വാഷിങ്ടൺ: യുക്രെയ്നിൽ ശൈത്യകാലം നേരിടാൻ കൂടുതൽ ‘പട്രിയോട്ട്’ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നൽകണമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തന്നോട് ആവശ്യപ്പെട്ടതായി യു.എസ് മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്.
യു.എസിന്റെ കൈവശമുള്ളതിന്റെ 5 ശതമാനം മിസൈലുകൾ ലഭ്യമാക്കിയാൽ ശൈത്യകാലത്തെ പ്രതിസന്ധികളെ മറികടക്കാൻ സാധിക്കുമെന്ന് സെലെൻസ്കി വ്യക്തമാക്കിയതായി പെൻസ് പറഞ്ഞു. ശൈത്യകാലത്ത് റഷ്യ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം കടുപ്പിക്കുമെന്നാണ് യുക്രെയ്ന്റെ ആശങ്ക. മിസൈലുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ ദക്ഷിണ കൊറിയ പോലുള്ള സഖ്യകക്ഷികളുടെ സഹായം തേടാമെന്നും പെൻസ് അഭിപ്രായപ്പെട്ടു.



