“ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്ന
തെന്തിന്? അവൻ ഇവിടെയില്ല.ഉയിർപ്പിക്കപ്പെട്ടു” ലൂക്കാ 24:5
നിശബദ്തയുടെ ശനി കടന്നുപോയി. പ്രത്യാശയുടെ പ്രകാശം പരത്തി ഉയിർപ്പു ഞായറെത്തി.
ഉത്ഥാനം ചെയ്യുമെന്ന യേശുവിന്റെ പ്രവചനത്തെ ഭയന്ന അധികാര വർഗ്ഗം കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തുന്നു.
മരണപാശത്തെ പൊട്ടിച്ചെറിഞ്ഞ് ജീവന്റെ നാഥൻ ഉയർന്നെഴുന്നേറ്റു .
ആയിരം സൂര്യപ്രഭയോടെ വാഴുന്ന ദൈവപുത്രൻ ഭൂമിയിലെ ഹ്രസ്വകാല ജീവിതത്തിനവസാനം കൊല്ലപ്പെട്ട് , ഉത്ഥാനം ചെയ്തുവെന്നു കേൾക്കുമ്പോൾ , എരിഞ്ഞടങ്ങിയ സൂര്യൻ അതിരാവിലെ പ്രഭയോടെ കിഴക്കേ ദിക്കിൽ നമ്മെയുണർത്താൻ വരുന്ന ദൃശ്യമാണ് എന്റെ മനസിലും മിഴികളിലും നിറയുന്നത്.
അതുകൊണ്ട് ഈസ്റ്റർ എന്നപദത്തിന്റെ ഉല്പത്തിയെക്കുറിച്ചുള്ള നിരവധി നിർവ്വചനങ്ങളിൽ ഈസ്റ്റ് (കിഴക്ക്) എന്ന പദവുമായി ബന്ധപ്പെടുത്താനാണ് എനിക്കിഷ്ടം.
ഇത് പ്രത്യാശയുടെ മഹോത്സവമാണ്.
മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്ന വിശ്വാസം.
ദുഃഖങ്ങൾക്കും സഹനങ്ങൾക്കും ശേഷമുള്ള സ്തബ്ധാവസ്ഥയ്ക്കു വരുന്ന പരിണാമമാണ് .
യേശുനാഥൻ പുനരുത്ഥാനം ചെയ്തു എന്ന വിശ്വാസമാണ് ക്രിസ്തുമതത്തിന്റെ ഉത്ഭവവും നിലനിൽപ്പും.
മരണത്തോടെ കെട്ടടങ്ങിയ ജീവിതമായിരുന്നെങ്കിൽ പ്രത്യാശയ്ക്കു വകയില്ലാതെ ജീവിക്കുമായിരുന്നു.
ദുഃഖശനിയുടെ നിരാശ കലർന്ന നിശബ്ദത ജീവിതത്തിലെ പല ഘട്ടങ്ങളിലും നമ്മൾ അനുഭവിക്കാറുണ്ട്.
എന്റെ പ്രാർത്ഥനയ്ക്കു ഉത്തരമില്ലേയെന്നു ദൈവത്തിൽപ്പോലും സന്ദേഹിക്കുന്ന നിമിഷങ്ങൾ.
“ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.”
യോഹന്നാൻ 12:24 .
ഉത്തരമില്ലാത്ത കാത്തിരിപ്പുകൾ ആനന്ദദായകമായ മഹിമ നൽകുമെന്നു പ്രതീക്ഷിക്കാം.
ഉയർത്തെഴുന്നേറ്റ നാഥന് കൈകാലുകളിൽ ആണിപ്പാടുകളുണ്ട്. ഹൃദയത്തിലേറ്റ മുറിവുണ്ട്.
ഇതൊന്നും മായിച്ചു കളഞ്ഞില്ല. എന്തിനായിരിക്കണം. സെന്റ്. തോമസിനെപ്പോലെ ഉയിർപ്പിനെക്കുറിച്ചു ആദ്യ കേൾവിയിൽ അവിശ്വാസിയായിരിക്കുന്നവർക്ക് താൻ ക്രിസ്തു തന്നെയാണെന്ന് തെളിവു കൊടുക്കാനാണോ ?
അങ്ങനെയാകാൻ വഴിയില്ല.
ലോകം നമുക്കു നൽകിയ മുറിവുകളും വേദനകളും മായാത്ത അടയാളമായി നമ്മിൽ നിലനിൽക്കുമ്പോഴും മഹിമയോടെ ഉയർത്തെഴുന്നേൽക്കാൻ കഴിയുമെന്ന ഉറപ്പു നൽകാനാണത് സൂക്ഷിച്ചിരിക്കുന്നത്.
നൊമ്പരങ്ങളനുഭവിച്ചതിന്റെ മായിക്കാനാവാത്ത ഓർമ്മച്ചിഹ്നങ്ങൾ.
നാഥന്റെ മുറിപ്പാടുകളിലേയ്ക്കവ വെച്ചു കൊടുത്താൽ നമ്മുടെ ക്ഷതങ്ങളും ഉണങ്ങും.
മുറിവുകളുള്ള ഹൃദയമെങ്കിലും നമുക്ക് പിടിച്ചു നിൽക്കാനാകും.
സൈമൺ പീറ്റർ എന്ന ശിഷ്യനെ സഭയെ നയിക്കാനുള്ള വലിയ ദൗത്യം ഏൽപ്പിക്കുന്നതിനു മുമ്പ് മരണകരമായ കുറ്റബോധത്തിൽ നിന്ന് മിശിഹാ വിടുതൽ നൽകുന്നുണ്ട്.
നേരം പുലരുംമുമ്പ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞ പീറ്ററിനോട് പുനരുത്ഥാനത്തിനു ശേഷം യേശുനാഥൻ ശിഷ്യർക്ക് പ്രത്യക്ഷപ്പെടുമ്പോൾ
“നീയെന്നെ സ്നേഹിക്കുന്നുണ്ടോ”
എന്നു മൂന്നുതവണ തന്നെ ചോദിക്കുകയും.
“അതെ കർത്താവേ ”
എന്നു മൂന്നു പ്രാവശ്യം മറുപടി പറയിപ്പിച്ച് കുറ്റബോധത്തിൽ നിന്നു വിടുതൽ നൽകുന്ന കാഴ്ച
ജോൺ 21.. 15 – 17 ൽ വായിക്കാൻ കഴിയും.
പള്ളികളിലെ അൾത്താരയിൽ ഈശോയുടെ ഉയിർപ്പു തിരുനാൾ അവതരിപ്പിക്കാറുണ്ട്.
കല്ലുരുണ്ടു മാറി കല്ലറ പൊട്ടിത്തുറന്ന് പൊന്നൊളിതൂകി നിൽക്കുന്ന യേശുദേവനെ നോക്കിയാൽ പീഡാസഹനത്തിന്റെ വേദനയല്ല ആ മുഖത്ത് .
യുഗാന്ത്യം വരെ ഞാൻ കൂടെയുണ്ടെന്ന ഉറപ്പു നൽകുന്ന ശാന്തഭാവം മാത്രം.
ഉയിർപ്പു രൂപം തൊട്ടു പ്രാർത്ഥിക്കാൻ ഭക്തജനത്തിരക്കേറും.
അൻപതു നോയമ്പിന്റെ പരിസമാപ്തിയാണ്. ഇഷ്ടഭക്ഷണമുപേക്ഷിച്ച്പ്രാർത്ഥനയും പരിത്യാഗവും പാവങ്ങളെ സഹായിക്കലുമൊക്കെ അതോടെ തീരുന്നില്ല.
എന്നാൽ വലിയൊരു ഫാസ്റ്റിനു ശേഷമുള്ള ഫീസ്റ്റാണ് വരുന്നത്.
അമ്മമാർക്ക് ഭക്ഷണമേശ വിഭവസമൃദ്ധമാക്കുന്നതിനുള്ള തിരക്കുമാത്രമല്ല ഈസ്റ്ററാഘോഷിക്കാൻ പറ്റാത്ത സാഹചര്യമുള്ള വീടകങ്ങളിൽ ഭക്ഷണം എത്തിക്കേണ്ടതുമുണ്ട്.
കുട്ടികൾക്ക് അവധിയാഘോഷകാലം .
മാംസഭക്ഷണം നിഷിദ്ധമായ അൻപതു ദിനങ്ങൾക്കു ശേഷം കറികൾ വേകുന്നത് ഗന്ധമാപിനികളിലൂടറിഞ്ഞ് കൊതിപിടിച്ചാലും വിളമ്പും വരെ പിടിച്ചു നിൽക്കും.
എന്നാൽ കഴിക്കാനാഗ്രഹിച്ചതെല്ലാം ഒരുമിച്ചു മുന്നിൽ കാണുമ്പോൾ വല്ലാത്ത ആലസ്യഭാവത്തോടെ കുറച്ചെ കഴിക്കാനാകു.
താറാവുകറിക്കും സ്റ്റുവിനും പോർക്കു വിന്താലുവിനുമൊക്കെ ആരാധകർ ഏറെയാണ്.
മിതഭക്ഷണത്തിന്റെ കാലമായപ്പോൾ കറികളുടെ എണ്ണത്തിൽ കുറവു വന്നു തുടങ്ങി.
ഭക്ഷണം വിളമ്പും മുമ്പേ വി. ബൈബിളിലെ പുനരുത്ഥാന വായന വീട്ടിൽ കുട്ടികൾ ഓരോരുത്തരായി വായിക്കും. നോമ്പു വീടലിനു മുമ്പാണത്.
അപ്പന്റെ പേർക്ക് ചെറിയൊരു പ്രഭാഷണവുമുണ്ട്.
അടുക്കളയിലെ ചൂടേറ്റ് ചുവന്ന മുഖത്തോടെ അമ്മ ഓരോരുത്തരുടെ അളവറിഞ്ഞ് വിളമ്പും.
കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമെന്നത് നിർബന്ധമാണ്.
പാതിരാകുർബാനയിൽ അഗ്നി, ജലം, തിരി വെഞ്ചരിപ്പുണ്ട്.
പള്ളിയിൽ നിന്നു പുത്തൻ വെളളമെന്നു വിളിക്കുന്ന വെഞ്ചരിച്ച വെള്ളം കുപ്പിയിൽ ശേഖരിച്ച് കൊണ്ടുവരും.
ഒരു വർഷത്തേയ്ക്കത് പലപല ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഹോളി വാട്ടറിന് ശക്തിയുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു.
പള്ളിയിൽ വെച്ച് പ്രാർത്ഥനയ്ക്കിടയിൽ
“മിശിഹാ ഉയർത്തെഴുന്നേറ്റു” എന്ന് പുരോഹിതൻ പറയുമ്പോൾ
“സത്യമായും ഉയർത്തെഴുന്നേറ്റു” എന്ന് വിശ്വാസികൾ പ്രതിവചിക്കുന്നു. അതിൽ
ആനന്ദദായകമായ നിർവൃതിയുണ്ട്.
കുട്ടിക്കാലത്തു ലഭിച്ച വിശ്വാസതീക്ഷണത നിലനിർത്താനുള്ള പ്രേരണ നൽകുന്ന പ്രാർത്ഥനകൾ ഉള്ളിലൊതുക്കി ഉച്ചത്തിൽ നാവും മനവും ഉദ്ഘോഷിക്കുന്നു.
ഹല്ലേലൂയ ഹല്ലേലൂയ മരണത്ത ജയിച്ചവനെ ആരാധന..




Praise the Lord 🙏 വളരെ ഹൃദയമായ ഒരു ഈസ്റ്റർ വായന
നന്ദി. ഈസ്റ്ററിന്റെ എല്ലാ പ്രത്യാശയും നന്മയും നേരുന്നു
എന്നും നന്മകളുടെ ഉയിർപ്പ് പെരുന്നാളുകൾ ഉണ്ടാകട്ടെ.ലോകം ദൈവവഴിയിലൂടെ ലോകം ചരിയ്ക്കുന്ന ദിനങ്ങൾ പുലരട്ടെ, അറിവുകളുടെ നല്ലെഴുത്തിന് ആശംസകൾ…❤️🙏
പ്രിയപ്പെട്ട എല്ലാവർക്കും പ്രാർത്ഥനാശംസകൾ….
ഈസ്റ്റർ ആശംസകൾ
thank you
ഈസ്റ്റർ ആശംസ.
പുതിയ അറിവുകൾ പകർന്നു തന്ന ഭക്തിനിർഭരമായ ലേഖനത്തിന് അഭിനന്ദനങ്ങൾ..
thank you
Happy Easter
thank you
Happy Easter🙏
യേശുനാഥൻ പുനരുത്ഥാനം ചെയ്ത, മരണത്തിനപ്പുറവും ഒരു ജീവിത മുണ്ടെന്ന വിശ്വാസത്തിന്റെ, യുഗാന്ത്യം വരെ ഞാൻ കുടെയുണ്ടെന്ന് ഉറപ്പ് നൽകുന്ന പ്രത്യാശയുടെ പ്രകാശം പരത്തുന്ന ഉയർപ്പ് ഞായറിനെ കുറിച്ചുള്ള സന്ദേശം അതി മനോഹരമായി എഴുതി അഭിനന്ദനങ്ങൾ റോമി ബെന്നിക്ക്. എല്ലാവർക്കും ഈസ്റ്റർ ദിനാംശസകൾ…..❤️
Thank you.
Happy Easter
God bless
,ഒത്തിരി അർത്ഥവത്തായ സന്ദേശം കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാൻ സാധിച്ചു . Thank you so much 🙏 എന്റെ Daddy, Mummy അനിയത്തിമാർ ഇവരോടൊന്നിച്ചുള്ള നോമ്പുകാലം ഓർമ്മ വന്നു ഈ സന്ദേശം അയച്ചു തന്നതിനു ഒരുപാടു നന്ദി🙏.🙏❤️ Easter ദിനത്തിൽ പങ്ക വെച്ച നല്ലൊരു വായന Happy Easter❤️❤️❤️🙏
ഒത്തിരി നന്ദി. ഈസ്റ്റർ പ്രത്യാശയോടൊപ്പം ഓർമകൾക്കും പുനരുത്ഥാനം നൽകുന്നു. അതൊന്നും മറന്നു കളയാത്തതാണ് നമ്മുടെ നിലനിൽപ്പ്.
ഉത്ഥിതന്റെഎല്ലാ അനുഗ്രഹങ്ങളും നമുക്ക് ലഭിക്കട്ടെ.
പ്രത്യാശയുടെ പ്രതീക്ഷയായ ഈസ്റ്ററിനായി, നമ്മെ ഉണർത്താൻ നൽകിയ റോമി ടീച്ചറിന്റെ സന്ദേശത്തിന് ആശംസകൾ…. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ…
Thank you Rani teacher.
സന്ദേശത്തിനു നൽകിയ comment പ്രത്യാശ എന്നിലും ഉണർന്നുന്നു.
Happy Easter
ഈസ്റ്റർ ഓർമ്മകൾക്ക് നിറച്ചാർത്തും കൂടുതൽ മിഴിവും പകർന്നു തന്നതിന് ഒരുപാട് സ്നേഹം
ഓരോ ഉയിർത്തെഴുന്നേൽപ്പിനും സഹനത്തിന്റെ നീണ്ട നോവോർമ്മകൾ ഉണ്ടാകും.
ഹൃദയം തൊട്ട ഈസ്റ്റർ ആശംസകൾ.❤️❤️
Thank you Sajeev Sir
സഹനം വരുമ്പോൾ എന്തോ നല്ലതു നമ്മെ കാത്തിരിക്കുന്നു എന്ന പ്രത്യാശയെ ഈസ്റ്ററാഘോഷത്തെ കൂടുതൽ സന്തോഷപ്രദമാക്കുന്നു
വായനയ്ക്കും Comment നും നന്ദി