തൃശൂർ :- തൃശൂരിൽ ഫെഡറൽ ബാങ്ക് ശാഖയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി ഹെൽമെറ്റും ജാക്കറ്റ് ഗ്ലൗസും ധരിച്ച് ബാങ്കിൽ പ്രവേശിക്കുകയായിരുന്നു. എട്ടു പേരാണ് ബാങ്കിൽ ജീവനക്കാരായ ഉണ്ടായിരുന്നത്. മാനേജരും മറ്റൊരു ജീവനക്കാരനും ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അക്രമി ബാങ്കിൽ പ്രവേശിച്ചത്.
ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിൽ അടച്ച ശേഷമാണ് പ്രതി പണം കവർന്നത്. പണം സൂക്ഷിക്കുന്ന ക്യാബിൻ കസേര ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജീവനക്കാരുടെ മൊഴി.
എന്നാൽ പ്രതി ഹിന്ദി സംസാരിച്ചു എന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന മോഷണ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പോലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ബാങ്കിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാങ്കിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെയും നഷ്ടപ്പെട്ട പണത്തിന്റെ കണക്കുകൾ ഒത്തു നോക്കിയതിനുശേഷം മാത്രമേ കൃത്യമായ സംഖ്യ പറയാൻ കഴിയുള്ളൂ.
സംഭവശേഷം അക്രമി വരാൻ ഉപയോഗിച്ച ഇരുചക്ര വാഹനത്തിൽ തന്നെ കയറി തൃശൂർ ഭാഗത്തേക്കാണ് പോയത്. ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയാണ് പ്രാഥമിക പരിശോധനകൾ നടത്തിയത്. ശേഷം തൃശ്ശൂർ റൂറൽ എസ് പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി വിശദ പരിശോധന നടത്തിവരികയാണ്..
ക്യാഷ് കൗണ്ടറിൽ 47 ലക്ഷം രൂപ ഉണ്ടായിരുന്നതായും അതിൽ 3 ബണ്ടിൽ മോഷണം പോയതായും തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. ഹിന്ദിയിൽ ആണ് സംസാരിച്ചത്. എവിടെക്കാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. വാഹനത്തെ കുറിച്ച് അറിവുണ്ട്. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്പി വ്യക്തമാക്കി.