ഹരിതകർമസേനാംഗത്തിന് തെരുവുനായയുടെ കടിയേറ്റത്തിൽ പ്രതിഷേധസമരം നടത്തി. ഹരിതകർമസേനാംഗങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങളും സുരക്ഷിതത്വവും ഒരുക്കണമെന്നാവശ്യപ്പെട്ടാണ് തേഞ്ഞിപ്പലം ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ പഞ്ചായത്തിന് മുന്നിലേക്ക് പ്രതിഷേധസമരം നടത്തിയത്.
ഹരിതകർമസേനാംഗമായ അനിലയ്ക്ക് ജോലി സ്ഥലമായ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽനിന്നാണ് തെരുവുനായയുടെ കടിയറ്റത്. തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആരോപണം.
സുരക്ഷയില്ലാത്ത കമ്യൂണിറ്റി ഹാളിലാണ് 40-ഓളം സ്ത്രീകൾ പണിയെടുക്കുന്നത്. തികച്ചും അശാസ്ത്രീയവും സുരക്ഷിതമില്ലത്തതുമായ കമ്യൂണിറ്റി ഹാൾ ഏത് സമയവും നിലംപൊത്താം. ഹരിതകർമസേനാംഗങ്ങൾക്ക് വിശ്രമിക്കാനുള്ള സ്ഥലമോ ഭക്ഷണം കഴിക്കാനുള്ള സ്ഥലമോ ശൗചാലയമോ ഇവിടെ ഇല്ല. പഞ്ചായത്തിന് മുന്നിൽ മുൻപ് നടന്ന പല സമരങ്ങളിലും പ്രതിപക്ഷം ഈ ആവശ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഭരണസമിതി ഒന്നും ചെയ്തിട്ടില്ല. ഇതിനിടയിലാണ് തെരുവുനായയുടെ കടിയേറ്റത്.
കടിയേറ്റ ഹരിതകർമസേനാംഗം ആദ്യം തിരൂരങ്ങാടി ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടി. പ്രതിഷേധസമരം മഹിളാ അസോസിയേഷൻ ഏരിയാ കമ്മിറ്റിയംഗം ഉദ്ഘാടനം ചെയ്തു.