മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന വലിയ പ്രഖ്യാപനവുമായി തമിഴ്നാട് സര്‍ക്കാര്‍ ബജറ്റ്. 2014-ലെ സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രി മാരി വില്‍സണ്‍ നിയമസഭയില്‍ വ്യക്തമാക്കിയത്.
വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് അയല്‍ സംസ്ഥാനമായ കേരളത്തിന് വലിയ തിരിച്ചടിയാകുന്ന ഈ തീരുമാനം പുറത്തുവന്നത്.
തമിഴ്നാട്ടിലെ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ജലദൗര്‍ലഭ്യം പരിഹരിക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് സര്‍ക്കാരിന്റെ വാദം.
ഇതിനുപുറമെ, നീര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി ആനമലൈയാര്‍, നല്ലൂര്‍ പദ്ധതികള്‍ നടപ്പിലാക്കാനും ഗോദാവരി-കാവേരി നദീജല സംയോജനം വേഗത്തിലാക്കാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.



