Tuesday, August 25, 2026
Homeഅമേരിക്കപുരാണകഥകളിലൂടെ ഒരു യാത്ര.. (13) സതി - സാവിത്രി (3) ✍ ശ്യാമള ഹരിദാസ്.

പുരാണകഥകളിലൂടെ ഒരു യാത്ര.. (13) സതി – സാവിത്രി (3) ✍ ശ്യാമള ഹരിദാസ്.

സാവിത്രി യമനോട് പറഞ്ഞു, സർവ്വ ധർമ്മങ്ങളുടേയും അധിഷ്ഠാനമൂർത്തിയും ധർമ്മദേവനുമായ നിന്തിരുവടി എന്നോട് തിരിച്ചുപോകാൻ ആജ്ഞാപിക്കുന്നു. എന്റെ ഭർത്താവിനെ വെടിഞ്ഞു ഞാൻ എങ്ങോട്ട് പോകാനാണ്. എനിക്ക് ധർമ്മോപദേശം ചെയത അങ്ങ്, എന്റെ ഗുരുവായിത്തീർന്ന സ്ഥിതിക്ക് ഇതിനു സമാധാനം നൽകി എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞു. ഗുരുവിന് പിതൃസ്ഥാനം കൂടി ഉണ്ട്. ആ നിലയിൽ ഞാൻ അങ്ങയുടെ പുത്രിയും കൂടി ആണ്. പുത്രിക്ക് വൈധവ്യം വരുന്നത് കാണാൻ ഒരു പിതാവ് ആഗ്രഹിക്കുമോ?.

ത്രിമൂർത്തികൾ പോലും അവരവരുടെ ധർമ്മപത്നിമാരോടുകു‌ടി ജീവിക്കുന്നു. ലക്ഷ്മീ ദേവി വിഷ്ണു ഭഗവാനോടും, പാർവ്വതി ദേവി പരമശിവനോടും, വാണീഭഗവതി വാരിജോത്ഭവനോടും, ശചീദേവി ഇന്ദ്രനോടും, അരുന്ധതി ദേവി വസിഷ്ഠനോടും, അനസൂയ ദേവി അത്രിയോടും, രോഹിണീ ദേവി ചന്ദ്രനോടും രതീദേവി മന്മഥനോടും, സ്വധാദേവി അങ്ങയോടും ചേർന്നു ജീവിക്കാമെങ്കിൽ എനിക്ക് എന്തുകൊണ്ട് എന്റെ പ്രാണവല്ലഭനോടൊത്തു ജീവിച്ചുകൂടാ?.. ഒരു പതിവ്രത എന്നും ഭർത്തൃമതിയായിരിക്കണം എന്നല്ലേ ശാസ്ത്രം?… അവളുടെ മരണത്തിനു ശേഷമേ ഭർത്താവ് മരിക്കാൻ പാടുള്ളൂ. അവൾ ഒരിക്കലും വിധവയാകാൻ പാടില്ല.

അപ്പോൾ യമൻ പറഞ്ഞു നിന്റെ ഭർത്താവിന്റെ ജീവനൊഴിച്ചു മറ്റെന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളുക. അത് നൽകാൻ ഞാൻ സന്നദ്ധനാണ് എന്ന് യമൻ പറഞ്ഞു.

അപ്പോൾ സാവിത്രി പറഞ്ഞു എനിക്ക് നല്ല സന്താനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുഗ്രഹിക്കണം.

അപ്പോൾ യമൻ പറഞ്ഞു, ശരി അങ്ങനെയാവട്ടെ. പുത്രസുഖം ലഭിക്കുമ്പോൾ ഭർത്തൃദുഃഖം മറക്കാൻ സാധിക്കും.

അപ്പോൾ സാവിത്രി യമനോട് ചോദിച്ചു എന്ത്?… അങ്ങ് ബോധമില്ലാതെയാണോ വരദാനം ചെയ്തത്. ഒരു പതിവ്രതയായ എനിക്ക് ഭർത്താവില്ലാതെ എങ്ങിനെ പുത്രനുണ്ടാകും?.. അപ്പോൾ അങ്ങയുടെ വരദാനം വ്യർത്ഥമല്ലേ?.
മിഥ്യയല്ലേ?…

യമൻ സ്വയം ലജ്ജിതനായി “കേവലം പതിനാറുവയസ്സു മാത്രം പ്രായമുള്ള നിനക്ക് ഇത്ര വളരെ ജ്ഞാനം സിദ്ധിച്ചതിൽ ഞാൻ അതിശയിക്കുന്നു. സാവിത്രീ ദേവിയുടെ അനുഗ്രഹത്താൽ അശ്വപതിക്കുണ്ടായ പുത്രിയാണ് നീ എന്ന് എനിക്കറിയാം. നീ ദേവിയാൽ അനുഗൃഹീതയായ ജ്ഞാനസ്വരൂപിണിയാണ്. നിന്നിൽ സംപ്രീതനായി നിന്റെ ജീവനാഥന്റെ ജീവൻ ഞാനിതാ തിരിച്ചു നൽകുന്നു. സൗഭാഗ്യ പുണ്യദമ്പതികളായി നിങ്ങൾ ചിരകാലം വാണ്, അവസാനം സായൂജ്യപദം പ്രാപിക്കുവാൻ ഞാൻ അനുഗ്രഹിക്കുന്നു എന്ന് പറഞ്ഞു.

തൽക്ഷണം ചേതനയറ്റു കിടന്ന സത്യവാന്റെ ജഡത്തിൽ ജീവൻ പ്രവേശിക്കുകയും അദ്ദേഹം ഉറക്കത്തിൽ നിന്നും ഉണർന്നവനെന്നപോലെ എഴുന്നേറ്റ് സാവിത്രിയുടെ സമീപം ചെന്ന് യമധർമ്മനെ താണുനമസ്കരിക്കുകയും ചെയ്തു.

പിന്നീട് ഓരോ നരകങ്ങളുടെ വർണ്ണനയാണ് അതുകൊണ്ട് ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ