ചിങ്ങപ്പുലരി പിറന്നു
തിങ്ങിയ മേഘം മറഞ്ഞു
മങ്ങിയ കാഴ്ച തെളിഞ്ഞു
എങ്ങുമാമോദം നിറഞ്ഞു.
കർഷക വൃന്ദമുണർന്നു
വർഷാരംഭത്തെതിരേറ്റു
ശീർഷാസനംകൊണ്ടു നെല്ലും
ഹർഷാരവമെങ്ങുമെങ്ങും
മംഗള നാദമുണർന്നു
സംഗമ ഘോഷധ്വനിയും
ഭംഗം വരാത്ത പാടത്തും
പിംഗളമായി കതിരും !
വന്നണഞ്ഞോണമെൻമുറ്റ-
ത്തിന്നിൻ്റെ കാഴ്ചപ്പൊലിമ
കുന്നിൻപുറത്തെപ്പൂവല്ല
മന്നനും മണ്ണിനാലല്ല.
മുറ്റത്തെ വന്മരക്കൊമ്പിൽ
കാറ്റിലാടാനായിട്ടൂഞ്ഞാൽ
ചെറ്റെഴുമാദ്രക്കളിക്കായ്
ഒറ്റൊരു മങ്കയുമില്ല!
ഒന്നുമേ വേവിക്കേണ്ടിന്ന്
വന്നു ഏജൻ്റിലൂടെല്ലാം
ചൊന്നാലുമില്ലാ സമയം
വന്നെത്തിയില്ലയൽക്കാരും.
നേരുന്നു ഈവരും നാളിൽ
നേരായ ജീവിതമാർഗ്ഗം.
പാരാകെ ഐശ്വര്യപൂർണ്ണം,
മാരിവില്ലൊത്തൊരു കാന്തി.



