന് സമയം പോയത് അറിഞ്ഞില്ല അകത്തേക്ക് കയറി വന്ന അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു. അവളുടെ മുഖത്ത് ഒരു പരിഹാസ ചിരി മിന്നി മറഞ്ഞു. മുറ്റത്തിന് താഴെ പടിഞ്ഞാറുവശത്ത് നിൽക്കുന്ന മാവിൽ നിറയെ മാമ്പഴങ്ങൾ ആണ്. വൈകുന്നേരം മാമ്പഴങ്ങളും ശേഖരിച്ച് അച്ഛൻ പോയപ്പോൾ അവൾക്ക് അറിയാമായിരുന്നു എങ്ങോട്ടാണ് പോകുന്നത് എന്ന്.
അത് ശരി വയ്ക്കുന്ന മട്ടിൽ കുറച്ചു കഴിഞ്ഞപ്പോൾ നീതുവിന്റെ കോൾ വന്നു. എടീ നിൻറെ അച്ചൻ ഗേൾഫ്രണ്ടിനെ കാണാൻ വന്നിട്ടുണ്ട്. ഈ അടുത്തകാലത്ത് അച്ഛൻ തുടങ്ങിയ പുതിയ ബന്ധമാണത്. തന്റെ കൂട്ടുകാരിയുടെ വീട് അവരുടെ വീടിനടുത്താണെന്നുള്ള കാര്യം അച്ഛന് അറിയില്ല. ഒരിക്കൽ അവരെ നീതു അവൾക്ക് കാണിച്ചു കൊടുത്തു.നോക്കടി ഈ ഉണക്കചൂട്ട് പോലിരിക്കുന്ന സാധനത്തിന്റെ പുറകെ നിൻ്റെ അച്ഛൻ എന്തിനാണ് നടക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. നന്ദിത അവരെ സൂക്ഷിച്ചു നോക്കി. ഒരു ഒട്ടകത്തിന്റെ രൂപമാണ് അവളുടെ മനസ്സിൽ വന്നത്. ഉണങ്ങിയ ഒരു ഒട്ടകം. അവൾ അമ്മയെ ഓർത്തു. എന്ത് സുന്ദരിയാണ് അമ്മ. എന്നിട്ടും അച്ഛൻ ….. സുന്ദരമായ മുഖവും ആകർഷകമായ ചിരിയും വശ്യമായ സംസാരവും ഉള്ള അച്ഛൻ്റെ മുഖത്ത് സ്ത്രീകളെ കാണുമ്പോൾ ഒരു കാമുക ഭാവമാണ് വിരിയുന്നതെന്ന് അവൾക്ക് തോന്നിയിട്ടുണ്ട്.അച്ഛനെ കുറിച്ചുള്ള ഇത്തരം കഥകൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഒരിക്കൽ അമ്മയോട് അതിനെപ്പറ്റി ചോദിച്ചു. അയാൾ ഒരു പ്രാപ്പിടിയനാണ്; സ്ത്രീകളെ റാഞ്ചുന്ന പ്രാപ്പിടിയൻ. ചതിയൻ ആണെന്ന് ആദ്യമേ തന്നെ മനസ്സിലായിരുന്നു. ആദ്യമൊക്കെ എതിർത്തു വഴക്കിട്ടു പ്രയോജനമില്ലെന്ന് മനസ്സിലായപ്പോൾ നിർത്തി. പിന്നെ അയാളെ മനസ്സിൽ നിന്നും പടിയിറക്കി പിണ്ഡം വെച്ചു. സ്നേഹിക്കുമ്പോൾ ആണല്ലോ വേദനയുണ്ടാവുന്നത്. അതില്ല ഇപ്പോൾ. സ്നേഹിക്കാത്തവർ എന്ത് ചെയ്താലും നമുക്കെന്താ ? പിന്നെ ഒന്നിച്ച് ഒരു വീട്ടിൽ താമസിക്കുന്നത് ,അത് നിന്നെ ഓർത്ത് മാത്രമാണ്. അമ്മ വീണ്ടും ആ നിസംഗതയുടെ മുഖം മൂടി എടുത്തണിഞ്ഞു. പതിയെ പതിയെ ആ നിസംഗത അവളിലേക്കും പടർന്നു. പരമാവധി ഉൾവലിഞ്ഞു. ഒന്നോ രണ്ടോ കൂട്ടുകാർ പഠിത്തം അത്രമാത്രം.ഒരു വീട്ടിൽ മൂന്നു പേർ. മൂന്ന് ധ്രുവങ്ങളിൽ. പുറത്തുനിന്ന് നോക്കുന്നവർക്ക് അതൊരു വീടാണ്, വീട്ടിലുള്ളവർക്ക് അങ്ങനെയല്ലെങ്കിലും. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ അവളിൽ ഒരു അസ്വസ്‌ഥത പെരുകാറുണ്ട്. ഒരു പ്രാപ്പിടിയൻ്റെ ചിറകടിയൊച്ച കേൾക്കും പോലെ.. അത്താഴം കഴിഞ്ഞ് ടിവി കാണാം എന്ന് കരുതിയാണ് സ്വീകരണ മുറിയിലേക്ക് പോയത്. പുറത്ത് ജനാലയുടെ അരികിൽ അച്ഛൻറെ ശബ്ദം. ഫോണിലാണ് .നാളെ ഞാൻ നാലു മണിക്ക് ഉറപ്പായും എത്തും. മാമ്പഴം കൊണ്ടു വരുമോ എന്നോ ? ഇഷ്ടം പോലെയല്ലേ ഉള്ളത് എത്രവേണമെങ്കിലും കൊണ്ടുവരാം. പിന്നെ അച്ഛൻ പറയുന്ന വാക്കുകൾ കേടപ്പോൾ അവൾക്ക് അറപ്പ് തോന്നി. ഒരു അച്ഛൻ ഇത്രമേൽ അധപതിക്കാമോ ? അവൾ മുറിയിലേക്ക് പോന്നു .മനസ്സ് ചിന്തയിൽ കുരുങ്ങി എവിടെയൊക്കെയോ അലഞ്ഞു.
ഉറക്കത്തിനും ഉണർവിനും ഇടയിൽ അവൾ ഒരു സ്വപ്നം കണ്ടു. ആകാശത്തുനിന്നും മിന്നൽ പോലെ താഴേക്ക് പറന്നുവരുന്ന പരുന്ത് .മുകളിലേക്ക് പോകുമ്പോൾ അതിൻറെ കൂർത്ത നഖങ്ങളിൽ പിടയുന്ന ജീവൻ .പിന്നെ അവൾ മറ്റൊരു സ്വപ്നം കണ്ടു ചിറകുവച്ച അച്ഛൻ ആകാശത്തുനിന്നും താഴേക്ക് പറന്നു വരുന്നു. സ്ത്രീകളെ റാഞ്ചി പറക്കുന്നു. അവൾ ഞെട്ടി ഉണർന്നതും അമ്മയുടെ ഉറക്കെയുള്ള വിളികെട്ടു .സമയം നോക്കിയപ്പോൾ നാലുമണി കഴിഞ്ഞിരിക്കുന്നു. എന്താണ് ഇപ്പോൾ ? അവൾ ഓടി ചെന്നു. അമ്മ കട്ടിലിലേക്ക് വിരൽ ചൂണ്ടി അച്ഛൻ … കട്ടിലിൽ അനക്കമറ്റു കിടക്കുന്ന അച്ഛനെയും പിന്നെ നിശ്ചലയായി നിൽക്കുന്ന അമ്മയേയും അവൾ മാറിമാറി നോക്കി. അച്ഛൻ ഈ ലോകത്ത് നിന്നും പോയി എന്ന് വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.അങ്ങനെ പോകാൻ അച്ഛന് പറ്റുമോ ? വീട്ടിൽ ആളുകൾ നിറയുന്നതും അവരുടെ സംസാരങ്ങളും ഒന്നും അവൾ ശ്രദ്ധിച്ചില്ല. മൂകയായി എങ്ങോട്ടോ നോക്കി ഒരേ ഇരിപ്പിരുന്നു. അച്ഛൻ എങ്ങോട്ടാണ് പോയത്? കാമുകിമാർക്ക് കൊടുക്കാൻ അവിടെ മാമ്പഴങ്ങൾ ഉണ്ടാകുമോ ? അവളുടെ ചിന്തകളെ മുറിച്ചുകൊണ്ട് ആരുടേയോ ശബ്‌ദം നാലുമണിക്കായിരുന്നു സംഭവം. ശരിയാണ് അമ്മ തന്നെ വിളിച്ച ആ സമയത്താണ്. നീതു വന്ന് അവൾക്ക് അരികിലിരുന്ന് അവളുടെ അമർത്തി. അവൾ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവൻ അവൾക്ക് അരികിലേക്ക് വന്നു. അവളുടെ തലയിൽ പതിയെ തലോടി … മോളെ ഇനി ആരും വരാനൊന്നും ഇല്ലല്ലോ? നാലുമണിക്ക് എടുക്കാം എന്നാണ് കരുതുന്നത്. അവൾ ഒന്നും പറഞ്ഞില്ല. പെട്ടന്ന് അവൾ ഓർത്തു. അച്ഛൻ ആ സ്ത്രീയെ കാണാൻ ചെല്ലാമെന്ന് പറഞ്ഞത് നാലുമണിക്കല്ലേ ? അവൾക്ക് പെട്ടെന്ന് ഒരു അങ്കലാപ്പ് തോന്നി.
ചിത കത്തി തീർന്നതും ആളുകൾ പിരിഞ്ഞു തുടങ്ങി. അമ്മ അവിടെ തന്നെ നിൽപ്പുണ്ട്. നീതു അവൾക്കരുകിലേക്ക് വന്നു. ഞാൻ പോട്ടെ നാളെ വരാം. അവൾ നീതുവിനൊപ്പം മുറ്റത്തേയ്ക്ക് നടന്നു വന്നു. മാവിൻ ചുവട്ടിൽ അനാഥമായി കിടക്കുന്ന മാമ്പഴങ്ങൾ ….അവൾ നീതുവിനോട് പറഞ്ഞു ഒരു നിമിഷം നിൽക്കൂ.. പിന്നെ അകത്തേക്ക് പോയി ഒരു കവറുമായി മാവിൻ ചുവട്ടിലേയ്ക്ക് നടന്നു. നിറയെ മാമ്പഴങ്ങൾ പെറുക്കിയിട്ടു. ഇവൾ എന്താണ് ചെയ്യുന്നത് നീതു അമ്പരപ്പോടെ നോക്കി നിന്നു. ഇത് ആ ഒട്ടകത്തിന് കൊടുക്കണം. ആർക്ക്? ആ സ്ത്രീയില്ലേ അവർക്ക് . എന്നിട്ട് പറയണം അച്ഛൻ തന്നുവിട്ടതാണ് എന്ന്. അവിശ്വസനീയതയോടെ നീതു അവളുടെ മുഖത്തേക്ക് നോക്കി. കൊടുക്കണം മറക്കരുത് . അർത്ഥം മനസ്സിലാകാതെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നീതു ഗേറ്റിന് പുറത്തേക്ക് പോയി. മാമ്പഴം അവൾ അവർക്ക് കൊടുക്കുന്ന നിമിഷത്തെ ഓർത്തപ്പോൾ അവൾക്ക് ചിരി വന്നു. പിന്നെ അവൾ അമ്മയെ തിരഞ്ഞു. അമ്മ അപ്പോഴും അവിടെ തന്നെ നിൽക്കുകയാണ്. അതിശയം അമ്മയുടെ മുഖത്തിപ്പോൾ ആ മുഖംമൂടിയില്ല. അമ്മ ആ മുഖം മൂടി അച്ഛൻറെ ചിതയിലേക്ക് വലിച്ചെറിഞ്ഞു എന്ന് നന്ദിതയ്ക്ക് മനസ്സിലായി. അവൾ അമ്മയോട് ചേർന്ന് നിന്നു. അമ്മ പതിയെ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. പിന്നെ അവളെ തന്നോട് ചേർത്ത് നിർത്തി. മുമ്പ് ഒരിക്കലും തോന്നിയിട്ടില്ലാത്ത സന്തോഷം അവൾക്ക് അനുഭവപ്പെട്ടു. ഒരു ആശ്വാസത്തിന്റെ കുളിർക്കാറ്റ് അവളുടെ ഹൃദയത്തിലൂടെ കടന്നുപോയി.അവൾ പതിയെ അമ്മയുടെ കൈപിടിച്ച് പ്രാപ്പിടിയന്റെ ചിറകടിയൊച്ചയില്ലാത്ത വീടിനുള്ളിലേക്ക് നടന്നു കയറി.



