ഫോറസ്റ്റ് ഗ്രോവ്, ഒറിഗൺ: അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്ത് ഫോറസ്റ്റ് ഗ്രോവിന് സമീപമുള്ള ഗ്രാമപ്രദേശത്തെ ഒരു വസ്തുവിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ കാമുകനായ 36കാരൻ ബെഞ്ചമിൻ പാർക്കറാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.
വസ്തുവിന്റെ ഉടമയായ റോവൻ കാർല കിംസി (60), ഇവരുടെ മാതാവ് പോർട്ട്ലൻഡ് സ്വദേശിനിയായ മേരി എലിസബത്ത് കിംസി (85), പോർട്ട്ലൻഡിൽ നിന്നുള്ള ദമ്പതികളായ ലിൻസി മേ ഹരാൾഡ്സൻ (26), ആൽവിൻ റെയ്മണ്ട് ചു (27), സ്റ്റെല്ല ജേഡ് കിംസി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.
മേരി എലിസബത്ത് കിംസിയുടെ കൊച്ചുമകളാണ് സ്റ്റെല്ല. കൊല്ലപ്പെട്ട ലിൻസിയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്ന സ്റ്റെല്ല, കാമുകൻ ബെഞ്ചമിൻ പാർക്കറിനൊപ്പം സംഭവസ്ഥലത്തെ വസ്തുവിലാണ് താമസിച്ചിരുന്നതെന്ന് വാഷിങ്ടൺ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
സംഭവത്തിനു പിന്നാലെ ഞായറാഴ്ച, സിയാറ്റിലിന് സമീപമുള്ള എനംക്ലോ നഗരത്തിൽ ബെഞ്ചമിൻ പാർക്കറെയും മരിച്ച നിലയിൽ കണ്ടെത്തി. ഇയാളാണ് അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാൽ കൂട്ടക്കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സംഭവസ്ഥലത്ത് രണ്ട് പൂച്ചകളെയും രണ്ട് നായകളെയും ചത്ത നിലയിൽ കണ്ടെത്തിയതായും ഷെരീഫ് ഓഫീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു പൂച്ചയെ ചികിത്സയ്ക്കായി വെറ്ററിനറി ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്കുകളുടെ ഗുരുതരാവസ്ഥ കാരണം പിന്നീട് ദയാവധത്തിന് വിധേയമാക്കി. വസ്തുവിലുണ്ടായിരുന്ന മറ്റ് വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ 5.27ഓടെയാണ് സംഭവത്തിന്റെ തുടക്കം. ഫോറസ്റ്റ് ഗ്രോവിന് പുറത്തുള്ള പ്രദേശത്ത് ഒരു വാഹനം കത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് Forest Grove Fire & Rescue സംഘം സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടെ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചുപേരുടെയും നിരവധി വളർത്തുമൃഗങ്ങളുടെയും മരണം സ്ഥിരീകരിച്ചത്.
“എന്റെ 22 വർഷത്തെ സേവനത്തിനിടെ ഇത്രയും സങ്കീർണമായ ഒരു സംഭവസ്ഥലവും അന്വേഷണവും നേരിട്ടിട്ടില്ല,” എന്ന് വാഷിങ്ടൺ കൗണ്ടി ഷെരീഫ് കാപ്രിസ് മാസി പ്രതികരിച്ചു. സംഭവത്തിന്റെ പൂർണ പശ്ചാത്തലവും കൊലപാതകങ്ങളുടെ കാരണവും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.



